സ്വാദിഷ്ടമായ ഇഞ്ചിത്തൈര്

#വൃന്ദ മോഹന്‍
.
.

തെക്കന്‍ ജില്ലകളില്‍ സദ്യയിലെ പ്രധാന തൊടുകറികളിലൊന്നാണ് ഇഞ്ചിക്കറി. മൂന്ന് കൂട്ടം പായസം ഒക്കെ കഴിച്ച് മത്ത് പിടിക്കുമ്പോള്‍ ഇഞ്ചിക്കറിയില്‍ വിരല്‍ മുക്കി നാവില്‍ വയ്ക്കണം. അത്രനേരം നാവിനെ മടുപ്പിച്ച മധുരം ഇങ്ങോട്ടോ ഓടിയൊളിക്കും. വയറിനും മനസ്സിനും സുഖം. തെക്കന്‍മാരുടെ ഈ ഇഞ്ചിക്കറിക്ക് വടക്കന്‍ സദ്യയില്‍ അത്ര പ്രാധാന്യമില്ല. എങ്കിലും ഇഞ്ചി കൊണ്ടുള്ള മറ്റൊരു വിഭവം വടക്കന്‍ സദ്യയിലുണ്ട്-ഇഞ്ചിത്തൈര്. ദഹനത്തിന് സഹായിക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണിത്. 

ചേരുവകള്‍

  • തൈര്- 1 കപ്പ് ( കട്ടിയുള്ളത്)
  • ഇഞ്ചി - 100 ഗ്രാം
  • പച്ചമുളക്- അഞ്ചോ ആറോ എണ്ണം
  • വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില- 2 തണ്ട്
  • ചുവന്ന മുളക്, കടുക്- താളിക്കാന്‍ ആവശ്യമായത്
  • ജീരകപ്പൊടി- 1\2 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

തൈര് സ്പൂണ്‍ ഉപയോഗിച്ച് നന്നായി ഉടച്ച് കട്ടയില്ലാതെ വെയ്ക്കുക. ചീനചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് കടുക് ചേര്‍ക്കണം. ഒപ്പം തന്നെ രണ്ട് തണ്ട് കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ക്കണം. കുടുക് പൊട്ടിക്കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞ പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത് ചെറുതീയില്‍ നന്നായി വഴറ്റണം. കൂട്ട് സ്വര്‍ണ്ണനിറമാകുന്നത് വരെ വഴറ്റണം. സ്വര്‍ണ്ണ നിറമാകുമ്പോള്‍ ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് തീയില്‍ നിന്ന് മാറ്റി വയ്ക്കണം. ഈ കൂട്ട് തൈരിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചാല്‍  രുചികരമായ ഇഞ്ചിത്തൈര് തയ്യാര്‍. പ്രാദേശികമായ മാറ്റങ്ങള്‍ വിഭവത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
 

Content Highlights: Onam Sadhya Inji Thayir Recipe