നിലപാടുകളുടെ പാപ്പ; ഉത്പതിഷ്ണുവായ വലിയ ഇടയന്‍

ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ

ത്മീയമായ ഔന്നത്യത്തില്‍, മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പംനില്‍ക്കുമ്പോള്‍തന്നെ പരിഷ്‌കരണങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക, പല കാരണങ്ങളാല്‍ അരികുവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുക... ഫ്രാന്‍സിസ് മാര്‍പാപ്പ- ദ പീപ്പിള്‍സ് പോപ്പ് എന്ന നിലയ്ക്ക് വാഴ്ത്തപ്പെടുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുകൂടിയാണ്. 2013-ലാണ് പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തുകൊണ്ട് ടൈം മാസിക, ജനങ്ങളുടെ പോപ്പ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ വിശേഷിപ്പിച്ചത്. സഭയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടുതന്നെ അതിലേക്ക് പരിഷ്‌കരണത്തിന്റെ പാത വെട്ടിത്തെളിക്കാനുള്ള നിരവധി ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പലായനം ചെയ്യുന്നവര്‍ക്കും ലൈംഗികന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി സംസാരിച്ച, പ്രകൃതി ചൂഷണം ചെയ്യപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍ഗാമികളില്‍നിന്ന് ഏറെ വ്യത്യസ്തനായിരുന്നു. സഭ കണ്ട ഉത്പതിഷ്ണുവായ വലിയ ഇടയന്‍ എന്ന വിശേഷണം അദ്ദേഹത്തിന് എന്തുകൊണ്ടും അന്വർഥമാണ്.

ഉള്‍ക്കൊള്ളലും ചേര്‍ത്തുനിര്‍ത്തലും

ലൈംഗിക ന്യൂനപക്ഷങ്ങളായ എല്‍.ജി.ബി.ടി.ക്യു. വിഭാഗത്തില്‍പ്പെട്ട വ്യക്തികളെ ചേര്‍ത്തുപിടിക്കാനുള്ള തീരുമാനം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും വിപ്ലവാത്മകമായ നീക്കമായാണ് പലരും വിലയിരുത്തുന്നത്. സ്വവര്‍ഗ ലൈംഗികത പാപമാണെന്ന സഭയുടെ നിലപാടിനെ മുറിച്ചുകടക്കാതെ തന്നെ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമായി കണക്കാക്കുന്ന നിയമങ്ങള്‍ അനീതികരമാണെന്ന് വിമര്‍ശിക്കാനും അദ്ദേഹം മുതിര്‍ന്നു. സ്വവര്‍ഗാനുരാഗിയാകുന്നത് ഒരു കുറ്റമല്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.പിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈശ്വരന്‍, അദ്ദേഹത്തിന്റെ മക്കളെ അവര്‍ എങ്ങനെയാണോ അങ്ങനെതന്നെ സ്നേഹിക്കുമെന്നും എല്‍.ജി.ബി.ടി.ക്യു. വ്യക്തികള്‍ക്കു നേരെ വിവേചനപൂര്‍ണമായ സമീപനം സ്വീകരിക്കുന്ന ബിഷപ്പുമാര്‍ അവരെ കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.

സ്വവര്‍ഗാനുരാഗികള്‍ നിയമത്തിന്റെ പരിരക്ഷയിലാകണം. ഞാന്‍ അതിനുവേണ്ടി നിലകൊള്ളുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതേസമയം തന്നെ വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മില്‍ നടക്കുന്നത് മാത്രമാണെന്നും സ്വവര്‍ഗ വിവാഹങ്ങളെ സിവില്‍ യൂണിയന്‍ എന്നേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അരികുവത്കരിക്കപ്പെട്ട, ചിലയിടത്തെങ്കിലും കുറ്റവാളികളെന്ന് മുദ്രചാര്‍ത്തപ്പെടുന്ന ലൈംഗികന്യൂനപക്ഷങ്ങളോടുള്ള ഏറ്റവും കരുണനിറഞ്ഞ സമീപനമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചത്. സഭാവിശ്വാസം പ്രകാരം വിവാഹമോചനം തെറ്റാണ്. എന്നിരുന്നാലും വിവാഹമോചിതരായവരെയും  പുനര്‍ വിവാഹിതരായവരെയും ഉള്‍ക്കൊള്ളേണ്ടുതുണ്ടെന്ന് ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.

