വിജയത്തില്‍ പ്രചോദനം ഭഗവദ്ഗീത - മെഡല്‍ നേട്ടത്തിനു പിന്നാലെ മനു ഭാക്കര്‍

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി ചരിത്രം തീര്‍ത്തതിനു പിന്നാലെ ഭഗവദ്ഗീത ഉദ്ധരിച്ച് മനു ഭാക്കര്‍. മെഡല്‍ നേട്ടത്തിനു പിന്നാലെ സംസാരിക്കവെയാണ് വിജയത്തില്‍ ഭഗവദ്ഗീത പ്രചോദനമായ കാര്യം പറഞ്ഞത്. ഗീതയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നെന്നും ഫൈനല്‍ മത്സരത്തില്‍ ആ വാക്കുകള്‍ തന്നോട് അടുത്തെന്നും മനു ഭാക്കര്‍ പറഞ്ഞു.
'നല്ലത്, എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഇന്ത്യക്ക് ഏറെ നാളായി ലഭിക്കേണ്ട മെഡലാണിത്. ഞാന്‍ അതിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. ഇന്ത്യ കൂടുതല്‍ മെഡലുകള്‍ അര്‍ഹിക്കുന്നു. ഇത്തവണ കഴിയുന്നത്ര പരിപാടികള്‍ക്കായി കാത്തിരിക്കുന്നു. മുഴുവന്‍ ടീമും കഠിനാധ്വാനം ചെയ്തു. വ്യക്തിപരമായി എനിക്കിത് ഈ വികാരം അതിശയകരമാണ്. ഞാന്‍ നന്നായി ചെയ്‌തെന്ന് തോന്നുന്നു. ഞാന്‍ പരമാവധി ഊര്‍ജം മുഴുവന്‍ ഉപയോഗപ്പെടുത്തി പോരാടി. അതെ, ഇതൊരു വെങ്കലമായിരുന്നു. പക്ഷേ, ഇന്ത്യക്കായി വെങ്കലം നേടിയതില്‍ അഭിമാനമുണ്ട്. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടാം'- മനു ഭാക്കര്‍ പറഞ്ഞു.
'സത്യം പറഞ്ഞാല്‍ ഞാന്‍ ഗീത കുറെ പാരായണം ചെയ്തിരുന്നു. നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ചെയ്യുക എന്നാണ് അപ്പോള്‍ മനസ്സിലൂടെ കടന്നുപോയത്. ചെയ്യേണ്ടത് ചെയ്ത് അതിനെ വെറുതെ വിടുക. വിധി എന്തുതന്നെയായാലും നിങ്ങള്‍ക്ക് അതിന്റെ ഫലം നിയന്ത്രിക്കാനാവില്ല. ഗീതയില്‍ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നുണ്ട്, നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കര്‍മയിലാണ്, കര്‍മഫലത്തിലല്ല എന്ന്. അതുമാത്രം എന്റെ തലയിലൂടെ ഓടി. നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക, ബാക്കിയെല്ലാം അതിന്റെ വഴിക്ക്' എന്ന ചിന്തയായിരുന്നെന്ന് മത്സരശേഷം മനു ഭേക്കര്‍ പറഞ്ഞു.
Content Highlights: manu bhaker quotes bhagavad gita after bronze paris olympics