'ഓണനാളിലെ പ്രണയം'; പൂനുള്ളുന്ന കൈവിരലുകളിലെ പ്രണയത്തിന്റെ നനുത്ത തണുപ്പുമായി ഓണപ്പാട്ട്

തൃശ്ശൂര്‍: ഓണം പ്രണയത്തിന്റേതുകൂടിയാണ്. കണ്ണാന്തളിയും തുമ്പപ്പൂവും നുള്ളുന്ന കൈവിരലുകളില്‍ പ്രണയത്തിന്റെ നനുത്ത തണുപ്പുണ്ട്. പൂക്കളില്‍ പ്രണയിനിയുടെ മുഖംകണ്ട എത്രയോ ഓണം നമ്മുടെയെല്ലാം മനസ്സിലുണ്ട്. ഓണക്കാലത്തെ പാട്ടിനുമുണ്ട് പ്രണയസൗരഭ്യം. പൂക്കളിലൂടെ ഓണവും പ്രണയവും വര്‍ണിച്ച പുതിയ ഓണപ്പാട്ടുമായി എത്തുകയാണ് രണ്ടു പത്രപ്രവര്‍ത്തകര്‍. 'ഓണനാളിലെ പ്രണയം' എന്നുപേരിട്ട ഈ ആല്‍ബത്തിന്റെ വരികള്‍ രചിച്ചത് തൃശ്ശൂര്‍ 'മാതൃഭൂമി'യിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ മനീഷ് ചേമഞ്ചേരിയും സംഗീതം നല്‍കി പാടിയത് തൃശ്ശൂര്‍ മാതൃഭൂമിയിലെ ചീഫ് സബ് എഡിറ്റര്‍ കണ്ണൂര്‍ സ്വദേശി ടി.വി. രവിയുമാണ്. എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെയാണ് പാട്ടിന്റെ വീഡിയോ ചെയ്തത്. മനീഷ് തന്നെയാണ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ വീഡിയോ തയ്യാറാക്കിയത്.
പാട്ടിന്റെ വരികളെക്കുറിച്ച് മനീഷ് പറയുന്നതിങ്ങനെ: 'നമ്മുടെ നാട്ടിന്‍പുറത്തു കാണുന്ന കാക്കപ്പൂ, തുമ്പപ്പൂ, കണ്ണാന്തളി, ചെമ്പരത്തി തുടങ്ങിയ പൂക്കളിലൂടെ ഓണത്തെയും പ്രണയത്തെയുംക്കുറിച്ച് വര്‍ണിക്കുകയാണ്. സായംസന്ധ്യയേയും സൂര്യനേയും പ്രണയിനിയേയും ഓണത്തേയുമെല്ലാം ഓരോ പൂക്കളിലൂടെ വര്‍ണിക്കുന്നു. 'കനകാംബര കാന്തിയെഴും സന്ധ്യയിലൊരുവട്ടം... കണ്ണാന്തളി നുള്ളിയെടുക്കും മന്താരക്കൈകള്‍' എന്ന വരികളില്‍ സന്ധ്യയ്ക്ക് കനകാംബരത്തിന്റെ നിറം കൊടുത്തിരിക്കുന്നു.
സംഗീതത്തെക്കുറിച്ച് രവിയുടെ വാക്കുകള്‍: 'ഓണവും പ്രണയവും ആഘോഷവുമെല്ലാം വരികളില്‍ വന്നതോടെ പാട്ടിന് സംഗീതം നല്‍കുക വലിയ വെല്ലുവിളിയായിരുന്നു. മെലഡിക്കൊപ്പം ആഘോഷത്തിന്റെ മൂഡും ചേര്‍ത്താണ് സംഗീതം നല്‍കിയത്. പാട്ടിലെ കോറസ് ഞാന്‍ ചേര്ത്തത് ഓണത്തിന്റെ ഫീല്‍ നല്‍കാനാണ്. അനുപല്ലവിയിലും ചരണത്തിലും സരസ്വതിരാഗത്തിന്റെ ടച്ച് നല്‍കാനായത് നന്നായെന്ന് പാട്ട് പിന്നീട് കേട്ടപ്പോള്‍ മനസ്സിലായി. കീബോര്‍ഡില്‍ചെയ്യാതെ ഫ്‌ളൂട്ട് ലൈവായി റെക്കോഡ് ചെയ്തതും ഗുണമായി'.
എന്തുകൊണ്ട് എഐ വീഡിയോ?
പാട്ടിന്റെ ഓര്‍ക്കസ്ട്രയും പ്രോഗ്രാമിങ്ങും ചെയ്തത് കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് പോളി തൃശ്ശൂരാണ്. സാന്‍വിന്‍ ജെനിലാണ് ഓടക്കുഴല്‍ വായിച്ചത്. റെക്കോഡിങ് വഞ്ചിക്കുളത്തെ ഡിജി ട്രാക്ക് സ്റ്റുഡിയോയില്‍ സുന്ദറായിരുന്നു. ഓണത്തിന് മാസങ്ങള്‍ക്കുമുമ്പേ പാട്ടിന്റെ റെക്കോഡിങ് കഴിഞ്ഞു. ജോലിത്തിരക്കും വലിയ സാമ്പത്തികവും കാരണം ലൈവ് വീഡിയോ ചെയ്യാനായില്ല. പുറത്തുനിന്ന് ലൈവായി ഷൂട്ട് ചെയ്യാന്‍ നല്ല തുകയാകും. മോഡലിനെയടക്കം കണ്ടെത്തണം. ലൊക്കേഷനുകള്‍ തേടിപ്പോകണം. യാത്രാച്ചെലവ് വേറെ. ഏതെങ്കിലും സ്‌പോണ്‌സര്‍മാര്‍ വഴി വീഡിയോ ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടപ്പോള്‍, പാട്ട് അടുത്ത ഓണത്തിനിറക്കാം എന്ന തീരുമാനത്തിലെത്തി. അവസാനശ്രമമെന്ന നിലയിലാണ് എഐയിലേക്ക് തിരിഞ്ഞത്. വിഷയത്തില്‍ കാര്യമായ പ്രാവീണ്യമൊന്നുമില്ലാതെയാണ് മനീഷ് ഇതു ചെയ്തത്. പാട്ടിലെ പ്രണയജോഡികളുടെ ചിത്രമടക്കം തിരഞ്ഞെടുത്തത് ചാറ്റ് ജിപിടി വഴിയാണ്.
Content Highlights: Onam Love Song: AI-powered Video