ഓണം വന്നു, പിന്നാലെ ഈണവും; സിഗ്നേച്ചർ ട്യൂണായി വിദ്യാജിയുടെ മ്യൂസിക്കൽ ബിറ്റ്

വിദ്യാസാഗര്‍ ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍ / മാതൃഭൂമി
വിദ്യാസാഗര്‍ ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍ / മാതൃഭൂമി

കഷ്ടിച്ച് ഇരുപത്തഞ്ച് സെക്കൻഡ് മാത്രം നീളുന്ന ഒരു സംഗീതശകലം ലോകമലയാളികളുടെ മുഴുവൻ ഓണക്കാല ഓർമ്മകളുടെ  സിഗ്നേച്ചർ ട്യൂൺ ആയി മാറി എന്നത് അതിന്റെ സ്രഷ്ടാവിന് പോലും വിസ്മയം പകരുന്ന കാര്യം. കാൽ നൂറ്റാണ്ടോളമായി  ഓണപ്പൂക്കളം പോലെ,  ഓണസദ്യപോലെ, ഓണവുമായി ചേർന്നുനിൽക്കുന്ന എല്ലാ മിത്തുകളെയും ബിംബങ്ങളെയും പോലെ ആ മ്യൂസിക്കൽ ബിറ്റും നമ്മുടെ ജീവിതത്തിന്റെ ഭാഗം.

എന്താവാം ഈ  പ്രതിഭാസത്തിന്റെ പൊരുളെന്ന് ചോദിച്ചിട്ടുണ്ട് വിദ്യാസാഗറിനോട്. "തിരുവോണക്കൈനീട്ടം" എന്ന തരംഗിണി ആൽബത്തിലെ "പറനിറയെ പൊന്നളക്കും'' എന്ന പാട്ടിന് വേണ്ടി അനവദ്യസുന്ദരമായ ആ പശ്ചാത്തല സംഗീതശകലം  സൃഷ്ടിച്ചത് അദ്ദേഹമാണല്ലോ. ചിരിച്ചൊഴിഞ്ഞതേ ഉള്ളൂ വിദ്യാജി. "എവിടെനിന്നാണ് ആ സംഗീത ശകലം ആ നിമിഷം എന്റെ മനസ്സിൽ, ചിന്തകളിൽ ഒഴുകിയെത്തിയത് എന്നറിയില്ല. എക്കാലവും അത് ജീവിക്കുമെന്ന് സങ്കല്പിച്ചിട്ടുമില്ല. ഓണത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒരു പാട്ട് ചെയ്യണമെന്നേയുണ്ടായിരുന്നുള്ളൂ മനസ്സിൽ. അഞ്ചോ ആറോ മിനിറ്റ് ദൈർഘ്യമുള്ള ആ പാട്ടിലെ ഒരു കൊച്ചു മ്യൂസിക്കൽ ഫ്രേസ് അത്രകണ്ട് മലയാളികളെ സ്പർശിച്ചു എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യം. ദൈവാനുഗ്രഹം എന്നേ പറയാനാകൂ.''

നവീൻ വായിച്ച ഫ്ലൂട്ട് പീസാണ് ആ സംഗീതശകലത്തിന്റെ ആത്മാവ്. ഒരാഴ്ചക്കുള്ളിൽ ചിട്ടപ്പെടുത്തിയവയാണ് തിരുവോണക്കൈനീട്ടത്തിലെ ഗാനങ്ങൾ എന്നു പറയുന്നു വിദ്യാസാഗർ. "ഓണത്തെക്കുറിച്ച് പറഞ്ഞുകേട്ട ഐതിഹ്യങ്ങളും കേട്ടുകേൾവികളും മാത്രമായിരുന്നു ഗാനങ്ങളൊരുക്കാൻ ഇരിക്കുമ്പോൾ എന്റെ കൈമുതൽ. ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷം. പക്ഷേ ഗിരീഷിന്റെ വരികളിൽ എനിക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു. സംഗീതബോധമുള്ള ആളായതുകൊണ്ട്, നമുക്ക് ചിട്ടപ്പെടുത്താൻ പാകത്തിലാണ് ഗിരീഷ് പാട്ടെഴുതിത്തരിക. എന്റെ സംഗീത സംവിധാന രീതികൾ അദ്ദേഹത്തിന് നന്നായി അറിയുകയും ചെയ്യാം.  അതുകൊണ്ട് അധികം പ്രയാസപ്പെടേണ്ടി വന്നില്ല ഈണമിടാൻ'', എന്ന് വിദ്യാസാഗർ. രുദ്രവീണയും പുല്ലാങ്കുഴലും ഇടക്കയും നാദസ്വരവും പോലുള്ള ഉപകരണങ്ങളേ പാട്ടുകളുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുള്ളൂ.  വാദ്യവിന്യാസത്തിൽ ഒട്ടും ആർഭാടം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

