ഉണ്ണിപ്പൂരാടവും നിറവള്ളിയും പുത്തരിയൂണും; ഓര്‍മ്മകള്‍ പൂക്കളം തീര്‍ക്കുമ്പോള്‍...

സന്ധ്യയ്ക്ക് ചെറുതായി മഴചാറിയതിന്റെ നനവ് മണ്ണിലുണ്ടായിരുന്നു. മുറ്റത്ത് വേലിയോടു ചേര്‍ന്ന് വലിയ ചെമ്പരത്തി നിറയെ പൂക്കള്‍, തൊട്ടപ്പുറത്ത് വലിയ കിരീടം പോലെ പൂക്കുലചൂടിയ കൃഷ്ണകിരീടം. കിണറ്റിന്റെ വക്കില്‍ നിറയെ മുക്കുറ്റി. അമ്പതുകൊല്ലമെങ്കിലും മുമ്പുള്ള ഓര്‍മ്മയാണ്. 'മോവ്' വലിക്കട്ടെ... പടിപ്പുറത്ത് നാലഞ്ച് പെണ്‍കുട്ടികള്‍. ഇവരെന്താണ് ഈ ചോദിക്കുന്നത്... എന്തുപറയണം... അകത്തേക്ക് നോക്കി ഉറക്കെവിളിച്ചു, മുത്തച്ഛാ... തോളിലെ തോര്‍ത്തെടുത്ത് കുടഞ്ഞുകൊണ്ട് മുത്തച്ഛന്‍ ഒതുക്കുകളിറങ്ങി മുറ്റത്തെത്തി. ആ വലിച്ചോ... കുറച്ച് ഞങ്ങക്കും വേണം ട്ടോ... അപ്പോഴും അവര്‍ ചോദിച്ചതെന്താണെന്ന ആശ്ചര്യം എന്റെ മുഖത്തുണ്ടായിരുന്നു. വള്ളിട്രൗസറിന്റെ കിഴിഞ്ഞുതുടങ്ങിയ വള്ളി തോളിലേക്ക് തിരികെക്കയറ്റി ഞാന്‍ നോക്കിനിന്നു.
''നാളെ അത്തമാണ്. വലിയ പൂക്കളമിടണം''- മുറ്റത്തെ മഞ്ഞരളിയും ചെമ്പരത്തിയും തീര്‍ത്ത ചെറിയ പൂക്കളത്തിലേക്ക് നോക്കി മുത്തച്ഛന്‍ പറഞ്ഞു. അത്തപ്പൂക്കളത്തിലേക്ക് പൂമൊട്ട് ശേഖരിക്കാനാണ് കുട്ടികളെത്തിയത്. വിരിയാനിരിക്കുന്ന പൂമൊട്ടാണ് 'മോവ്' എന്ന ഒരു വാക്കും അര്‍ഥവും എന്റെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു. ''കരിമൊട്ട് വലിക്കല്ലേട്ടോ... പാപം കിട്ടും''. നന്നെ ചെറിയ മൊട്ട് വലിക്കരുതെന്ന് കുട്ടികളോട് പറയുകയായിരുന്നു മുത്തച്ഛന്‍.
അന്നൊക്കെ കര്‍ക്കടക സംക്രമത്തിന് ശീപോതിവെച്ചാല്‍ മുറ്റത്ത് ചാണകം മെഴുകി ചെറിയ പൂക്കളമിടും. കര്‍ക്കടകം പിന്നിട്ടാല്‍ ഓണം വരുന്നുവെന്ന മുന്നറിയിപ്പാണത്. ചെമ്പരത്തി, വേലികളില്‍ സമൃദ്ധമായ മഞ്ഞരളി, പിച്ചകം, വേലിക്കിടയില്‍നിന്ന് നാണത്തോടെ ഞാനിവിടുണ്ടേ എന്ന ഭാവത്തില്‍ തലനീട്ടിനോക്കുന്ന ശംഖുപുഷ്പം. തൊടിയില്‍ മത്തന്‍ പൂവുണ്ടാവും. അത് പക്ഷേ വലിച്ചുതരണമെങ്കില്‍ ഇളയമ്മ നോക്കിയെടുക്കണം. കായ് പിടിക്കാന്‍ സാധ്യതയുള്ള പൂ വലിക്കാന്‍ അനുമതിയില്ല. പടര്‍ന്നുകിടക്കുന്ന മത്തന്‍വള്ളികള്‍ക്കിടയിലേക്ക് കൂടെ കയറിയാല്‍ പറയും, ''വള്ളി ചവിട്ടി നശിപ്പിക്കരുത്.''
