പാരീസ് ഒളിമ്പിക്‌സ് ആഘോഷമാക്കി ഗൂഗിള്‍; സ്‌പെഷ്യല്‍ ഡൂഡില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ദിവസം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. പാരീസ് ഒളിമ്പിക് ഗെയിംസിനെ നിര്‍വചിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ഡൂഡിലിന്റെ രൂപകല്പന. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11 മണിക്കാണ് പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങുകള്‍.
സെന്‍ നദിയുടെ കിഴക്കന്‍ ഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിന് സമീപത്തുനിന്ന് താരങ്ങളെ നദിയിലൂടെ ബോട്ടില്‍ ഉദ്ഘാടന വേദിയിലെത്തിക്കാനാണ് പദ്ധതി. 80 ബോട്ടുകളിലായി ആറ് കിലോമീറ്ററോളം സഞ്ചരിച്ച് താരങ്ങള്‍ ട്രൊക്കാദെറോയിലെത്തും. സുരക്ഷാ ഭീഷണി ഉള്‍പ്പെടെ പല പ്രതിസന്ധികള്‍ മറികടന്നാണ് തുറന്ന വേദിയില്‍ ഉദ്ഘാടനം.
സെന്‍ നദിയിലൂടെ മത്സരാര്‍ഥികളെ വഹിച്ചുകൊണ്ടുള്ള യാത്രയാണ് ഗൂഗിള്‍ ഡൂഡിലില്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അത്‌ലറ്റുകളായിട്ടാണ് ആനിമേറ്റഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവ സെന്‍ നദിയിലൂടെ ഒഴുകുന്നതാണ് ചിത്രം. വര്‍ണാഭമായതും ചടുലവുമായ കലാസൃഷ്ടി വെള്ളിയാഴ്ചയിലെ ഉദ്ഘാടനത്തെയാണ് സൂചിപ്പിക്കുന്നത്. ഡൂഡിലില്‍ ക്ലിക്ക് ചെയ്യുന്നതോടെ നേരിട്ട് പാരീസ് ഒളിമ്പിക്‌സ് സംബന്ധിച്ച പേജുകളിലേക്കും വിവരങ്ങളിലേക്കും കടക്കും.
Content Highlights: paris olympics google special doodle