ദുഃസ്വപ്നംപോലെ പരിക്ക്; തിരിച്ചുവരുമെന്ന് ശ്രീശങ്കര്‍

കോഴിക്കോട്/മുംബൈ: പാരീസ് ഒളിമ്പിക്സ് അടുത്തിരിക്കെ, ലോങ്ജമ്പ് താരം എം. ശ്രീശങ്കറിനേറ്റ പരിക്ക് ഇന്ത്യന്‍ ടീമിനും മലയാളികള്‍ക്കാകെയും നിരാശയായി. പുരുഷ ലോങ്ജമ്പില്‍ ലോകറാങ്കിങ്ങില്‍ ഏഴാമതുള്ള ശ്രീശങ്കര്‍ ഇന്ത്യയുടെ പ്രതീക്ഷകളിലൊന്നായിരുന്നു. ചൊവ്വാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ശ്രീശങ്കര്‍ വ്യാഴാഴ്ച സാമൂഹിക മാധ്യമത്തിലൂടെയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്. മുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
'ചൊവ്വാഴ്ച പരിശീലനത്തിനിടെ എന്റെ കാല്‍മുട്ടിനു പരിക്കേറ്റു, കഴിഞ്ഞവര്‍ഷങ്ങളില്‍ ഞാന്‍ വിശ്രമമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്നത് ഒരു സ്വപ്നത്തിനുവേണ്ടിയായിരുന്നു. ഒരു ദുഃസ്വപ്നംപോലെ വന്നുചേര്‍ന്ന പരിക്ക് ആ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു' -ശ്രീശങ്കര്‍ എക്സില്‍ കുറിച്ചു.
മുന്‍ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനായ ശ്രീശങ്കര്‍, അതലറ്റിക്സില്‍ പാരീസിലേക്ക് യോഗ്യതയുറപ്പിച്ച ഒരേയൊരു മലയാളിയാണ്.
ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് പരിക്കേറ്റത്. ഉടന്‍ ഡോക്ടറെ കണ്ട് വിശദപരിശോധനനടത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വിദഗ്ധപരിശോധനയ്ക്കായി ബുധനാഴ്ച മുംബൈയിലേക്കുപോയി. സ്പോര്‍ട്സ് മെഡിസിനില്‍ വിദഗ്ധനായ ഡോ. പാഡിവാലയുടെ കീഴിലായിരുന്നു പരിശോധന. നേരിയ പൊട്ടലുള്ളതായി എം.ആര്‍.ഐ. പരിശോധനയില്‍ ബോധ്യമായി. മുംബൈയില്‍ ചികിത്സ തുടരും. പരിക്ക് ഉടന്‍ ഭേദമായാലും പരിശീലനത്തിലേക്ക് കടക്കാന്‍ സമയമെടുക്കും എന്നതിനാലാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. ജൂലായ് 26-നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്.
ഒളിമ്പിക്സിനും ഡയമണ്ട് ലീഗ് മത്സരങ്ങള്‍ക്കും മുന്നോടിയായി കഠിനമായ പരിശീലനത്തിലായിരുന്നു. ഏപ്രില്‍ 27-ന് ഷാങ്ഹായിലും മേയ് 10-ന് ദോഹയിലും നടക്കുന്ന ഡയമണ്ട് ലീഗ് മത്സരത്തിനുപോകാനുള്ള തയ്യാറടുപ്പിനിടെയാണ് പരിക്കേറ്റത്.
എത്രയുംവേഗം ഗ്രൗണ്ടിലേക്ക് തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
'നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെ അതുപോലെ സ്വീകരിക്കാനും മാറ്റാന്‍പറ്റുന്ന കാര്യങ്ങള്‍ക്കുവേണ്ടി കഠിനമായി പ്രയത്‌നിക്കാനുമുള്ള മനസ്സും ധൈര്യവും ജീവിതത്തില്‍ എന്നുമുണ്ടായിരുന്നു. ജീവിതം ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായ തിരക്കഥയൊരുക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കുക എന്നതുമാത്രമാണ് എനിക്കു ചെയ്യാനുള്ളത്. പരിക്കേറ്റ ആ നിമിഷംതന്നെ തിരിച്ചുവരാനുള്ള ശ്രമവും തുടങ്ങി. ഇക്കാര്യത്തില്‍ നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു' - ശ്രീശങ്കര്‍ കുറിച്ചു.
Content Highlights: knee injury ends sreeshankars paris olympics dream