സന്ധ്യക്ക് വേലിയ്ക്കടുത്തുള്ള വിരിയാറായ മൊട്ടുകള്‍ ശേഖരിച്ചുവക്കും. ഇല്ലെങ്കില്‍ പൂക്കള്ളിമാരുണ്ടാവും. വേലിയുടെ പുറത്തേക്ക് വിരിയാറായി നില്കുന്ന പൂമൊട്ടുകള്‍ നടന്നുപോവുന്നതിനിടെ കൈക്കുടന്നയിലാക്കുന്ന മായാവിദ്യ പലരുടേയും കൈയിലുണ്ടായിരുന്നു. പുറംവളപ്പുകളിലെ പൂക്കള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ആദ്യമെത്തുന്നവര്‍ക്ക് കൂടുതല്‍ കിട്ടും. കുട്ടിപ്പനച്ചോട്ടിലെ അരളിയും നാട്ടുവഴിയോരത്തെ മഞ്ഞ കോളാമ്പിപ്പൂവും പൂവിടുന്നതും കിട്ടുന്നതും അപൂര്‍വമായിരുന്നു.
ഓണമെത്തിയാല്‍ രാവിലെ ഉണര്‍ന്നെണീക്കാന്‍ തിടുക്കമാണ്. പല്ലുതേച്ച് കാലും മുഖവും കഴുകിവന്നാലേ കാപ്പികിട്ടൂ. ചെറിയ ഓടിന്റെ 'ലോട്ട'യില്‍ കാപ്പിയുമെടുത്ത് ഉമ്മറത്തിണ്ണയിലെത്തുമ്പോള്‍ മുറ്റമടിച്ചുകഴിഞ്ഞ് മേമ തയ്യാറായിട്ടുണ്ടാവും. അടുത്തവീട്ടിലെ തൊഴുത്തില്‍നിന്ന് ശേഖരിച്ച ചാണകം മുറ്റത്തിന്റെ നടുവില്‍ ചെറുതായി വട്ടത്തില്‍ മെഴുകും. പിന്നെ പതുക്കെ പൂക്കളം വിടരുകയായി.
വിശാഖവും അനിഴവും തൃക്കേട്ടയും മൂലവും കഴിയുമ്പോഴേക്കും മുറ്റത്തിന്റെ അരികും മുക്കും വൃത്തിയാക്കിയിരിക്കും. പലപ്പോഴും ഓണം കഴിഞ്ഞിട്ടാവും കൊയ്ത്ത്. കൊയ്ത്തായി എന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണിത്. പൂരാടത്തിന്‍ നാളില്‍ മുറ്റത്ത് അരിമാവുകൊണ്ട് അണിയും. അതിന്റെ ചുമതല മുത്തച്ഛനാണ്. അമ്മിയില്‍ നനുക്കനെ അരച്ചെടുക്കുന്ന മാവ് വെള്ളംചേര്‍ത്ത് ഇളക്കി കൈയിലെടുത്ത് പാകം നോക്കും. പിന്നെ മാതേവരെ വെക്കാന്‍ 'അണിയലാ'ണ്. കൈക്കുമ്പിളില്‍ മാവെടുത്ത് ചെറുവിരലിലൂടെ അത് നിലത്ത് എഴുതിയാണ് അണിയല്‍. നാലുകെട്ട്, എട്ടുകെട്ട്, പതിനാറുകെട്ട് തുടങ്ങി പലതരത്തില്‍ അണിയാം. പതിനാറുകെട്ട് അണിഞ്ഞാല്‍ മുറ്റം നിറയും, കേമമായി. അതിന്റെ ഒരു വശത്ത് എഴുതും- 'ഉണ്ണിപ്പൂരാടം...' പിന്നെ പേരക്കുട്ടികളുടെയെല്ലാം പേരും നാളും. അതില്‍ സ്വന്തം പേരു കാണുമ്പോഴുള്ള അഭിമാനം. അതുപോലൊരു സന്തോഷം വേറെ കിട്ടാനില്ല. സ്വന്തം പേര് ആദ്യമായി വീട്ടുമുറ്റത്ത് തെളിയുന്ന അഭിമാന നിമിഷങ്ങള്‍...
ഓണത്തിന്റെ നിറങ്ങള്‍ മുതല്‍ എല്ലാം പ്രകൃതിയാണ്. പ്രകൃതിയിലലിയാത്ത ഒന്നുമില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഹരിതോത്സവമാണ് ഓണം. അങ്ങനെത്തന്നേവേണം ആഘോഷിക്കാനും. കര്‍ക്കടകം പിറക്കുംമുമ്പേ തുടങ്ങും പാലക്കാട്ടെ വീടുകളില്‍ ഓണമെന്ന നല്ലകാലത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍. കര്‍ക്കടകത്തലേന്ന് വീടും മച്ചും മാറാല കളഞ്ഞ് അടിച്ചുതുടച്ച് 'ചേട്ട' കളയും. വീട്ടിനകത്തെ പൊടിയും ചെളിയുമെല്ലാം നീക്കാനുള്ള യജ്ഞമാണത്. പുത്തന്‍ വാസസ്ഥാനങ്ങളില്‍ 'ചേട്ട കളയല്‍' എന്ന ഓര്‍മ്മ പോലുമില്ലാത്തതിനാല്‍ മേശകള്‍ക്കടിയിലും അലമാരയ്ക്കിടയിലുമെല്ലാം കിലോക്കണക്കിന് പൊടിയും മാലിന്യവും അടിഞ്ഞുകിടക്കും. അവിശ്വാസികള്‍ക്ക് വേണമെങ്കില്‍ സ്വയം പരിശോധിച്ചറിയാവുന്നതേയുള്ളൂ.
