ഉന്നമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു; ഒളിമ്പിക്‌സില്‍ അമ്പെയ്ത്ത് റാങ്കിങ് റൗണ്ട് മത്സരങ്ങള്‍ ഇന്ന്

പാരീസ്: ഒളിമ്പിക്സിലെ കന്നി അമ്പെയ്ത്ത് മെഡലിലേക്ക് ഉന്നംവെച്ച് ഇന്ത്യയുടെ താരങ്ങൾ വ്യാഴാഴ്ച കളത്തിൽ. പുരുഷ, വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് ആദ്യദിനം നടക്കുന്നത്. 53 രാജ്യങ്ങളിൽ നിന്നായി 128 താരങ്ങൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കും.
നാലാം ഒളിമ്പിക്സിനിറങ്ങുന്ന പരിചയസമ്പന്നരായ തരുൺദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യൻ സംഘത്തിന് യോഗ്യതാ റൗണ്ട് നിർണായകമാണ്. ആദ്യ പത്തിലെങ്കിലും സ്ഥാനം നേടുകയാണ് ടീമിന്റെ പ്രഥമലക്ഷ്യം. നോക്കൗട്ടിൽ താരതമ്യേന ദുർബല എതിരാളികളെ കിട്ടാൻ ആദ്യ റൗണ്ടിലെ മികവ് സഹായിക്കും.
ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകൾ യോഗ്യത നേടിയത്. അതുകൊണ്ട് അഞ്ച് മെഡൽ ഇനങ്ങളിലും ഇന്ത്യ മത്സരരംഗത്തുണ്ട്.
പ്രതീക്ഷയോടെ തരുൺദീപും സംഘവും
പുരുഷ ടീമിലാണ് ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷയുള്ളത്. ഷാങ്ഹായിൽ ഇത്തവണ ലോകകപ്പിൽ നേടിയ വിജയവുമായാണ് ഇന്ത്യൻ പുരുഷൻമാർ ഇറങ്ങുന്നത്. ഫൈനലിൽ അതികായരായ ദക്ഷിണകൊറിയയെയാണ് ഇന്ത്യ ഞെട്ടിച്ചത്. തരുൺദീപിനൊപ്പം ടോക്യോയിൽ മത്സരിച്ച പ്രവീൺ യാദവും പുതുമുഖതാരം ധീരജ് ബൊമ്മദേവരയുമാണുള്ളത്. ഒരു മാസംമുൻപ് തുർക്കിയിൽ വേൾഡ് കപ്പ് സ്റ്റേജ് -3 മത്സരത്തിൽ ടോക്യോയിലെ വെള്ളിമെഡൽ ജേതാവ് ഇറ്റലിയുടെ മൗറൊ നെസ്‌പോളിയെ തോൽപ്പിച്ച് ധീരജ് വെങ്കലം നേടിയിരുന്നു. ഏഷ്യൻഗെയിംസ് വെള്ളിനേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.
ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ദീപികാ കുമാരിയിലാണ് വനിതകളിൽ ഇന്ത്യൻ പ്രതീക്ഷ. ഏപ്രിലിൽ വേൾഡ് കപ്പ് സ്റ്റേജ്-1 മത്സരത്തിൽ നേടിയ വെള്ളി ദീപികയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ടോക്യോയിൽ സ്വർണം നേടിയ കൊറിയയുടെ ആൻ സാൻ ഇത്തവണ രംഗത്തില്ല. മറ്റൊരു കൊറിയൻതാരമായ ലിം സി ഹയോണാവും ദീപികയുടെ പ്രധാന എതിരാളി. ഈ വർഷം രണ്ടുതവണ കൊറിയൻ താരം ദീപികയെ തോൽപ്പിച്ചിരുന്നു.
ഫോമിലാണെങ്കിൽ അനായാസം കൃത്യം ലക്ഷ്യം കണ്ടെത്തി പത്തിൽ പത്തുപോയന്റും നേടാൻ ദീപികയ്ക്ക് കഴിയും. എന്നാൽ, സ്ഥിരതപുലർത്താൻ കഴിയാത്തതാണ് ദീപികയ്ക്ക് മിക്കപ്പോഴും തിരിച്ചടിയാവുന്നത്. മനസ്സാന്നിധ്യം നിലനിർത്താനായാൽ ദീപികയെ ആർക്കും പിടിച്ചുകെട്ടാനാവില്ലെന്ന് ഇന്ത്യൻ ടീം ഹൈപെർഫൊമൻസ് ഡയറക്ടർ സഞ്ജീവ സിങ് അഭിപ്രായപ്പെട്ടു. റികർവ് മിക്സഡ് ടീം ഇനത്തിൽ ദീപിക-ധിരാജ് കൂട്ടുകെട്ടിന് മികച്ച സാധ്യതയാണുള്ളത്.
ദീപിക ഒഴിച്ചാൽ മറ്റുള്ളവരുടെ പരിചയക്കുറവാണ് വനിതാ ടീം നേരിടുന്ന പ്രശ്നം. അങ്കിത ഭഗത്തും ഭജൻ കൗറും ആദ്യമായാണ് ഒളിമ്പിക്സിനിറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ ഇരുവരും വെങ്കലം നേടിയിരുന്നു.
ആദ്യമായി ഇന്ത്യൻ അമ്പെയ്ത്തുകാർ 1988 ഒളിമ്പിക്സിലാണ് പങ്കെടുത്തത്. തുടർന്ന് 2000 സിഡ്നിയിലൊഴികെ എല്ലാ ഒളിമ്പിക്സിലും ഇന്ത്യൻ പ്രാതിനിധ്യം ഉണ്ടായിരുന്നു. എന്നാൽ, ലോക ഒന്നാം നമ്പർ താരങ്ങളടക്കം അണിനിരന്നിട്ടും ഒളിമ്പിക്സിൽ ക്വാർട്ടറിനപ്പുറം മുന്നേറാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.
കൊറിയൻ കോച്ച് മടങ്ങിയതിൽ ആശങ്ക
ഒളിമ്പിക്സിന് മുൻപായി ഇന്ത്യയുടെ കൊറിയൻ കോച്ച് ബെയ്ക് വൂങ് കി ഇന്ത്യയിലേക്കു മടങ്ങിയത് വിവാദമായിട്ടുണ്ട്. ഫ്രാൻസിലെ പത്തുദിവസത്തെ പരിശീലന ക്യാമ്പിൽ വൂങ് കി ടീമിനൊപ്പമുണ്ടായിരുന്നു. എന്നാൽ, അക്രെഡിറ്റേഷൻ ലഭിക്കാത്തതിനെത്തുടർന്ന് കോച്ചിന് ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്നു. പ്രശ്നത്തിൽ ആർച്ചറി അസോസിയേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും പരസ്പരം പഴിചാരുകയാണ്. പരിശീലകരായി ആർമിയുടെ സോനം സിങ് ഭൂട്ടിയയും ടാറ്റാ അക്കാദമിയുടെ പൂർണിമാ മഹതോയുമാണ് ടീമിനൊപ്പമുള്ളത്. കൊറിയൻ കോച്ചിന്റെ അസാന്നിധ്യം ടീമിനെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യൻ ക്യാമ്പിലുണ്ട്.
Content Highlights: paris olympics archery ranking round competitions today