'കനത്ത പ്രഹരമേറ്റതോടെ പാക് സൈന്യം ഇങ്ങോട്ട് ബന്ധപ്പെട്ടു'; വെടിനിർത്തൽ സാഹചര്യം വിശദീകരിച്ച് മോദി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന് കൃത്യമായ മുന്നറിയിപ്പും താക്കീതും നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദി പാകിസ്താന് ശക്തവും വ്യക്തവുമായ മുന്നറിയിപ്പ് നല്‍കിയത്. ഒപ്പം ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് അവകാശവാദമുന്നയിക്കുന്ന അമേരിക്കയ്ക്കും മോദി പരോക്ഷമായി മറുപടി നല്‍കി.
പാകിസ്താനുമായി ഇനി ചര്‍ച്ചകളുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നാണ് തിങ്കളാഴ്ച നരേന്ദ്രമോദി വ്യക്തമാക്കിയത്. ഭീകരവാദവും ചര്‍ച്ചകളും ഒരുമിച്ച് പോകില്ല. ഭീകരവാദവും വ്യാപാരവും ഒരുമിച്ച് നടക്കില്ല. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും മോദി വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറിലേറെ ഭീകരരെ വധിച്ചു. പാകിസ്താന്‍ അതിന്റെ ഞെട്ടലിലാണ്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചു. നമ്മുടെ ഗുരുദ്വാരകളും സ്‌കൂളുകളും സാധാരണക്കാരുടെ വീടുകളും സൈനികകേന്ദ്രങ്ങളും അവര്‍ ലക്ഷ്യമിട്ടു. അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ അവര്‍ പദ്ധതിയിട്ടു. പക്ഷേ, പാകിസ്താന്റെ നെഞ്ചില്‍ തന്നെ ഇന്ത്യ ആക്രമിച്ചു. നമ്മുടെ സേനകള്‍ കൃത്യമായി അവരുടെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇന്ത്യ ഇത്തരമൊരു നടപടി സ്വീകരിക്കുമെന്ന് ഭീകരര്‍ സ്വപ്‌നത്തില്‍പോലും വിചാരിച്ചിട്ടുണ്ടാകില്ല. ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമല്ല, അവരുടെ മനോവീര്യത്തെ കൂടിയാണ് തകര്‍ത്തത്. നമ്മുടെ സേനയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ ധീരസൈനികര്‍ അവരുടെ വീര്യം പ്രകടിപ്പിക്കുകയും വിജയിക്കുകയുംചെയ്തു. ഇന്ത്യ എല്ലായ്‌പ്പോഴും ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാനും ധീരമായ തീരുമാനങ്ങളെടുക്കാനും തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ തിരിച്ചടിക്കുമെന്നത് 'ന്യൂനോര്‍മല്‍' ആണ്. ആണവഭീഷണി വിലപ്പോകില്ല. ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും ആരായാലും എവിടെയായാലും വ്യത്യാസമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്താന്‍ രക്ഷപ്പെടാനായി പരക്കംപായുകയായിരുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ ഇടപെട്ടത് അമേരിക്കയാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരോക്ഷമായി മറുപടി നല്‍കി. പാകിസ്താന്‍ സൈന്യം ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെടുകയും കൂടുതല്‍ സൈനികനടപടിയുണ്ടാകില്ലെന്ന് പറയുകയുംചെയ്തതോടെയാണ് വെടിനിര്‍ത്തല്‍ പരിഗണിച്ചതെന്നായിരുന്നു മോദി വ്യക്തമാക്കിയത്.
''ഇന്ത്യയുടെ കടുത്ത നടപടിക്ക് പിന്നാലെ പാകിസ്താന്‍ രക്ഷപ്പെടാനുള്ള വഴികള്‍ തേടാന്‍ തുടങ്ങി. കനത്തപ്രഹരമേറ്റതോടെ സംഘര്‍ഷം കുറയ്ക്കണമെന്ന് പാകിസ്താന്‍ ലോകത്തോട് അഭ്യര്‍ഥിക്കുകയായിരുന്നു. കനത്ത പ്രഹരമേറ്റതോടെ പാകിസ്താന്‍ സൈന്യം മെയ് പത്താം തീയതി ഉച്ചയ്ക്കുശേഷം നമ്മുടെ ഡിജിഎംഒയെ ബന്ധപ്പെട്ടു. അപ്പോഴേക്കും ഭീകരരുടെ കേന്ദ്രങ്ങള്‍ വലിയതോതില്‍ തകര്‍ക്കുകയും ഒട്ടറെ ഭീകരരെ വധിക്കുകയുംചെയ്തിരുന്നു. അതിനാല്‍ കൂടുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സൈനികനടപടികള്‍ക്കും ധൈര്യം കാണിക്കില്ലെന്ന് പാകിസ്താന്‍ പറഞ്ഞപ്പോള്‍ ഇന്ത്യയും അത് പരിഗണിച്ചു'', മോദി വിശദീകരിച്ചു.
Content Highlights: PM Modi issued a strong warning to Pakistan following Operation Sindoor