വെള്ള വടുകപ്പുളി അച്ചാര്‍ തയ്യാറാക്കാം

തൊട്ട് കൂട്ടാനുള്ള അളവിലേ ഉള്ളൂ എങ്കിലും സദ്യയിലെ പ്രധാനികളാണ് അച്ചാര്‍. ഓണത്തിന് ആഴ്ച്ചകള്‍ മുന്‍പ് തന്നെ അച്ചാറുകള്‍ തയ്യാറാക്കി വയ്ക്കാറാണ് പതിവ്. ഇത്തവണ ഓണത്തിന് വടുകംപുളി ( പ്രാദേശികമായി കമ്പിളി നാരങ്ങ, ബംബുളൂസ് നാരങ്ങ എന്നും അറിയപ്പെടുന്നു) കൊണ്ട് മുളക് പൊടി ചേര്‍ക്കാത്ത വെള്ള നാരങ്ങ അച്ചാര്‍ തയ്യാറാക്കിയാലോ ?
ചേരുവകള്‍
- വടുകപ്പുളി നാരങ്ങ - 1 വലുത് (പഴുത്തത് എടുക്കാന്‍ ശ്രദ്ധിക്കുക)
- ഉപ്പ് - 5 ടീസ്പൂണ്‍
- കാന്താരി - 100 ഗ്രാം ഞെട്ട് അടര്‍ത്തിയത്
- വെളുത്തുള്ളി - 3 കുടം (തൊലി പൊളിച്ചു രണ്ടായി കീറിയത്)
- ഇഞ്ചി - 1 വലിയ കഷണം (നുറുക്കി അരിഞ്ഞത്)
- നല്ലെണ്ണ - 5 ടേബിള്‍ സ്പൂണ്‍
- കായം പൊടിച്ചത് - 3 ടീസ്പൂണ്‍
- കറിവേപ്പില - 2 തണ്ട്
- വറ്റല്‍ മുളക് - 4 എണ്ണം
- കടുക് - 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
നാരങ്ങ കഴുകി നന്നായി അല്പം പോലും വെള്ളമില്ലാതെ തുടച്ച് രണ്ടറ്റവും മുറിച്ച് മാറ്റി തൊലിയോടു കൂടി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വയ്ക്കണം. അരിയുമ്പോള്‍ തന്നെ കുരുവും നാരങ്ങയുടെ ഉള്ളില്‍ കാണുന്ന നേര്‍ത്ത പാടയും മാറ്റണം. അരിഞ്ഞ നാരങ്ങ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി വെയ്ക്കണം. ചുവട് കട്ടിയുള്ള പാന്‍ ചൂടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കണം. ഈ കൂട്ടിലേക്ക് കാന്താരി, വെളുത്തുള്ളി, ഇഞ്ചി എന്നിവ കൊത്തി അരിഞ്ഞത് ചേര്‍ത്ത് വഴറ്റി എടുക്കണം. അടുപ്പിലെ തീയണച്ച ശേഷം മിശ്രിതത്തിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങയും കായപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കിയെടുത്താല്‍ വടുകപ്പുളി വെള്ള അച്ചാര്‍ തയ്യാര്‍.
Content Highlights: Onam 2024 Onam Recipe Onam Sadhya Sadhya Recipes