പഴംനുറുക്കും പപ്പടവും

#പ്രവിദ. റ്റി
പഴം നുറുക്കും പപ്പടവും
പഴം നുറുക്കും പപ്പടവും

പഴയകാല കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ഓര്‍മ്മകളും ഊഷ്മളതയും പേറുന്ന രുചിക്കൂട്ടുകള്‍ ഒരുപാടുണ്ട് മുത്തശ്ശിമാരുടെ കയ്യില്‍. അങ്ങനെ ഒരു വിഭവമാണ് ഓണം വിഷു പോലെയുള്ള ആഘോഷാവസരങ്ങളില്‍ പ്രാതലായി തയ്യാറാക്കുന്ന പഴം നുറുക്കും പപ്പടവും. വിശേഷ- ആഘോഷ അവസരങ്ങളില്‍ കുടുംബാംഗങ്ങളെല്ലാം തറവാട്ടില്‍ ഒത്തുചേരും. ഉച്ചയ്ക്കുള്ള സദ്യ ഗംഭീരമാക്കുമ്പോള്‍  പ്രാതല്‍ വളരെ ലഘു രൂപത്തിലാകും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ തയ്യാറാക്കിയിരുന്നതാണ് പഴംനുറുക്കും പപ്പടവും. ഫാസ്റ്റ് ഫുഡിന്റെ ലോകത്ത് ജീവിക്കുന്ന പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട വിഭവങ്ങളാണിവ. 


 
തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

  • നേന്ത്രപ്പഴം- 1kg
  • ശര്‍ക്കര -250gm 
  • തേങ്ങ ചിരകിയത് അല്ലെങ്കില്‍ തേങ്ങാപ്പാല്‍ - അരക്കപ്പ്
  • നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
  • ചുക്ക്, ഏലക്ക പൊടിച്ചത്-  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

നേന്ത്രപ്പഴം മൂന്നോ നാലോ കഷ്ണങ്ങളാക്കി നുറുക്കി ചുവട് കട്ടിയുള്ള പാത്രത്തില്‍ ഇട്ട് കുറച്ച് വെള്ളമൊഴിച്ച് ഉടഞ്ഞുപോകാതെ വേവിച്ചെടുക്കണം. അതിനുശേഷം പാനിയാക്കിയ ശര്‍ക്കര ചേര്‍ത്ത് തിളപ്പിക്കണം. ഇത് കുറുകി വരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം. ശേഷം നെയ്യ്, ഏലക്ക, ചുക്ക് പൊടി എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം. ചെറുചൂടോടെ വിളമ്പുന്നത് വിഭവത്തിന്റെ രുചി ഇരട്ടിയാക്കും. ഇതിനൊപ്പം പപ്പടവും ചേര്‍ത്ത് കഴിയ്ക്കാം. 

പണി എളുപ്പത്തില്‍ ആക്കുക എന്നത് മാത്രമല്ല ഈ വിഭവങ്ങളുടെ ലക്ഷ്യം. ഇവയെല്ലാം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നഷ്ടപ്പെട്ട പഴമയുടെ ഓര്‍മ്മപ്പെടുത്തല്‍. 


 

Content Highlights: pazham nurukkum pappadavum