കണ്ടല്‍, കയാക്കിങ്, കായല്‍രുചി; സഞ്ചാരികള്‍ സ്വയം മറന്നുപോകുന്ന കവ്വായി

കായലിലൂടെ കയാക്കിങ് നടത്തി കണ്ടല്‍ക്കൂട്ടങ്ങളുടേയും തെങ്ങിന്‍തോപ്പുകളുടേയും സൗന്ദര്യത്തില്‍ മതിമറന്ന് കായല്‍വിഭവങ്ങളുടെ രുചിയും അനുഭവിച്ച് വയറും മനസ്സും നിറച്ച് മടങ്ങാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ കണ്ണുമടച്ച് യാത്ര തിരിച്ചോളൂ, കവ്വായി കായല്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മനസ്സ് തണുക്കുന്ന കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക് ഊളിയിടാന്‍ കൊതിക്കുന്നവര്‍ക്ക് വേറിട്ട അനുഭവമാകും കവ്വായി ഒരുക്കിവെച്ചിരിക്കുന്ന സര്‍പ്രൈസുകള്‍.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്താണ് കവ്വായി ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായലും വടക്കന്‍ കേരളത്തിലെ ഏറ്റവും വലുതുമായ കവ്വായി കായലിലാണ് ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ആറ് പുഴകള്‍ സംഘമിക്കുന്ന ഇടമാണ് കവ്വായി കായല്‍. 34 കി.മീ ദൈര്‍ഘ്യമുള്ള കായലില്‍ ചെറുതും വലുതുമായി നിരവധി തുരുത്തുകളുണ്ട്. വലിയ പറമ്പാണ് ഇതില്‍ ഏറ്റവും നീളമുള്ള തുരുത്ത്. വേമ്പനാട്ട് കായല്‍ കഴിഞ്ഞാല്‍ ഏറ്റവും മനോഹരമായ കായല്‍ എന്നറിയപ്പെടുന്നത് കവ്വായി കായലാണ്. കായലിനുള്ളിലെ ചെറുതുരുത്തുകളിലുള്ള കണ്ടല്‍കൂട്ടങ്ങളും ജൈവവൈവിധ്യങ്ങളും സവിശേഷമായ സൗന്ദര്യമാണ് കവ്വായിക്ക് സമ്മാനിക്കുന്നത്.
പച്ചത്തുരുത്തുകളുടെ സൗന്ദര്യം
പച്ചപ്പ് നിറഞ്ഞ സസ്യങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയാല്‍ പൊതിഞ്ഞ ദ്വീപുകളാണ് കവ്വായിയുടെ പ്രധാന ആകര്‍ഷണം. കവ്വായി, വലിയപറമ്പ്, പടന്നക്കടപ്പുറം, വടക്കേക്കാട്, കൊക്കല്‍, ഇടയിലക്കാട്, മാടക്കല്‍, കന്നുവീട്, കവ്വായിക്കടപ്പുറം, ഉടുമ്പന്തല, കൊച്ചന്‍, വടക്കുമ്പാട് തുടങ്ങിയവയാണ് കവ്വായി കായലിലുള്ള പ്രധാന ദ്വീപുകള്‍. വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി പലദ്വീപുകളിലും സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. ഒപ്പം നീണ്ടുപരന്നുകിടക്കുന്ന കായല്‍ കാഴ്ചകള്‍ സഞ്ചാരികളെ ഇവിടേക്ക് വീണ്ടും വിളിച്ചുവരുത്തുന്നു.
ഏഴിമല മുതല്‍ ആരംഭിക്കുന്ന കായല്‍ മുപ്പത് കിലോമീറ്ററോളം നീണ്ട് നീലേശ്വരം അഴിത്തലവഴിയാണ് കടലിലേക്ക് ചേരുന്നത്. പലയിടത്തും കടലും കായലും തമ്മില്‍ കയ്യെത്തും ദൂരം മാത്രം. കവ്വായിയിലെത്തുന്ന സഞ്ചാരികള്‍ക്കായി ബോട്ട് യാത്രയും കയാക്കിങ് സൗകര്യങ്ങളും ഉണ്ട്. കവ്വായി ടൂറിസം സാധ്യതകള്‍ പരിഗണിച്ച് വലിയ ബോട്ട് ജെട്ടി തന്നെ ഇവിടെ നിര്‍മിച്ചിട്ടുണ്ടെങ്കിലും സര്‍വീസുകള്‍ കുറവാണ്. നിലവില്‍ ചുരുങ്ങിയ എണ്ണം ബോട്ടുകള്‍ മാത്രമാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. മനോഹരമായ നിരവധി ചെറിയ ദ്വീപുകളാല്‍ സമ്പന്നമായ ഈ കായലും പച്ചപ്പ് നിറഞ്ഞ തീരങ്ങളും ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ബോട്ട് യാത്രകളാണ്. ബോട്ട് യാത്ര തിരഞ്ഞെടുക്കുന്നവര്‍ക്ക് ബോട്ടില്‍ കായല്‍ ചുറ്റിക്കണ്ട് തിരിച്ചെത്താം. അല്ലെങ്കില്‍ ഒറ്റയ്ക്കോ ചെറുസംഘങ്ങളായോ കയാക്ക് ചെയ്യാം. അധികം ആഴമില്ലാത്ത കായല്‍പ്പരപ്പുകളിലൂടെ ഒറ്റയ്ക്ക് തുഴഞ്ഞ് കായല്‍സൗന്ദര്യം നുകരാം. ഇതിനുപുറമേ ജെറ്റ് സ്‌കീയിംഗ്, സ്പീഡ് ബോട്ട് തുടങ്ങിയ ജലസാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.
