നെതര്‍ലന്‍ഡ്‌സിനോട് തോല്‍വി; അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകളുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു

പാരീസ്: പാരീസ് ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് തോല്‍വി. അമ്പെയ്ത്തില്‍ ആദ്യ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയി ഇന്ത്യ, ക്വാര്‍ട്ടര്‍ ഫൈനലില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള നെതര്‍ലന്‍ഡ്‌സിനോടാണ് പരാജയപ്പെട്ടത്. 6-0 ന് ആണ് തോല്‍വി.
ദീപിക കുമാരി, ഭജന്‍ കൗര്‍, അങ്കിത ഭഗത് എന്നിവര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം സമ്മര്‍ദത്തിന് അടിപ്പെട്ടാണ് കളിച്ചത്. 51-52, 49-54, 48-53-നാണ് ഡച്ച് ടീമിനോട് തോറ്റത്. ക്വിന്റി റോഫന്‍, ഗാബി ഷ്‌ളോസര്‍, ലോറ വാന്‍ ഡര്‍ വിങ്കല്‍ എന്നിവരാണ് വിജയിച്ച ഡച്ച് ടീം അംഗങ്ങള്‍.
ആതിഥേയരും റാങ്കിങ്ങിലെ കരുത്തരുമായ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയുമായുള്ള ക്വാര്‍ട്ടര്‍ മത്സരത്തിന് യോഗ്യത നേടിയത്. നേരത്തേ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നത്.
1988-ല്‍ ഒളിമ്പിക്‌സ് അരങ്ങേറ്റം കുറിച്ച ശേഷം ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ക്ക് ഇതുവരെ മെഡല്‍ നേടാനായിട്ടില്ല.
Content Highlights: paris olympics archery indian women team lose