'ഡമ്മി എയര്‍ക്രാഫ്റ്റ്' ട്രാപ്പില്‍ കുടുങ്ങി പാകിസ്താന്‍; അയച്ചത് 600 ഡ്രോണുകള്‍, നിലംതൊടാതെ പൊട്ടി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ഭീകരവാദികളെ വധിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ പാകിസ്താന്‍ തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി 600 ഓളം ഡ്രോണുകളാണ് ഇന്ത്യയിലേക്ക് അയച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാനായിരുന്നു പാകിസ്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യ ഒരുക്കിയ സുസജ്ജമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാകിസ്താന്റെ ശ്രമങ്ങള്‍ നിഷ്ഫലമാക്കി.
അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമായി ആയിരത്തിലധികം ആര്‍മി എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകള്‍ പോലെയുള്ള ചെറിയ ലക്ഷ്യങ്ങളെ തകര്‍ക്കാനായി സജ്ജമാക്കിയവയാണ് ഇവ. ഇതിനൊപ്പം 750 ഹ്രസ്വദൂര ലഘു മിസൈല്‍ സംവിധാനവും ഒരുക്കിയിരുന്നു. ഇവ സംയോജതമായാണ് ഡ്രോണുകളെ നേരിട്ടത്. ഡ്രോണുകള്‍ക്കെതിരെ ആകാശ്, ബരാക്, എസ്-400 സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവ് വര്‍ധിക്കുന്നതിന് കാരണമാകും. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചത്. ഇതിലൂടെ റഡാര്‍ സിഗ്നേച്ചറുകള്‍ പാക് വ്യോമസേനയ്ക്ക് ലഭിക്കുന്നത് കുറയ്ക്കാനുമാകും.
പാക് സൈന്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ഇന്ത്യ മറ്റൊരു പദ്ധതിയുമൊരുക്കി. യുദ്ധവിമാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രത്യേക സംവിധാനമൊരുക്കി പാകിസ്താനിലേക്ക് ഡ‍്രോണുകളെ അയച്ചു. ഇന്ത്യന്‍ യുദ്ധവിമാനമെന്ന് തെറ്റിദ്ധരിച്ച് പാകിസ്താന്‍ അവരുടെ വ്യോമപ്രതിരോധ സംവിധാനം ആക്ടിവേറ്റ് ചെയ്യുകയും ഇന്ത്യ അയച്ച ഡമ്മി എയര്‍ക്രാഫ്റ്റിനെ ആക്രമിക്കുകയും ചെയ്തു.
ഇതിലൂടെ പാകിസ്താനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ ലൊക്കേഷന്‍ ഇന്ത്യയ്ക്ക് കൃത്യമായി മനസിലാക്കാനായി. ഈ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ അയച്ചതോടെ 11 പാക് സേനാ കേന്ദ്രങ്ങളിലാണ് നാശം വിതയ്ക്കാനായത്. ഇന്ത്യയുടെ തന്ത്രത്തില്‍ വീണ പാകിസ്താന് പ്രതികരിക്കാനുള്ള സമയം പോലും ലഭിച്ചില്ല.
ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്‌ലര്‍ മാത്രമാണെന്നും സമയം വരുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് പാകിസ്താന് വ്യക്തമായി മനസിലാകുന്ന തരത്തിലുള്ള തിരിച്ചടിയുണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഇനിയും സംഘര്‍ഷമുണ്ടാക്കിയാല്‍ തിരിച്ചടി ഇതിലും കടുത്തതാകുമെന്ന മുന്നറിയിപ്പും അദ്ദേഹം പാകിസ്താന് നല്‍കിയിരുന്നു.
Content Highlights: India thwarted Pakistan`s drone attacks with a sophisticated air defense system