ആണവ സമിതി യോഗം വിളിച്ചിട്ടില്ല, ഓപ്ഷന്‍ നിലവിലുണ്ട്, ഇപ്പോള്‍ ചര്‍ച്ച വേണ്ട- പാക് പ്രതിരോധ മന്ത്രി

ഖ്വാജ ആസിഫ് |ഫോട്ടോ:ANI
ഖ്വാജ ആസിഫ് |ഫോട്ടോ:ANI

ഇസ്ലാമാബാദ്: ഇന്ത്യയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ശേഷം രാജ്യത്തിന്റെ ആണവശേഖരത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉന്നത സൈനിക- സിവിലിയന്‍ സമിതിയുടെ യോഗം നിശ്ചയിച്ചിട്ടില്ലെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇത്തരത്തിലൊരു ഉന്നതതല യോഗം പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിളിച്ചതായി നേരത്തെ അവരുടെ സൈന്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാക് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'നിങ്ങള്‍ ഈ പറഞ്ഞ വിഷയം (ആണവ ഓപ്ഷന്‍) നിലവിലുണ്ട്, പക്ഷേ, നമുക്കതിനെക്കുറിച്ച് സംസാരിക്കേണ്ട. വളരെ വിദൂരമായ ഒരു സാധ്യതയായി അതിനെ കണക്കാക്കണം, നിലവിലെ സാഹചര്യത്തില്‍ നമ്മള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകപോലും ചെയ്യരുത്.' ആസിഫ് ഒരു പാക് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞതിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

'ആ ഘട്ടത്തിലെത്തുന്നതിന് മുമ്പ് അന്തരീക്ഷം തണുക്കുമെന്ന് ഞാന്‍ കരുതുന്നു. നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ ഒരു യോഗവും നടന്നിട്ടില്ല, അത്തരമൊരു യോഗം ഷെഡ്യൂള്‍ ചെയ്തിട്ടുമില്ല.' പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയിലെ 26 സ്ഥലങ്ങള്‍ക്ക് നേരെ പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച പുലര്‍ച്ചെ പാകിസ്താനിലെ നാല് വ്യോമതാവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഉന്നതതല യോഗം ചേര്‍ന്നത്.

Content Highlights: Pak defense minister denies meeting of the National Command Authority following Indiasair strikes