യേശുദാസും സുജാതയും പാടിയ "പറനിറയെ'' ഉൾപ്പെടെ തിരുവോണക്കൈനീട്ടത്തിലെ ഗാനങ്ങളെല്ലാം ആദ്യമെഴുതി ഈണമിട്ടവയാണ്. നാട്ടിൽ നിന്ന് പാട്ടുകൾ എഴുതി അയച്ചുതരികയായിരുന്നു ഗിരീഷ്. "അന്ന് സിനിമയിൽ വലിയ തിരക്കാണ് എനിക്കും അദ്ദേഹത്തിനും. ഒരുമിച്ചിരുന്ന് കംപോസ് ചെയ്യാൻ കഴിയാത്തതിൽ ദുഖമുണ്ടായിരുന്നു ഞങ്ങൾക്ക്. പക്ഷേ ഗിരീഷിന്റെ വരികളുടെ ആത്മാവ് ഉൾക്കൊണ്ടുതന്നെ പാട്ടുകൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ആ രചനകൾ അത്രകണ്ട് എന്നെ സ്പർശിച്ചതാകാം കാരണം.''  ഇന്നും മലയാളികൾ ആ പാട്ടുകളെ കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിച്ചുകേൾക്കുമ്പോൾ സന്തോഷം തോന്നും. "ജന്മം കൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് ഞാനും ഒരു മലയാളി തന്നെയല്ലേ?'', വിദ്യാസാഗർ ചിരിക്കുന്നു.

പഠിക്കുന്ന കാലത്ത് സംസ്ഥാനാടിസ്ഥാനത്തിൽ നടന്ന തമിഴ് ഭാഷാപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ചരിത്രമുണ്ട് വിദ്യാസാഗറിന്. അക്കാലത്തേ  ഇംഗ്ലീഷിലേയും തമിഴിലേയും ക്ലാസിക് കൃതികൾ ഭൂരിഭാഗവും താൻ വായിച്ചുതീർത്തിരുന്നുവെന്ന് വിദ്യാജി. മഹാകവിയുടെ രചനകളും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. പിൽക്കാലത്ത് സിനിമാസംഗീത സംവിധായകനായി പേരെടുത്തപ്പോഴും കവിതയുടെ അർത്ഥഭംഗി ചോർന്നുപോകാതെ പാട്ടുകൾ ചിട്ടപ്പെടുത്തണം എന്നൊരു നിർബന്ധം ഉള്ളിൽ കൊണ്ടുനടന്നതും അതുകൊണ്ടുതന്നെ. ഈണത്തിനൊത്ത് പാട്ടെഴുതിക്കേണ്ടി വരുമ്പോഴും ഈ വിശ്വാസപ്രമാണത്തോട് പരമാവധി നീതി പുലർത്താൻ ശ്രമിക്കാറുണ്ട് താനെന്ന് വിദ്യാസാഗർ.
 
ആൽബത്തിലെ മറ്റു പാട്ടുകളിലുമുണ്ട് ഗിരീഷ് - വിദ്യ കൂട്ടുകെട്ടിന്റെ ഇന്ദ്രജാലസ്പർശം. ആരോ കമഴ്ത്തിവെച്ചോരു, ആറന്മുള പള്ളിയോടം,  പൂമുല്ലക്കോടിയുടുക്കേണം, തേവാരമുരുവിടും തത്തേ, വില്ലിന്മേൽ താളം കൊട്ടി, ചന്ദനവളയിട്ട, ഇളക്കുളങ്ങരെ ഇന്നലെ എന്നിങ്ങനെ എട്ട് സുന്ദര ഗാനങ്ങൾ. ഗായകരായി യേശുദാസിന് പുറമേ  വിജയ് യേശുദാസും സുജാതയും. വിജയ് യേശുദാസിന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യകാല ഗാനങ്ങളിൽ ഒന്നായിരുന്നു ചന്ദനവളയിട്ട... 
 

Content Highlights: ravi menon writes about the onam signature tune of vidyasagar