റൊളാങ് ഗാരോസ് വെറുമൊരു സ്ഥലപ്പേരല്ല, അറിയണം ജര്‍മന്‍സേനയോട് പൊരുതിയ യുദ്ധവീരനെ...

'റൊളാങ് ഗാരോസില്‍ റാഫേല്‍ നഡാല്‍ ഒരിക്കല്‍ക്കൂടി കിരീടമുയര്‍ത്തി'യെന്ന് പത്രത്തില്‍ എത്രയോതവണ എഴുതിയിട്ടുണ്ട്... ഒളിമ്പിക്‌സിലെ ടെന്നീസ് മത്സരം നടക്കുന്ന റൊളാങ് ഗാരോസില്‍ പോകണമെന്നു കരുതിയിട്ട് കുറച്ചുദിവസമായെങ്കിലും ഇതുവരെ പറ്റിയില്ല. ബുധനാഴ്ച രാവിലെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ രണ്ടു മത്സരങ്ങള്‍ കണ്ട് ടെന്നീസ് സ്റ്റേഡിയത്തിലേക്ക് ഓടി...
30 ഏക്കറിലേറെയായി പരന്നുകിടക്കുന്ന ടെന്നീസിന്റെ വിശുദ്ധനഗരം... അതിനുള്ളില്‍ പല കോര്‍ട്ടുകള്‍... റൊളാങ് ഗാരോസിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നു. സ്‌പെയിനിന്റെ പുതിയ സൂപ്പര്‍സ്റ്റാര്‍ കാര്‍ലോസ് അല്‍ക്കരാസും റഷ്യയുടെ റൊമാന്‍ സഫിയുള്ളിനും തമ്മിലുള്ള മത്സരത്തിനായി കയറുമ്പോള്‍ മണ്‍കോര്‍ട്ടില്‍ പൊടിപാറുന്നു...
മുമ്പ് റൊളാങ് ഗാരോസ് എന്നെഴുതിയപ്പോഴെല്ലാം അതൊരു സ്ഥലപ്പേരാണെന്നു കരുതി. അങ്ങനെയായിരുന്നില്ല, സ്റ്റേഡിയത്തിലെത്തിയപ്പോള്‍, മനസ്സും ശരീരവും സ്വപ്നങ്ങളുമുണ്ടായിരുന്ന ഒരു റൊളാങ് ഗാരോയുടെ ജീവിതം നൂറ്റാണ്ടിനപ്പുറത്തുനിന്ന് 'ടേക്ക് ഓഫ്' ചെയ്തു.
അപാരബുദ്ധിയും അമിത ആത്മവിശ്വാസും അതിസാഹസിതയും ചേര്‍ന്ന മനുഷ്യനായിരുന്നു യൂജിന്‍ അഡ്രിയാന്‍ റൊളാങ് ഗാരോസ്. പന്ത്രണ്ടാം വയസ്സില്‍ ന്യുമോണിയ ബാധിച്ച് മരണത്തെ മുഖാമുഖംകണ്ട കുട്ടി, അതില്‍നിന്നു തിരിച്ചുവരാന്‍ കായികരംഗത്തേക്കിറങ്ങി. ഓട്ടവും ടെന്നീസും സൈക്ലിങ്ങുമെല്ലാം ശീലിച്ചു. ഏത് സങ്കീര്‍ണതയെയും അതിവേഗം വശത്താക്കാനുള്ള ബുദ്ധിയുമുണ്ടായിരുന്നു. കൗതുകം ആകാശത്തോളമുയര്‍ന്നു. വിമാനംപറത്താന്‍ പഠിച്ചു. ഏറെയും സ്വന്തമായി പഠിച്ചെടുക്കുകയായിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിനിടെ ഫ്രഞ്ച് യുദ്ധവിമാനത്തിലെ പൈലറ്റായി. വ്യോമയുദ്ധത്തില്‍ ഒട്ടേറെ വിജയങ്ങളിലേക്ക് വിമാനം പറത്തിയെങ്കിലും ഒടുവില്‍ ജര്‍മന്‍സേന വിമാനത്തെ വെടിവെച്ചിട്ടു. അദ്ദേഹത്തെ ബന്ദിയാക്കി. അപകടവും ജര്‍മന്‍സേനയുടെ പീഡനവും ആ ശരീരം തകര്‍ത്തു. കാഴ്ച തീരെ മങ്ങിയപ്പോഴും പുതിയ കണ്ണാടിയുണ്ടാക്കി വീണ്ടും വിമാനം പറത്താനുള്ള പരീക്ഷണത്തിലായിരുന്നത്രേ റൊളാങ്...
1918-ല്‍, 29-ാം വയസ്സില്‍ മരിച്ചെങ്കിലും ഫ്രഞ്ചുകാര്‍ റൊളാങ് ഗാരോസിനെ ചരിത്രത്തില്‍ പ്രതിഷ്ഠിച്ചു. ഫ്രഞ്ച് ഓപ്പണിലെ പ്രധാനവേദിക്ക് അദ്ദേഹത്തിന്റെ പേരുനല്‍കി. സ്റ്റേഡിയത്തിലേക്കു നടക്കുമ്പോള്‍ ഫ്രഞ്ചുകാരനായ വൊളന്റിയര്‍ ഫെത്തി ബെന്‍സെയ്ദിനോട് റൊളാങ്ങിനെ അറിയുമോ എന്നുചോദിച്ചു. ഇതെന്തു ചോദ്യം എന്നമട്ടില്‍ ഫെത്തി അദ്ഭുതപ്പെട്ടു. 'അദ്ദേഹം രാജ്യത്തിന്റെ ഹീറോ'യാണെന്ന് പറഞ്ഞു.
റൊളാങ്ങിന്റെ കഥകള്‍ കേട്ട് ഗ്രൗണ്ടിലേക്കു നോക്കിയപ്പോള്‍ അവിടെ അല്‍ക്കരാസിന്റെ റാക്കറ്റില്‍നിന്ന് പൊടിയും പുകയും പറക്കുന്നു...
Content Highlights: paris olympics 2024 who is roland garros legend behind the name