'ഏറ്റവും സന്തോഷിച്ച ദിവസം', പാക് ഡ്രോണുകള്‍ വെടിവെച്ചിട്ട ആകാശ് മിസൈലിന്‍റെ പിന്നിലെ ശാസ്ത്രജ്ഞന്‍

ആകാശ് മിസൈല്‍ | Photo : ANI
ആകാശ് മിസൈല്‍ | Photo : ANI

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെ നിര്‍വീര്യമാക്കിയത്. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളില്‍ പതിപ്പിക്കാവുന്നതുമായ ആകാശ് മിസൈല്‍ സംവിധാനം വികസിപ്പിച്ചത് കേന്ദ്ര പ്രതിരോധ ഏജന്‍സിയായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) മുന്‍ ശാസ്ത്രജ്ഞനായ ഡോക്ടര്‍ പ്രഹ്‌ളാദ് രാമറാവുവാണ്. 15 കൊല്ലം മുന്‍പായിരുന്നു ആകാശിന്റെ 'പിറവി'. 

തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസം എന്നാണ് വ്യാഴാഴ്ച( മേയ് 8)യെ ഡോ. രാമറാവു വിശേഷിപ്പിച്ചത്. തന്റെ കുഞ്ഞ് കൃത്യമായും സുന്ദരമായും ശത്രുവിന്റെ പറക്കും ആയുധങ്ങളെ വെടിവെച്ചിടുന്നത് കാണുമ്പോള്‍ സന്തോഷത്താല്‍ കണ്ണുകള്‍ ഈറനണിഞ്ഞതായി ഡോ. രാമറാവു എന്‍ഡിടിവിയോട് പ്രതികരിച്ചു. പ്രതീക്ഷക്കപ്പുറമായിരുന്നു ആകാശിന്റെ പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആകാശ് പദ്ധതിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രോജക്ട് ഡയറക്ടറായിരുന്നു ഡോ. രാമറാവു. മിസൈല്‍മാനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുള്‍ കലാമാണ് ഡോ. രാമറാവുവിനെ ആ ദൗത്യം ഏല്‍പിച്ചത്. ഇന്ത്യന്‍ സേനയുടെ ആവശ്യപ്രകാരമാണ് തന്റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ആകാശ് വികസിപ്പിച്ചതെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

ഡോക്ടര്‍ പ്രഹ്‌ളാദ് രാമറാവു | Photo : X / @KartikeyaBatra

 റഷ്യന്‍ നിര്‍മിത എസ്-400 ഉള്‍പ്പെടെയുള്ള മറ്റ് പ്രതിരോധസംവിധാനങ്ങള്‍ക്കൊപ്പമാണ് ആകാശും നിര്‍ണായകദൗത്യത്തില്‍ പങ്കുചേര്‍ന്നത്. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ആകാശ് നിര്‍മ്മിച്ചത്. വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കുകയാണ് പ്രധാനമായും ആകാശിന്റെ ചുമതല. ഇതിന്റെ പൂര്‍ണസംവിധാനം മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ വിന്യസിച്ചിരിക്കുന്നു. 

ഹ്രസ്വദൂര മിസൈല്‍ സംവിധാനമായ ആകാശിന് കരയില്‍നിന്ന് 20 കിലോമീറ്റര്‍ ഉയരപരിധി വരെയുള്ള ലക്ഷ്യത്തെ പ്രതിരോധിക്കാനാകും. ഓരോ മിസൈലിനും 20 അടി നീളവും 710 കിലോഗ്രാം ഭാരവുമുണ്ട്. ഓരോ മിസൈലിനും 60 കിലോഗ്രാം വരെയുള്ള ആയുധം വഹിക്കാനാകും. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന് മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിങ്ങും സാധ്യമാണ്. ആകാശ് മിസൈലിനായി 6000 കോടി രൂപയുടെ കരാറാണ് അര്‍മേനിയ ഒപ്പുവെച്ചത്. 
 

Content Highlights: India successfully used its indigenously developed Akash missile system