എളുപ്പത്തില്‍ തയ്യാറാക്കാം ശര്‍ക്കര വരട്ടി

പ്രതീകാത്മകചിത്രം | Photo : Canva.com
പ്രതീകാത്മകചിത്രം | Photo : Canva.com

ളുപ്പത്തില്‍ ശര്‍ക്കര വരട്ടി തയാറാക്കാവുന്ന വിധം ആണ് ഇവിടെ പങ്കുവെക്കുന്നത്. 250grm ശര്‍ക്കര വരട്ടിക്ക്  ആവശ്യമായ ചേരുവകള്‍

ചേരുവകള്‍ 

  • ഇടത്തരം വാഴക്കായ : 500gm
  • ശര്‍ക്കര : 250gm 
  • അരിപൊടി : 3tbs
  • ചുക്ക് പൊടി : 10gm 
  • ജീരകപ്പൊടി : 2tbs 
  • ഏലയ്ക്ക പൊടി : 10 ഏലക്ക പൊടിച്ചത് 
  • ഉപ്പ്  : ആവശ്യത്തിന് 
  • വെള്ളം : ആവശ്യത്തിന്
  • എണ്ണ : വറുക്കുവാന്‍ 

തയാറാകുന്ന വിധം 

വാഴക്ക തൊണ്ടുകളഞ്ഞു വെള്ളത്തില്‍ കുറച്ചുനേരം ഇട്ടുവെയ്ക്കുക. ശേഷം കട്ടിയുള്ള ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഈ മുറിച്ചെടുത്ത കഷണങ്ങള്‍ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക. 

അര ഗ്ലാസ്സ്  വെള്ളത്തില്‍ 1-11/2 tbs ഉപ്പിട്ട് വെക്കുക. വലിയ ഉരുളിയിലോ ചീനച്ചട്ടിയിലോ എണ്ണ ഒഴിച്ചു ചൂടാക്കാന്‍ വെക്കുക, ചൂടായാല്‍ അരിഞ്ഞു വൃത്തിയാക്കി വെച്ചിരിക്കുന്ന കായ ഇടുക. ഒരു പപ്പട കമ്പിയോ തവിയോ വച്ച ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കണം.

ഇടക്ക് ഇടക്ക് തയാറാക്കി വച്ചിരിക്കുന്ന ഉപ്പുവെള്ളം തളിച്ച കൊടുക്കണം. തുടര്‍ച്ചയായി ഇളക്കിയാല്‍ കട്ട പിടിക്കാതെ തന്നെ കായ എല്ലാം മൊരിഞ്ഞു കിട്ടും. മുറുകി തുടങ്ങിയാല്‍ ഒരു കഷണം കായ എടുത്തു പൊട്ടിച്ച് നോക്കുക, എളുപ്പത്തില്‍ പൊട്ടിയാല്‍ തയാറായെന്ന് അര്‍ഥം. ശേഷം കോരി എടുത്ത് ചൂടാറാന്‍ വെക്കുക, ഒരു പേപ്പറില്‍ നിരത്തി ഇട്ടാല്‍ മതി.

ഒരു പാത്രത്തില്‍ (ഉരുളിയില്‍) ശര്‍ക്കരയും 1 മുതല്‍ 1-1/ 2 കപ്പ് വെള്ളവും ചേര്‍ത്ത് ഉരുക്കാന്‍ വെക്കുക. നന്നായി ഉരുകി കഴിഞ്ഞാല്‍, വിരൽ കൊണ്ട് തൊട്ടുനോക്കി നൂല്‍ പരുവമായോ എന്ന ഉറപ്പ് വരുത്തണം. അങ്ങനെയെങ്കില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക.

കൂടെ ചുക്ക് പൊടി, ഏലക്കപ്പൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് കൊടുക്കുക. ഒരു 2 -3 tbs അരിപ്പൊടി കൂടി ചേര്‍ത്ത നന്നായി ഇളക്കുക . ശേഷം തീ അണച്ച് ചൂടാറാൻ വെക്കുക. ചൂട് പോകുന്തോറും ശര്‍ക്കര വരട്ടി ക്രിസ്പി ആയി വരുന്നതായിരിക്കും .
 

Content Highlights: sarkkara varatti, onam sadhya