കയാക്കും കവ്വായിയും
അസ്തമനങ്ങളില്‍ ഓളങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന സ്വര്‍ണശോഭ കവ്വായി കായലിലാകെ പരന്നൊഴുകും. എവിടെയാണ് നമ്മളുള്ളതെന്ന് മറന്നുപോകുന്ന തരത്തിലേക്ക് കവ്വായിയുടെ സൗന്ദര്യമുയരും. കവ്വായിയുടെ സൗന്ദര്യം പൂര്‍ണമായി തിരിച്ചറിയണമെങ്കില്‍ പുലര്‍ച്ചെയോ സൂര്യസ്തമന സമയത്തോ കയാക് ചെയ്യണമെന്നാണ് നാട്ടുകാര്‍ പറയുക. ആദ്യമായി കയാക്ക് തുഴയുന്നവര്‍ക്ക് ഇതൊരു സാഹസികതയാണ്. എന്നാല്‍ സഞ്ചാരികള്‍ക്ക് വേണ്ട ട്രെയിനിങ്ങ് നല്‍കിയതിന് ശേഷം മാത്രമേ കയാക് യാത്ര ആരംഭിക്കുക. 'ടെക്നിക്' പിടികിട്ടുന്നതുവരെ കയാക്കിങ് അല്‍പം ആശങ്ക നല്‍കുമെങ്കിലും പോകപ്പോകെ ആ യാത്ര പുതിയ അനുഭവങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അധികം ആഴമില്ലാത്ത, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കായല്‍പ്പരപ്പിലൂടെ ദൂരെയുള്ള പച്ചത്തുരുത്തുകളെ ലക്ഷ്യം വെച്ച് തുഴഞ്ഞുപോകാം. കായലില്‍ അങ്ങിങ്ങ് കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഇടങ്ങളുണ്ട്. ആഴം കുറഞ്ഞ ഇവിടങ്ങളിലിറങ്ങി വെള്ളത്തിലൂടെ നടക്കാം. ഇതുവരെ കണ്ടിട്ടില്ലാത്ത ജലജീവികള്‍ കാലിനെ തൊട്ടുതഴുകി പോവുന്നത് അനുഭവിച്ചറിയാം. കവ്വായി കായലിലെത്തുന്ന സഞ്ചാരികളെല്ലാം ഈ തുരുത്തുകളെയാണ് പ്രധാന ഫോട്ടോ സ്പോട്ടുകളായി തിരഞ്ഞെടുക്കുക. വെള്ളത്താല്‍ ചുറ്റപ്പെട്ട കണ്ടല്‍ക്കൂട്ടങ്ങള്‍ പകരംവെയ്ക്കാനില്ലാത്ത ഹരിതസൗന്ദര്യമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. കണ്ടല്‍ക്കാടുകള്‍ക്ക് പുറമേ തെങ്ങുകളും മറ്റ് സസ്യജാലങ്ങളുമെല്ലാം നിറഞ്ഞ ചെറുതും വലുതുമായ വേറേയും തുരുത്തുകള്‍ ഇവിടെയുണ്ട്. സാഹചര്യവും സൗകര്യവും നോക്കി കയാക് അടുപ്പിച്ച് ഇവിടേയും കയറി സ്വസ്ഥമായിരിക്കാം. മണിക്കൂറിന് 200-300 രൂപയാണ് കയാകിന് ചാര്‍ജ് ചെയ്യുക.
കയാല്‍രുചിയും കവ്വായിയും
ശാന്തമായൊഴുകുന്ന കായയിലൂടെയുള്ള യാത്ര അല്‍പം ക്ഷീണിച്ചെങ്കില്‍ സ്വാദിഷ്ടമായ കടല്‍-കായല്‍ വിഭവങ്ങള്‍ രുചിച്ച് വയറുനിറയ്ക്കാനുള്ള കവ്വായിയിലുണ്ട്. കടല്‍ വിഭവങ്ങളും പലഹാരങ്ങളും നാടന്‍ രീതിയില്‍ പാകം ചെയ്ത് നല്‍കുന്ന നിരവധി ചെറിയ കടകള്‍ കായല്‍തീരത്ത് ധാരാളമായുണ്ട്. മീന്‍, ഞണ്ട് തുടങ്ങിയവ കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ രുചിച്ച് വയറും നിറച്ച് കവ്വായിയില്‍ നിന്ന് മടങ്ങാം.
എങ്ങനെ എത്തിച്ചേരാം?
റോഡ് മാര്‍ഗം വരുന്നവര്‍ക്ക് പയ്യന്നൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് 7 കിലോമീറ്ററിനടുത്ത് സഞ്ചരിച്ച് കവ്വായിയിലെത്താം. കോഴിക്കോട്, കാസര്‍കോട് ഭാഗത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങണം. സ്റ്റേഷന് മുന്നില്‍ നിന്ന് ഓട്ടോ കയറിയില്‍ മൂന്നര കിലോമീറ്റര്‍ യാത്ര മാത്രമാണ് കവ്വായിയിലേക്കുള്ളത്.
Content Highlights: kavvayi islands kannur travel kayaking national tourism day