പാകിസ്താന്‍ ഉപയോഗിച്ചത് 300-400 ഡ്രോണുകള്‍, ലക്ഷ്യംവെച്ചത് 36 കേന്ദ്രങ്ങൾ; വ്യക്തമാക്കി സൈന്യം

ന്യൂഡല്‍ഹി: മെയ് എട്ടിന് രാത്രി പാകിസ്താന്‍ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 36 കേന്ദ്രങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സൈന്യം. വ്യാഴാഴ്ച രാത്രി എട്ടിനും 11.30-നും ഇടയില്‍ 300-400 ഡ്രോണുകളാണ് പാകിസ്താന്‍ ഇന്ത്യയിലേക്ക് വിട്ടത്. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി 36 ഇടങ്ങളിലായിരുന്നു പാകിസ്താന്റെ ലക്ഷ്യം.
എന്നാല്‍, കരസേനയും വ്യോമസേനയും വിജയകരമായി ഈ ഡ്രോണുകളെ തകര്‍ത്തതായി സൈനിക വൃത്തങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. L70, ZU-23, ഷിക, ആകാശ് എന്നീ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സൈന്യം പാകിസ്താന്‍ ഡ്രോണുകളെ നിലംതൊടീക്കാതെ തകര്‍ത്തുകളഞ്ഞത്.
അതേസമയം, ഈ ഡ്രോണുകള്‍ ആയുധങ്ങള്‍ ഘടിപ്പിച്ചവയായിരുന്നില്ല എന്നും രാജ്യത്ത് ഭീതിപരത്തുക എന്നത് മാത്രമായിരുന്നിരിക്കാം പാകിസ്താന്‍ ലക്ഷ്യംവെച്ചതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. സാധാരണക്കാരെ ഭീതിയിലാഴ്ത്തുക എന്നതിനൊപ്പം ഇന്ത്യയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നതുകൂടി പാക് സൈന്യം ഡ്രോണുകളിലൂടെ ലക്ഷ്യംവെച്ചിരിക്കാം എന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
Content Highlights: indian army reveals details of pakistan attack on 8th may 2025