ഓണനാളിൽ പൂക്കാലം തീർത്ത് മുഹമ്മദലിയുടെ ചെണ്ടുമല്ലിത്തോട്ടം

പൂക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു ഉദ്'ഘാടനംചെയ്യുന്നു
പൂക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു ഉദ്'ഘാടനംചെയ്യുന്നു

കൊടിയത്തൂർ (കോഴിക്കോട്): ഓണമെത്തിയപ്പോൾ കൊടിയത്തൂർ പുതിയോട്ടിൽ മുഹമ്മദലിയുടെ കൃഷിയിടത്തിൽ പൂക്കാലം വന്നു. കൊടിയത്തൂർ അയ്യംകുഴിയിൽ 50 സെൻറ് സ്ഥലം നിറയെ മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കളാണ് കാറ്റിലാടി കൗതുകക്കാഴ്ചയായി നിൽക്കുന്നത്. പ്രദേശത്തെ മികച്ച കർഷകരിലൊരാളായ മുഹമ്മദലി ചെണ്ടുമല്ലിക്കൃഷി തുടങ്ങിയതിൽ രണ്ടു ലക്ഷ്യമായിരുന്നു. 

രണ്ടേക്കറോളം സ്ഥലത്ത് റെഡ് ലേഡി പപ്പായ, ചേന, കപ്പ, പച്ചക്കറികൾ എന്നിവയുടെ കൃഷിയുണ്ട്. ഇവിടെ വിരശല്യം വർധിക്കുന്നത് ചെണ്ടുമല്ലിക്കൃഷിയിലൂടെ തടയുകയായിരുന്നു ഒരു ലക്ഷ്യം. മണ്ണിനടിയിലൂടെ ചെടികളുടെ വേര് നശിപ്പിക്കുന്ന പുഴുക്കളാണ് നിമ വിരകൾ. ചെണ്ടുമല്ലിക്കൃഷി ഈ വിരകളെ അകറ്റാൻ സഹായിക്കുമെന്ന അറിവിനെത്തുടർന്നാണ് പരീക്ഷണത്തിന് തയ്യാറായത്. 

ഓണക്കാലത്ത് നാടൻപൂക്കൾക്ക് ആവശ്യക്കാർ വർധിക്കുമെന്നതിനാൽ കൃഷി ലാഭകരമാകും എന്നതായിരുന്നു മറ്റൊരു കാഴ്ചപ്പാട്. മുഹമ്മദലിയുടെ പ്രതീക്ഷപോലെത്തന്നെ കൃഷി ലാഭകരമായി. നല്ല വിളവ് ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 200 രൂപ തോതിൽ മുക്കം അരീക്കോട് തുടങ്ങിയ പൂക്കടകളിലാണ് വിൽപ്പന നടത്തുന്നത്.

പൂക്കൃഷി ലാഭകരവും മനസ്സിന് സന്തോഷം പകരുന്നതുമായതിനാൽ വരുംവർഷങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം. കൊടിയത്തൂർ കൃഷിഭവന്റെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. പൂക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗങ്ങളായ വി. ഷംലൂലത്ത്, ടി.കെ. അബൂബക്കർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Muhammadali`s marigold farm in Kodiyathur, Kerala, flourishes during Onam, offering pest control and