പാരീസ് ഒളിമ്പിക്‌സ്; ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍

Photo: PTI
Photo: PTI

പാരീസ്: ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട് വനിതാ ടീം. അങ്കിത ഭഗത്ത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം ക്വാര്‍ട്ടറിലെത്തി. റാങ്കിങ് റൗണ്ടില്‍ 1983 പോയന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 2046 പോയന്റുമായി ദക്ഷിണ കൊറിയയാണ് റാങ്കിങ് റൗണ്ടില്‍ ഒന്നാമതെത്തിയത്. 1996 പോയന്റോടെ ചൈന രണ്ടാം സ്ഥാനത്തും 1986 പോയന്റോടെ മെക്‌സിക്കോ മൂന്നാം സ്ഥാനത്തുമെത്തി. റാങ്കിങ് റൗണ്ടിലെ ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറും.  

അരങ്ങേറ്റക്കാരി അങ്കിത ഭഗത്താണ് 666 പോയന്റുമായി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. വ്യക്തിഗത വിഭാഗത്തില്‍ 11-ാം സ്ഥാനത്തെത്താനും താരത്തിനായി. സീസണില്‍ അങ്കിതയുടെ മികച്ച പ്രകടനമാണിത്. 659 പോയന്റുമായി ഭജന്‍ കൗര്‍ 22-ാം സ്ഥാനത്തും 658 പോയന്റുമായി ദീപിക 23-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അഞ്ചു മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ പരസ്പരം മത്സരിക്കണം.

ഫ്രാന്‍സ് - നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ വിജയികളാകും ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി.

Content Highlights: paris olympics 2024 indian womens archery team advances to quarterfinals