മെഡലുകളെക്കൊണ്ട് കഴുത്ത് നിറയണം, ഒറ്റയക്കം ഇരട്ടയാക്കണം; പാരീസില്‍ ഇന്ത്യ കാണുന്ന സ്വപ്‌നങ്ങള്‍

പി.ആര്‍. ശ്രീജേഷ്, നീരജ് ചോപ്ര | ANI, PTI
പി.ആര്‍. ശ്രീജേഷ്, നീരജ് ചോപ്ര | ANI, PTI

പാരീസ്: വിരലിലെണ്ണാവുന്ന മെഡലുകളിൽനിന്നും കൈനിറയെ, കഴുത്തുനിറയെ ഒളിമ്പിക് മെഡലുകൾ... അതാണ് ഇന്ത്യയുടെ ‘പാരീസ് സ്വപ്നം’. ടോക്യോ ഒളിമ്പിക്‌സിൽ ആകെ ഏഴുമെഡലുകളായിരുന്നു ഇന്ത്യ നേടിയത്. പാരീസിൽ ആ ഒറ്റയക്കം ഇരട്ടസംഖ്യയാക്കിമാറ്റണം... അതാണ് 117 അംഗ ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷ, അതിലുമപ്പുറമാണ് നൂറ്റിയമ്പതു കോടി ജനതയുടെ പ്രാർഥനയും പ്രതീക്ഷയും. ഇന്ത്യൻ താരങ്ങൾ ഇത്തവണ മത്സരിക്കുന്നത് 16 ഇനങ്ങളിലാണ്.

നീരജ് ചോപ്ര

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ ഒളിമ്പിക് സ്വർണമെഡൽ ജേതാവും ജാവലിൻ താരവുമായ നീരജ് ചോപ്രയിലാണ്. ടോക്യോയിൽ 87.58 മീറ്റർ എറിഞ്ഞ നീരജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് 89.94 മീറ്ററാണ്. ഇതിലേതെങ്കിലും ദൂരം താണ്ടാനായാൽ നീരജിനൊരു മെഡൽ ഉറപ്പിക്കാം. പാകിസ്താന്റെ അർഷാദ് നദീം, ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെച് എന്നിവരിൽനിന്നാണ് നീരജിന് കടുത്ത വെല്ലുവിളിയുയരുക.

സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം

ബാഡ്മിന്റണിൽ പുരുഷന്മാരുടെ ഡബിൾസിൽ ലോകമൂന്നാംനമ്പറായ സാത്വിക്‌ സായ്‌രാജ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടി സഖ്യം ഉറച്ച മെഡൽപ്രതീക്ഷയാണ്. ലോകചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയിലെ മികച്ചപ്രകടനത്തിന്റെ അകമ്പടിയുണ്ട്.

നിഖാത് സരിൻ

രണ്ടുതവണ ലോകചാമ്പ്യനായ നിഖാത് സരിൻ ആദ്യമായാണ് ഒളിമ്പിക്‌സിനെത്തുന്നത്. വനിതകളുടെ അമ്പത് കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. മേരികോമിനെപ്പോലെ ബോക്‌സിങ്ങിലൊരു ഒളിമ്പിക് മെഡലിന് ഏറെ സാധ്യതകല്പിക്കപ്പെടുന്ന താരം.

ലൗലീന ബോർഹെയിൻ

വനിതകളുടെ ഗുസ്തിയിൽ 75 കിലോവിഭാഗത്തിലാണ് ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ലൗലീന മത്സരിക്കുന്നത്. ഡൽഹിയിൽ കഴിഞ്ഞവർഷംനടന്ന ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ചൈനയുടെ ലീ കിയാൻ ആകും വലിയ വെല്ലുവിളി ഉയർത്തുക.

മീരാഭായ് ചാനു

ടോക്യോയിൽ ഭാരോദ്വഹനത്തിൽ വെള്ളിനേടിയ മീരഭായ് ചാനു പാരീസിൽ സ്വർണം ലക്ഷ്യമിടുന്നു. പക്ഷേ, അരക്കെട്ടിന് പരിക്കേറ്റതുമൂലം രണ്ടുമാസത്തോളം പരിശീലനത്തെ ബാധിച്ചിട്ടുണ്ട്. പക്ഷേ, 49 കിലോ വിഭാഗത്തിൽ എതിരാളികൾക്ക് ശക്തമായ വെല്ലുവിളിയുയർത്താൻ മീരാഭായിക്ക്‌ കഴിയും.

ഹോക്കി ടീം

നാൽപ്പതുവർഷത്തോളം മെഡൽ അന്യംനിന്നുപോയ ഇന്ത്യൻ പുരുഷ ഹോക്കി ടീം അത് മറികടന്ന് വെങ്കലം നേടിയത് ടോക്യോ ഒളിമ്പിക്‌സിലാണ്. അതേ പ്രകടനം അവർ ആവർത്തിച്ചാൽ മെഡലുറപ്പ്. ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക്‌ കടുത്ത വെല്ലുവിളിയുയർത്തുന്ന ടീമുകളിലൊന്ന്.

പി.വി. സിന്ധു

റിയോ ഒളിമ്പിക്‌സിൽ വെള്ളിയും ടോക്യോയിൽ വെങ്കലവും നേടിയ സിന്ധു അത്രനല്ല ഫോമിലല്ല. പക്ഷേ, ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോണിനു കീഴിൽ പരിശീലിച്ചുതുടങ്ങിയതോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചിട്ടുണ്ട്.

സിഫ്റ്റ് കൗർ സാമ്ര

ഷൂട്ടിങ്ങിലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ സിഫ്റ്റ് കൗർ സാമ്ര ഇന്ത്യയുടെ ഉറച്ച മെഡൽപ്രതീക്ഷയാണ്. ഈ വർഷത്തെ മ്യൂണിക് ലോകകപ്പിൽ 50 മീറ്റർ റൈഫിളിൽ വെങ്കലംനേടി. ചൈനീസ് ഷൂട്ടർമാരായ ഹാൻ ജിയായു ഷാങ് കിയോൺഗ്യു, ബ്രിട്ടന്റെ സെയ്‌നെയ്ഡ് മക്കിന്റോഷ് എന്നിവർ വെല്ലുവിളിയുയർത്തുന്നു.

ആന്റിം പംഗലും വിനേഷ് ഫോഗട്ടും

രണ്ടുവട്ടം ജൂനിയർ ലോക ഗുസ്തി ചാമ്പ്യനും ഏഷ്യൻഗെയിംസിലും സീനിയർ ലോകചാമ്പ്യൻഷിപ്പിലും വെങ്കലംനേടിയ താരവുമായ ആന്റിം പംഗൽ 53 കിലോ വിഭാഗത്തിലാണ് ഇറങ്ങുന്നത്. ആദ്യറൗണ്ടുകൾ കടന്ന് ഫൈനലിലെത്തിയാൽ ജപ്പാന്റെ ശക്തയായ താരം അക്കാരി ഫുജിനാമിയെയായിരിക്കും നേരിടേണ്ടിവരുക. മൂന്നാം ഒളിമ്പിക്‌സിനെത്തുന്ന വിനേഷ് ഫൊഗട്ട്, സീഡഡല്ലാത്തതിനാൽ മത്സരത്തലേന്നു മാത്രമേ ആദ്യ എതിരാളി ആരെന്നറിയാനാകൂ. ജപ്പാന്റെ യൂയി സൂസാക്കിയെ ഓപ്പണിങ് റൗണ്ടിൽ എതിരാളിയായി കിട്ടാനിടയുണ്ട്.

Content Highlights: paris olympics 2024 indias expectation