പനീർ റോൾ/ലഞ്ച് ബോക്‌സ് ഒരുക്കാം വെറൈറ്റിയായി

#അഫ്‌സാന ബായ്
പനീർ റോൾ
പനീർ റോൾ

ലഞ്ച് ബോക്‌സ് തുറക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് സന്തോഷം തരുന്ന ഭക്ഷണമാണെങ്കില്‍ അത് തീരുന്ന വഴി കാണില്ല. നാവില്‍ രുചി മേളം തീര്‍ക്കുന്ന പനീർ റോൾ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ചേരുവകള്‍

ചപ്പാത്തിക്ക് ആവശ്യമായവ:

  1. ഗോതമ്പ് പൊടി - 2 കപ്പ്
  2. ഉപ്പ് - പാകത്തിന്

ചേരുവകൾ പാകത്തിന് വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴച്ച് വെക്കുക.
10 മിനുട്ട് വച്ച ശേഷം ചെറിയ ഉരുളകളാക്കി പരത്തി ചുട്ടെടുക്കുക.

  1. പനീർ - 100 ഗ്രാം
  2. സവാള - 1
  3. ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
  4. വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
  5. പച്ചമുളക് - 1 
  6. കുരുമുളക് പൊടി - 1/4 ടീസ്പൂൺ
  7. ജീരകം പൊടിച്ചത് - ഒരു നുള്ള്
  8. ഗരം മസാല - 1/4 ടീസ്പൂൺ
  9. ടൊമാറ്റോ കെച്ചപ്പ് - 2 ടീസ്പൂൺ
  10. മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  11. ഉപ്പ് - പാകത്തിന്
  12. വെണ്ണ - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി വെണ്ണയൊഴിച്ചു അതിലേക്ക് ചെറുതാക്കി നീളത്തിൽ മുറിച്ച പനീർ കഷണങ്ങൾ നിരത്തി കൊടുക്കുക. 
ഒരു വശം മൊരിഞ്ഞു വന്നാൽ മറുവശവും മൊരിച്ച് മാറ്റി വെക്കുക.
അതേ പാനിൽ തന്നെ അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
(ചുവന്നു പോകരുത്)
വഴന്നു വരുമ്പോൾ അതിലേക്ക് മസാല പൊടികൾ ഓരോന്നായി ചേർത്ത് മൂപ്പിക്കുക. 
അതിലേക്ക് ടൊമാറ്റോ കെച്ചപ്പ് കൂടെ ചേർത്ത ശേഷം പനീർ കഷണങ്ങൾ ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
കഷണങ്ങളിൽ മസാല പുരണ്ട് വരുമ്പോൾ അരിഞ്ഞ മല്ലിയില കൂടെ ചേർത്ത് അടുപ്പിൽ നിന്നും മാറ്റുക.

(ഓരോ ചപ്പാത്തി എടുത്ത് അതിലേക്ക് പനീർ കൂട്ട് വച്ച് ചുരുട്ടി എടുക്കാം.
ആവശ്യമെങ്കിൽ അൽപം മയോനൈസ് കൂടെ ചേർക്കാവുന്നതാണ്)

Content Highlights: Paneer role recipe Praveshanolsavam 2024