തുർക്കി സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാകിസ്താനൊപ്പം നിലകൊണ്ടതിനു പിന്നാലെ തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു). ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കിയത്.
ദേശീയ സുരക്ഷ പരിഗണിച്ച് തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം (എംഒയു) താത്കാലികമായി റദ്ദാക്കിയെന്ന് ഡല്‍ഹി സര്‍വകലാശാല സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ജെഎന്‍യു രാജ്യത്തിനൊപ്പം നിലകൊള്ളുന്നു എന്നും പോസ്റ്റിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഇരു സര്‍വകലാശാലകളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി രണ്ടുവരെ, മൂന്നുവര്‍ഷത്തേക്കായിരുന്നു കരാര്‍ കാലാവധി. നിലവിലെ പശ്ചാതലത്തില്‍ മൂന്നര മാസത്തിനിടെത്തന്നെ കരാര്‍ റദ്ദായി.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായുള്ള ഇന്ത്യയുടെ സൈനിക നടപടിക്കു പിന്നാലെ തുര്‍ക്കി പാകിസ്താനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ ലക്ഷ്യമാക്കി പാകിസ്താന്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ തുര്‍ക്കിയുടേതാണെന്നാണ് റിപ്പോര്‍ട്ട്. ഇവ ഇന്ത്യ നിര്‍വീര്യമാക്കി. പാക് സൈന്യത്തിന് തുര്‍ക്കിയില്‍നിന്ന് വിദഗ്‌ധോപദേശം ലഭിച്ചെന്നും വിവരങ്ങളുണ്ട്. ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ടര്‍ക്കിഷ് മാധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു. ടര്‍ക്കിഷ് ഉത്പന്നങ്ങളും സേവനങ്ങളും ഇന്ത്യയില്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്.
അതിനിടെ, തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വന്‍തോതില്‍ റദ്ദാക്കിയിരുന്നു. ഫ്‌ളൈറ്റ്-ഹോട്ടല്‍ ബുക്കിങ്ങുകളും റദ്ദാക്കിയതായി യാത്രാ പ്ലാറ്റ്‌ഫോമായ ഈസ്‌മൈട്രിപ്പ് റിപ്പോർട്ട് ചെയ്തു. ഒരു യാത്രക്കാരനില്‍നിന്ന് 60,000-70,000 രൂപവെച്ച് കണക്കാക്കിയാല്‍ ഏകദേശം 2,500 മുതല്‍ 3,000 കോടി രൂപയുടെ വരെ നഷ്ടമാണ് ഇതുവഴി തുർക്കിക്ക് ഉണ്ടാവുക.
Content Highlights: jnu cancelled its agreement with turkey university