'ഭൂമിക്ക് പനിയുണ്ട്'

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിലകൊള്ളാനും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സാധിച്ചു. ഭൂമിയുടെ താപനില പരിശോധിക്കുകയാണെങ്കില്‍, ഭൂമിക്ക് പനിയുണ്ടെന്നാകും അത് നമ്മോടു പറയുക. അതിന് അസുഖമാണെന്നും- എന്നായിരുന്നു 2024-ല്‍ തെക്കുകിഴക്കന്‍ ഏഷ്യ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത്. വ്യക്തിപരവും സാമൂഹികവുമായ ശീലങ്ങളില്‍ വ്യത്യാസം വരുത്തി പരിസ്ഥിതിസംരക്ഷണത്തില്‍ പ്രതിജ്ഞാബദ്ധരായിത്തീരണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സമുദ്രനിരപ്പ് ഉയരല്‍, ഉഷ്ണതരംഗം അങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനപ്പട്ടികയിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ യാത്രയ്ക്ക് മുന്നോടിയായി മാര്‍പാപ്പ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥവ്യതിയാനത്തെ പ്രതിരോധിക്കാന്‍ ആവശ്യമാണെന്നും അദ്ദേഹം കരുതിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കൂടുതലായും ബാധിക്കുക പാവപ്പെട്ടവരെയാണെന്നും പ്രകൃതികോപങ്ങളെ തുടര്‍ന്ന് സ്വന്തംവീടുകള്‍ ഉപേക്ഷിച്ചു പോകേണ്ടിവരിക അവര്‍ക്കായിരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അറിയാമായിരുന്നു.

പലായനം ചെയ്യുന്നവരോട് മാനുഷിക സമീപനം

സ്വന്തംനാട് വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നവരോട്- അഭയാര്‍ഥികളോട് മാനുഷിക സമീപനം സ്വീകരിക്കണമെന്ന വാദക്കാരനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലേക്കുള്ള പലായനങ്ങളോട് അനുഭാവപൂര്‍വമായ സമീപനമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. മെഡിറ്ററേനിയന്‍ കടലിലൂടെ കുടിയേറ്റക്കാരുമായെത്തുന്ന കപ്പലുകള്‍ക്ക് സഹായം ലഭ്യമാക്കാതിരിക്കുന്നതും അവരെ മനഃപൂര്‍വം നിരാകരിക്കുന്നതും കൊടിയപാപമാണ് എന്നായിരുന്നു മാര്‍പാപയുടെ നിലപാട്. ഈയടുത്ത്, അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തുന്നവരെ തിരിച്ചയക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനോടും അദ്ദേഹം പ്രതികരിച്ചിരുന്നു. നിര്‍ബന്ധിത നാടുകടത്തലിന് വിധേയരാകുന്നവരുടെ അന്തസ്സ് അപഹരിക്കപ്പെടുമെന്നും നടപടിക്ക് മോശം പര്യവസാനമായിരിക്കും ഉണ്ടാവുക എന്നുമായിരുന്നു മാര്‍പാപ്പ പറഞ്ഞത്. യു.എസിലെ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2016-ല്‍ പെസഹാവ്യഴ ചടങ്ങുകളുടെ ഭാഗമായി എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടെ 12 അഭയാര്‍ഥികളുടെ കാല്‍കഴുകി അദ്ദേഹം ചുംബിച്ചു. ഹിന്ദുക്കളും മുസ്ലിങ്ങളും കത്തോലിക്കരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. റോമിന് വടക്ക് കാസ്റ്റല്‍ന്യൂവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ഥി ക്യാമ്പില്‍വെച്ചായിരുന്നു ഇത്.

