കൈതച്ചക്ക പുളിശ്ശേരിയില്ലാതെന്ത് തിരുവനന്തപുരം സദ്യ!

മലയാളികളുടെ മനസ്സിനെയും നാവിനെയും വളരെയധികം സ്വാധീനിച്ച വിഭവമാണ് പുളിശ്ശേരി. മാമ്പഴം, കൈതച്ചക്ക, പഴുത്ത നേന്ത്രപ്പഴം ഇവയെല്ലാം പുളിശ്ശേരിയുടെ രുചി കൂട്ടുന്ന അനുസാരികളാണ്. തെക്കന്‍ സദ്യകളില്‍ കൈതച്ചക്കയാണ് കൂടുതലും ഉപയോഗിക്കുന്നത്. തിരുവനന്തപുരം സ്റ്റൈലില്‍ ഒരു കൈതച്ചക്ക പുളിശ്ശേരി തയ്യാറാക്കിയാലോ..
പുളിശ്ശേരി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
- പൈനാപ്പിള്‍ - 200 ഗ്രാം ( പഴുത്തത് തോല്‍കളഞ്ഞ് വൃത്തിയാക്കിയത്)
- തൈര് - 2 കപ്പ്
- തേങ്ങ തിരുമ്മിയത്- 200 ഗ്രാം
- മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
- ചെറിയ ഉള്ളി- 5 അഞ്ചെണ്ണം
- ജീരകം- 1 ടീസ്പൂണ്‍
- ഉലുവപ്പൊടി- കാല്‍ടീസ്പൂണ്‍
- കറിവേപ്പില- 3 തണ്ട്
- വറ്റല്‍ മുളക്- താളിക്കാന്‍ ആവശ്യമായ അളവില്‍
- കടുക്- താളിക്കാന്‍ ആവശ്യമായ അളവില്‍
- വെളിച്ചെണ്ണ- താളിക്കാന്‍ ആവശ്യമായ അളവില്‍
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വച്ചിരിക്കുന്ന കൈതച്ചക്ക കുറച്ച് വെള്ളമൊഴിച്ച് കുഴഞ്ഞ് പോകാത്ത വിധത്തില്‍ വേവിച്ച് എടുക്കണം. തിരുമ്മി വച്ചിരിക്കുന്ന തേങ്ങയും ഒരു തണ്ട് കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും ജീരകവും ചെറിയ ഉള്ളിയും നന്നായി അരച്ച് എടുക്കണം. പാകത്തിന് വെന്തിരിക്കുന്ന കൈതച്ചക്കയിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കണം. കൂട്ട് തിളച്ച് വരുമ്പോള്‍ പാകത്തിനുള്ള ഉപ്പും ഉലുവാപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഈ കൂട്ട് ഇറക്കിവെച്ച് ചൂട് കുറയുമ്പോള്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് കടുക് താളിച്ചു ചേര്‍ത്താല്‍ രുചികരമായ തിരുവനന്തപുരം സ്റ്റൈല്‍ പുളിശ്ശേരി റെഡി.
സാധാരണ കറികളൊക്കെ പാകം ചെയ്യുന്ന അതേ ദിവസം തന്നെ ഉപേയാഗിച്ചില്ലെങ്കില്‍ ചീത്തയായി പോകാറാണ് പതിവ്. എന്നാല്‍ പുളിശ്ശേരി അങ്ങനെയല്ല. പിറ്റേ ദിവസത്തേക്കും അതിനടുത്ത ദിവസത്തേക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിഭവമാണ് പുളിശ്ശേരി. മാത്രമല്ല അടുത്ത ദിവസത്തേക്ക് രുചി ഇരട്ടിയാകുകയും ചെയ്യും. ദീര്‍ഘദൂരം യാത്ര പോകുമ്പോഴും കൊണ്ട് പോകാന്‍ കഴിയുന്ന വിഭവുമാണ്.
Content Highlights: Onam Sadhya Pulissry Recipe