നിയന്ത്രണരേഖയ്ക്ക് സമീപം ശക്തമായ പാക് ഷെല്ലിങ്; രണ്ട് മരണം, ബങ്കറുകളിലേക്ക് മാറി ജനങ്ങൾ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: പാകിസ്താനിലെ ഒമ്പത് കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഷെല്ലിങ് തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ഷെല്ലിങ്ങില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തെ ജനവാസ മേഖലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഗ്രാമം വിട്ടുപോവാനും ബങ്കറുകളിലേക്ക് മാറാനും നിര്‍ബന്ധിതരായി. 

ഉറിയിലെ ടങ്ധര്‍, ബാരാമുള്ള, കുപ്വാര മേഖലകളില്‍ അടുത്തകാലത്തെങ്ങുമില്ലാത്ത വിധം ഷെല്ലിങ് നടക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനാല്‍ ബങ്കറുകളിലേക്ക് താമസം മാറിയതായി പ്രദേശവാസി പറഞ്ഞു. കുറഞ്ഞത് അഞ്ച് വീടുകളെങ്കിലും തകര്‍ന്നുവെന്നും ഷെല്‍ വീണ് അയല്‍വീടുകള്‍ക്ക് തീപിടിച്ചുവെന്നും തങ്ധര്‍ പ്രദേശവാസി പറഞ്ഞു. 

ഇന്ത്യയുടെ സൈനിക നടപടിക്ക് ശേഷമാണ് ഷെല്ലിങ് രൂക്ഷമായത്. ആദ്യം അതിര്‍ത്തി മേഖലകളിലായിരുന്നു ഷെല്ലിങ് നടന്നത്. പിന്നീട് ഉറി ടൗണിന് സമീപത്തുവരെ ഷെല്ലുകള്‍ പതിച്ചതായി ഉറി പ്രദേശവാസികള്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാവാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷിതമായ മേഖലകളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന ഷെല്ലിങ്ങില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlights: shelling escalates along India-Pakistan border