വധശിക്ഷയ്‌ക്കെതിരേ ഉറച്ച നിലപാട്

വധശിക്ഷയെ പൂര്‍ണമായും എതിര്‍ത്തുകൊണ്ടുള്ള നിലപാടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടായിരുന്നത്. ചില സാഹചര്യങ്ങളില്‍ വധശിക്ഷ അനുവദനീയമാണെന്ന സഭയുടെ നിലപാടിനാണ് ഇതോടെ മാറ്റംവന്നത്. വ്യക്തിയുടെ അലംഘനീയമായ അവകാശത്തിനും അന്തസ്സിനും നേര്‍ക്കുള്ള ആക്രമണം ആകയാല്‍ വധശിക്ഷയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലേക്ക് സഭ എത്തി. വധശിക്ഷ പ്രോത്സാഹിപ്പിക്കുന്നത് പ്രതികാരത്തിന്റെ ഭീകരമായ മനോഭാവത്തെയാണെന്നും അത് ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ക്ക് പരിവര്‍ത്തിതരാകാനുള്ള അവസരം നിഷേധിക്കലാണെന്നുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നത്. നിരപരാധികള്‍ക്കു നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങള്‍ക്കുള്ള പരിഹാരമല്ല ഒരുനിലയ്ക്കും വധശിക്ഷ. വധശിക്ഷകള്‍, നീതി നടപ്പാക്കല്‍ സാധ്യമാക്കുകയല്ല മറിച്ച് പ്രതികാരത്തിനുള്ള ഒരുതരം ഇന്ധനമായി മാറുകയും അത് പൗരസമൂഹത്തിന്റെ ശരീരത്തെ ഗ്രസിക്കുന്ന മാരകവിഷമായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്നും ഡെയ്ല്‍ റെസിനല്ല രചിച്ച എ ക്രിസ്റ്റ്യന്‍ ഓണ്‍ ഡെത്ത് റോ എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ മാര്‍പാപ്പ പറയുന്നുണ്ട്. സര്‍ക്കാരുകള്‍ ചെയ്യേണ്ടത്, അക്രമത്തിന്റെ ചാക്രികത തുടരുന്നതിന് പകരം തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരങ്ങള്‍ നല്‍കുകയാണ്. അല്ലാതെ ജീവിക്കാന്‍ യോഗ്യതയില്ലാത്തവരെന്നും അതിനാല്‍ ഇല്ലാതാക്കിക്കളയാം വിലയിരുത്തി അവരുടെ വധശിക്ഷ നടപ്പാക്കാന്‍ പണവും മറ്റ് വിഭവങ്ങളും ചെലവഴിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ആ പുസ്തകത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

'മഹാവിസ്‌ഫോടന സിദ്ധാന്തം വിശ്വാസത്തിന് എതിരല്ല'

പ്രപഞ്ചത്തിന്റെ ഉത്പത്തിയെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗത നിലപാടുകളെ തള്ളാനും ഫ്രാന്‍സിസ് മാര്‍പാപ്പ ധൈര്യം കാണിച്ചു. 2014-ല്‍ ആയിരുന്നു ഇത്. മഹാവിസ്‌ഫോടന സിദ്ധാന്തം ക്രിസ്തീയവിശ്വാസത്തിന് എതിരല്ലെന്ന് നിലപാട് സ്വീകരിച്ച അദ്ദേഹം പ്രപഞ്ചോത്പത്തിയെ കുറിച്ച് ഉത്പത്തി പുസ്തകത്തിലെ വ്യാഖ്യാനങ്ങളെ നിരാകരിക്കുകയും ചെയ്തു. മഹാവിസ്‌ഫോടന സിദ്ധാന്തം വിശ്വാസത്തിന് എതിരല്ല. അത് പ്രപഞ്ചോത്പത്തിയെ കുറിച്ച് വിശദീകരിക്കുന്ന മാതൃക മാത്രമാണ്. ഏകസ്രഷ്ടാവ് എന്ന സങ്കല്‍പത്തെ മഹാവിസ്‌ഫോടന സിദ്ധാന്തം തള്ളുന്നില്ല. അതുകൊണ്ടുതന്നെ സഭയുടെ നിലപാടും ഈ സിദ്ധാന്തവും തമ്മില്‍ വൈരുദ്ധ്യമില്ല. ദൈവം മാന്ത്രികനാണെന്നും മാന്ത്രികവടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ചെന്ന വിധത്തിലുമുള്ള ഉത്പത്തിയുടെ പുസ്തകത്തിലെ വ്യാഖ്യാനം ശരിയല്ലെന്നും മാര്‍പാപ പറഞ്ഞു. പ്രപഞ്ചം ഈ വിധത്തിലായത് ആറോ ഏഴോ ദിവസം കൊണ്ടല്ല. കോടാനുകോടി വര്‍ഷത്തെ പരിണാമപ്രക്രിയയിലൂടെയാണ് അത് സംഭവിച്ചത്. ജീവജാലങ്ങളെ സൃഷ്ടിച്ചതെങ്കിലും അവ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വയംവളരുകയായിരുന്നെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.

