പാകിസ്താന്റെ ആണവരഹസ്യം, പത്ത്‌ ഭൂഗർഭ തുരങ്കങ്ങൾ ; ദുരൂഹതയുടെ കിരാന കുന്നുകൾ

#സി.പി. ശ്രീഹർഷൻ
കിനാര ഹിൽസിന്റെ ​ഗൂ​ഗിൾ മാപ്പ് ചിത്രം
കിനാര ഹിൽസിന്റെ ​ഗൂ​ഗിൾ മാപ്പ് ചിത്രം

ന്യൂഡൽഹി: പാകിസ്താനിൽ ആണവച്ചോർച്ചയുണ്ടായെന്ന പ്രചാരണത്തിലൂടെ രണ്ടുദിവസമായി വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് കിരാന കുന്നുകൾ. പാക്‌ പഞ്ചാബ് പ്രവിശ്യയിലുള്ള സർഗോധ ജില്ലയിലെ ‘കറുത്ത കുന്നുകൾ’ എന്നറിയപ്പെടുന്ന കിരാന കുന്നുകൾ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത് 1983-നുശേഷമാണ്‌. അവർ ആണവപരീക്ഷണത്തിനായി ഇവിടെ ഒരുക്കങ്ങൾ തുടങ്ങുന്നത് അക്കാലത്താണ്.

ഓപ്പറേഷൻ സിന്ദൂറിൽ കിരാന കുന്നുകൾ ആക്രമിച്ചെന്നും ഇവിടെയുള്ള പാക്‌ ആയുധസംഭരണകേന്ദ്രത്തിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ആണവച്ചോർച്ചയുണ്ടായെന്നുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രചാരണം. എന്നാൽ, ഇത്‌ ഇന്ത്യ പൂർണമായി നിഷേധിച്ചു. കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ, കിരാന കുന്നിലേക്ക് ഇന്ത്യൻസൈന്യം ആക്രമണം നടത്തിയില്ലെന്ന്, സൈനികനീക്കങ്ങൾക്ക് ചുക്കാൻപിടിച്ച എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാർതി വ്യക്തമാക്കി.

പത്ത്‌ ഭൂഗർഭ തുരങ്കങ്ങൾ

പത്ത്‌ ഭൂഗർഭ തുരങ്കങ്ങൾ പാക് സൈന്യം ഇവിടെ നിർമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവയിലാണ് പാക്‌ ആണവായുധങ്ങൾ സംഭരിച്ചുവെച്ചിരിക്കുന്നതെന്നാണ് പ്രചാരണം. സർഗോധാ വ്യോമത്താവളത്തിലേക്ക് ഇവിടെനിന്ന് 20 കി.മീ.മാത്രം.

ഖുശബ് ആണവസമുച്ചയം 75 കി.മീ. അകലെയാണ്‌. 1970-ലാണ് പാക് പ്രതിരോധമന്ത്രാലയം കിരാന കുന്നുകൾ ഏറ്റെടുത്ത് റഡാർ സ്റ്റേഷൻ നിർമിച്ചത്. 1983 മുതൽ 1990 വരെ അവർ ഇവിടെ ആണവപരീക്ഷണം നടത്തി.

Content Highlights: The mystery of Kirana Hills: Nuclear storage facility, underground tunnels of Palistan Army