കര്‍ക്കടകപ്പിറവിക്കു തലേന്ന് ചേട്ടകളഞ്ഞാല്‍ പിന്നെ ശീപോതിവെക്കലായി. ശ്രീഭഗവതിയെ കുടിയിരുത്തലാണത്. ശ്രീ വീട്ടിലെത്തിയാല്‍ നിലവിളക്ക് തെളിയിച്ചുവേണം സ്വീകരിക്കാന്‍. കര്‍ക്കടക വാവുകഴിഞ്ഞാല്‍ ഇല്ലംനിറയുടെ കാലമായി. ''വാവു കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച നിറയ്ക്കാനും മാമന്റെ മകളെ കെട്ടാനും ആരോടും ചോദിക്കേണ്ടെന്നാണ് പഴമൊഴി. ഇന്നത്തെ കാലത്ത് അതിന്റെ ഉത്തരാര്‍ദ്ധം പൊളിറ്റിക്കലി കറക്ടല്ലെന്ന് പുതിയ തലമുറ പറയും. ഇതേ വിശ്വാസം കൊയ്ത്തുകാലത്തുമുണ്ട്. കൊയ്‌തെടുത്ത കറ്റ വീട്ടിലേക്കോ കളപ്പുരയിലേക്കോ എത്തിക്കുമ്പോള്‍ 'നിറവള്ളി' എന്ന് വിളിക്കുന്ന ഉഴിഞ്ഞവള്ളി. അതില്‍ ചുറ്റിക്കെട്ടും. (മുമ്പത് വേലിപ്പടര്‍പ്പുകളില്‍ സമൃദ്ധമായുണ്ടായിരുന്നു. മുള്ളുവേലികള്‍ വയ്യാവേലികളാവുകയും കേസിനും കൂട്ടത്തിനും വഴിവെക്കുകയും ചെയ്ത ആ പഴയകാലത്ത് വേലിപ്പടര്‍പ്പുകള്‍ മികച്ച പാരിസ്ഥിതിക ആവാസവ്യവസ്ഥയായിരുന്നു. ചെറിയ പ്രാണികളും പുഴുക്കളും പൂമ്പാറ്റകളും തുമ്പികളും പച്ചിലക്കൊത്തി പാമ്പുകളും സമൃദ്ധമായി ഉണ്ടാവും വേലിപ്പടര്‍പ്പിനുള്ളില്‍)
കൊയ്‌തെടുത്ത കറ്റ വീട്ടിലെത്തുമ്പോള്‍ നിലവിളക്ക് തെളിയിക്കും. വീട്ടുമുറ്റത്തും കളപ്പുരയിലുമായി കറ്റ മെതിക്കുമ്പോള്‍ ഉയരുന്ന സമൃദ്ധിയുടെ ഒരു ഗന്ധമുണ്ട്. പുന്നെല്ലിന്റെ മണമാണത്. കുറച്ചുകാലം വീട്ടിനകത്താകെ നെല്ല് കൂട്ടിയിട്ടതിന്റെ ഈറന്‍ മണക്കും. കൊയ്‌തെടുത്ത നെല്ല് പത്തായത്തിലെത്തിക്കുമ്പോഴുമുണ്ടായിരുന്നു ആചാരങ്ങള്‍.
ഓണത്തലേന്ന് മണിക്കൂറുകള്‍ അവിലിടിക്കാന്‍ മില്ലില്‍ കാത്തുനില്‍ക്കേണ്ടിവന്ന അനുഭവവും പഴയതലമുറക്കാര്‍ക്കുണ്ടാവും. നെല്ല് പുഴുങ്ങി അരിയാക്കി മാറ്റാന്‍ പറ്റിയില്ലെങ്കില്‍ നെല്ല് അവിലാക്കി മാറ്റിയാവും പുത്തരിയൂണ്. കാര്‍ഷിക ഗൃഹങ്ങളുടെ ഈ ആചാരങ്ങള്‍ ഇന്ന് ക്ഷേത്രങ്ങളിലെ നിറപുത്തരിച്ചടങ്ങുകളായി മാറി. പുത്തരിപ്പായസം മേടിച്ച് പുത്തരിയുണ്ണുന്ന രീതിയായി. പഴമയുടെ ആചാരങ്ങളിലാകെ ആദരിച്ചിരുന്നത് തൊഴിലാളിയേയും അവന്റെ അധ്വാനശേഷിയേയുമായിരുന്നുവെന്ന ഒരു പാഠഭേദം കൂടി നമ്മള്‍ ഇതോട് ചേര്‍ത്തുവായിക്കണം. ''പുത്തരിയുണ്ണും നാടേത്, പുഞ്ചകള്‍ വിളയും മലയാളം'', എന്ന കവിത കുഞ്ഞുക്ലാസുകളിലേ മുതല്‍ മലയാളിയുടെ മനസ്സിലുണ്ട്
Content Highlights: Unnipooradam, Niraputhari Onam memmories