ചരിത്രമായ ഗൾഫ് സന്ദർശനം

ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പ നടത്തിയ ഗള്‍ഫ് സന്ദര്‍ശനം- 2019 ഫെബ്രുവരി മൂന്നാം തീയതി മുതല്‍ അഞ്ചാം തീയതിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എ.ഇയിലേക്ക് നടത്തിയ സന്ദര്‍ശനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. അബുദാബി (എമിറേറ്റ്) കിരീടാവകാശിയും യു.എ.ഇ. ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും യു.എ.ഇയിലെ കത്തോലിക്കാ വിശ്വാസികളുടേയും ക്ഷണപ്രകാരമായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്‌ക് സന്ദര്‍ശിച്ച മാര്‍പാപ, മാനവസാഹോദര്യ സമ്മേളനത്തിലും പങ്കെടുത്തു. ഷെയ്ഖ് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ ഇരുന്നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള വിശ്വാസികളാണ് അന്ന് പങ്കെടുത്തത്. ഐക്യ അറബ് എമിറേറ്റുകളും വത്തിക്കാനുമായുള്ള നയതന്ത്ര സൗഹൃദബന്ധത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു മാര്‍പാപയുടെ സന്ദര്‍ശനം.

'ഒരു യുദ്ധവും നീതികരിക്കാനാവില്ല'

ഒരു യുദ്ധത്തെയും നീതികരിക്കാനാകില്ലെന്ന നിലപാടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടായിരുന്നത്. രോഗഗ്രസ്തനായി, ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇത് വ്യക്തമായിരുന്നു. യുദ്ധത്തിന്റെ മൂന്നാംവാര്‍ഷികത്തെ മനുഷ്യരാശിക്കാകെ വേദനാജനകവും ലജ്ജാപൂര്‍ണവുമായ വേളയെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. രക്തസാക്ഷിത്വം വരിച്ച യുക്രൈന്‍ ജനതയ്‌ക്കൊപ്പമാണെന്ന തന്റെ നിലപാട് ആവര്‍ത്തിക്കുന്നതായും അദ്ദേഹം പറയുന്നു. സായുധസംഘര്‍ഷങ്ങളുടെ ഇരകളെ ഓര്‍മിക്കാനും പലസ്തീനിലും ഇസ്രയേലിലും മിഡില്‍ ഈസ്റ്റിലാകെയും മ്യാന്‍മറിലും കിവുവിലും സുഡാനിലും സമാധാനമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കാനും പ്രസ്താവനയില്‍ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ഇരുമ്പുമുഷ്ടിയുടെ കരുത്തുവേണമെന്നും വിപ്ലവങ്ങള്‍ക്ക് തിരിയിടാന്‍ ചോരചിന്തണമെന്നും പറയാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ, ആര്‍ദ്രമായൊരു മനസ്സും അനേകായിരങ്ങളെ ചേര്‍ത്തുപിടിക്കാന്‍ വിസ്തൃതമായ കരങ്ങളുംകൊണ്ട് പരിവര്‍ത്തനപ്രക്രിയയ്ക്ക് തുടക്കമിടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കഴിഞ്ഞു. അതാണ് ആ ജീവിതത്തിന്റെ മഹത്വവും.

Content Highlights: Pope Francis Passes Away at 88