ബാഗെടുത്തോ, കുട മറക്കല്ലേ...കളിക്കാൻ ടർഫും ഗെയിമുകളും കാത്തിരിപ്പുണ്ട്

പാലക്കാട്: വേനൽക്കാലത്തെ അവധിയാഘോഷങ്ങൾ കഴിഞ്ഞ് കുട്ടികൾ തിങ്കളാഴ്ച സ്കൂളിലേക്ക് പോവുകയാണ്. ഉയർന്ന ക്ലാസിലേക്ക് മാറിയതിന്റെ ആകാംക്ഷയിലാണ് പല കുട്ടികളും. അവരുടെ കൈപിടിച്ച് കൊച്ചുസഹോദരങ്ങളും ആദ്യമായി സ്കൂൾവരാന്തകളിൽ കാലെടുത്തുവെക്കുകയാണ്.
നവാഗതരെ കാത്ത് പല സ്കൂളുകളും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. സ്കൂൾപ്രവേശനം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളധികൃതർ നവാഗതരെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. കുട്ടികളെ കൈകൊടുത്ത് സ്വീകരിക്കാൻ കാത്തുനിൽക്കുന്ന എഐ റോബോട്ടുവരെയുള്ള കൗതുകക്കാഴ്ചകളാണ് ഇത്തവണ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടുന്നത്. കുട്ടികളിൽ വായനശീലം വളർത്താൻ ഗ്രന്ഥശാലകളും കളിക്കാൻ ടർഫും ബുദ്ധിവികാസത്തിന് ഗെയിമുകളുമെല്ലാം സ്കൂളിൽ സജ്ജമാക്കുന്ന അവസാനഘട്ട ജോലികളും ഞായറാഴ്ചയോടെ പൂർത്തിയായി. സ്കൂളിന്റെ ഓരോഭാഗവും വൃത്തിയോടെ മോടിപിടിപ്പിച്ച് ശുചിത്വം കാത്തുസൂക്ഷിക്കണമെന്ന സന്ദേശവും നൽകുന്നുണ്ട് അധ്യാപകർ.
തിങ്കളാഴ്ച ഉച്ചവരെയായിരിക്കും ഒന്നാംക്ലാസുകാർക്ക് പ്രവൃത്തിസമയം. കഥപറഞ്ഞും കവിതചൊല്ലിയും കളിച്ചും രസിച്ചും ഇനി പഠനം തുടരും.
ലഹരി വേണ്ടാ... രണ്ടാഴ്ച പ്രത്യേകം ക്ലാസുകൾ
സ്കൂളുകളിൽ ആദ്യരണ്ടാഴ്ച ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകളായിരിക്കും നടത്തുക. ഇതിനായി അവധിക്കാലത്ത് അധ്യാപകർക്ക് പ്രത്യേകപരിശീലനം നൽകിയിരുന്നു. വനിതാ-ശിശുവികസന വകുപ്പ്, വനംവകുപ്പ്, പോലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു ക്ലാസുകൾ.
Content Highlights: Palakkad schools welcome students with AI robots, libraries, and two weeks of anti-drug classes.