ബെനഡിക്ടും ഫ്രാൻസിസും; രണ്ട് പാപ്പമാര്‍, രണ്ട് ജീവിതങ്ങള്‍

'ഫ്രാന്‍സിസ് വീണ്ടും വന്നു ' എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡി.ബാബുപോള്‍ ഫ്രാന്‍സിസ് മാര്‍പ്പയുടെ സ്ഥാനലബ്ധിയെ വലിയ ഒരു തുടര്‍ച്ചയായാണ് വിലയിരുത്തുന്നത്. 'നല്ല പാപ്പ '( ദ ഗുഡ് പോപ്) എന്നറിയപ്പെട്ടിരുന്ന ജോണ്‍ 23-ാമന്‍ മാര്‍പാപ്പയില്‍ തുടങ്ങി പോള്‍ ആറാമനിലൂടെ രണ്ട് ജോണ്‍ പോള്‍മാരും കടന്ന് ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റത് ദൈവനിവേശിധമായ ഒരു പദ്ധതിയായി കാര്യകാരണ സഹിതം അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലം ചെയ്ത ശേഷം നടന്ന കോണ്‍ക്ലേവില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് ഹോര്‍ഗെ ബെര്‍ഗോളിയോ എന്ന് അന്നറിയപ്പെട്ടിരുന്ന അര്‍ജന്റീനക്കാരന്‍ കര്‍ദിനാളാണ്. ഇനി ഒരിക്കല്‍ക്കൂടി പാപ്പാ സ്ഥാനത്തിനില്ല എന്ന് ഉറച്ചു നിശ്ചയിച്ചിരുന്ന കര്‍ദിനാള്‍ ബര്‍ഗോളിയോ ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തതിനുശേഷം മാര്‍പാപ്പയായി തിരഞ്ഞടുക്കപ്പെട്ടു എന്നത് വിചിത്രമായി തോന്നാമെങ്കിലും അതില്‍ ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടിരുന്നുവെന്നു വ്യക്തം.
സ്ഥാനത്യാഗം ചെയ്ത ഒരു മാര്‍പാപ്പയും തിരഞ്ഞെടുക്കപ്പെട്ട ഒരു മാര്‍പാപ്പയും ഒരേ കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ അത് എങ്ങനെയാകും എന്നുള്ള ഉത്കണ്ഠകളൊക്കെ അന്ന് പലരും പങ്കുവെച്ചിരുന്നു. 2019-ല്‍ നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ 'ദ ടു പോപ്സ്' എന്ന സിനിമ ബെനഡിക്ടിന്റെയും ഫ്രാന്‍സിസിന്റെയും വ്യക്തിത്വങ്ങളെയും അവരുടെ ജീവിതത്തെയും അനാവരണം ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളും അതിലധികം ഭാവനയുമാണ് സിനിമയിലുള്ളത്. പക്ഷേ വിശ്വാസിയും അവിശ്വാസിയും ചരിത്രാന്വേഷകരുമൊക്കെ ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം സിനിമയിലുണ്ട്. വളരെ വ്യത്യസ്തരായ രണ്ട് വ്യക്തികളാണെങ്കിലും സഭയെ നയിക്കുമ്പോഴും ലോകത്തിന് മാതൃകയായി നില്‍ക്കുമ്പോഴും അവരുടെ നിലപാടുകളോടും കാഴ്ചപ്പാടുകളോടും നൂറു ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തിയ രണ്ട് വ്യക്തിത്വങ്ങള്‍. അവരെ വ്യക്തമായി മനസിലാക്കാന്‍ ഈ സിനിമ സഹായിക്കും.
Content Highlights: Explore the story of Popes Benedict and Francis, their contrasting personalities, and the Netflix fi