കണ്ണട ഉപയോഗിക്കുന്നതോ തിമിരബാധയോ പ്രമേഹമോ നേത്രദാനത്തിനു തടസ്സമല്ല

Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

കണ്ണുകൾ ദാനംചെയ്ത് മരണശേഷവും സമൂഹത്തിൽ വെളിച്ചം ചൊരിയുന്നവർ നിരവധിയാണ്. നമ്മൾ മരിച്ചാലും നമ്മുടെ കണ്ണുകൾ ജീവിക്കും. നേത്രദാനം പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് എല്ലാ വർഷവും ദേശീയതലത്തിൽ പക്ഷാചരണം സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ എട്ടു വരെയാണ് ആചരണം. 

മരണശേഷം ഒരാളുടെ നേത്രങ്ങൾ കുടുംബത്തിന്റെ സമ്മതത്തോടെ, മറ്റൊരാൾക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചു കൊടുക്കുന്നതാണ് നേത്രദാനം. ഈ പ്രക്രിയയെ keratoplasty അല്ലെങ്കിൽ corneal transplantation എന്നാണ് പറയുന്നത്. നേത്രദാനത്തിനു സജ്ജരാകുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

  • മരണശേഷം 2-6 മണിക്കൂറുകൾക്കുള്ളിൽ കണ്ണുകൾ ദാനംചെയ്തിരിക്കണം.
  • പ്രായം, ലിംഗഭേദം, രക്തഗ്രൂപ്പ് എന്നിവയൊന്നും നേത്രദാനത്തിനു തടസ്സമല്ല. എച്ച്.ഐ.വി.-എയ്ഡ്സ്, ടി.ബി., കാൻസർ എന്നിവയില്ലാത്ത ആർക്കും കണ്ണുകൾ ദാനംചെയ്യാം.
  • കണ്ണട ഉപയോഗിക്കുന്നതോ തിമിരബാധയോ പ്രമേഹമോ രക്തസമ്മർദ്ദമോ നേത്രദാനത്തിനു തടസ്സമല്ല.
  • ജീവിച്ചിരിക്കുമ്പോൾ തന്നെ നേത്രദാന സമ്മതപത്രം പൂരിപ്പിച്ചു നൽകാം. മരണശേഷം കുടുംബാംഗങ്ങൾ അടുത്തുള്ള നേത്രബാങ്കിനെ അറിയിച്ചാൽ ഡോക്ടർ വീട്ടിൽ/ആശുപത്രിയിൽ വന്ന് നേത്രപടലം എടുക്കും.
  • നേത്രപടലം എടുക്കുന്നത് അര മണിക്കൂർ മതിയാകുന്ന ചെറിയ പ്രക്രിയയാണ്. അത് മുഖത്തിന് ഒരു അഭംഗിയും വരുത്തില്ല. മരണാനന്തരച്ചടങ്ങുകൾക്കും തടസ്സമുണ്ടാകില്ല.

മരണശേഷം നേത്രദാനം ചെയ്യുന്നതിന് കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

  • മരിച്ച വ്യക്തിയുടെ കണ്ണുകൾ നന്നായി അടയ്ക്കുക.
  • മൃതദേഹം കിടത്തുന്ന മുറിയിൽ ഫാനുണ്ടെങ്കിൽ ഓഫാക്കുക.
  • വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് കൺപോളകളിൽ ചെറിയ നനവ് വയ്ക്കുക.
  • എ.സി. മുറിയുണ്ടെങ്കിൽ അവിടേക്കു മാറ്റാം. കൂളർ ഓൺ ചെയ്തുവെയ്ക്കാം.
  • കണ്ണല്ല, നേത്രപടലമാണ് എടുക്കുന്നത്

നേത്രദാനത്തിലൂടെ നേത്രപടല(cornea)മാണ് മാറ്റിവെക്കുന്നത്. കൃഷ്ണമണിക്കു മുകളിലെ നേർത്ത സുതാര്യമായ ഭാഗമാണ് നേത്രപടലം. കണ്ണ് മുഴുവനായെടുത്ത് മറ്റൊരാൾക്ക് വച്ചുപിടിപ്പിക്കാനാകില്ല. നേത്രപടലത്തിൽ വെളുത്ത പാടുകൾ വീഴുക, പോഷകാഹാരക്കുറവ്, കണ്ണിലെ അണുബാധ, പരിക്കുകൾ തുടങ്ങിയവയാണ് നേത്രപടല അന്ധതയ്ക്കുള്ള പ്രധാന കാരണങ്ങൾ. നേത്രപടലം മാറ്റിവെയ്ക്കൽ മാത്രമാണ് ഇതിന്റെ പരിഹാരം.

നേത്രബാങ്ക്

ദാനമായി ലഭിക്കുന്ന നേത്രങ്ങൾ നേത്രബാങ്കിൽ സൂക്ഷിക്കുകയും ആവശ്യമായ പരിശോധനകൾക്കു ശേഷം 72 മണിക്കൂറിനുള്ളിൽ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ദാനം ചെയ്യപ്പെടുന്ന നേത്രങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് നിയമപരമായി ക്രിമിനൽ കുറ്റമാണ്.

സംസ്ഥാന സർക്കാരിനു കീഴിൽ കേരളത്തിലെ അഞ്ച് മെഡിക്കൽ കോളേജുകളിലും നേത്രബാങ്ക് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരുകളിൽ ബന്ധപ്പെടാം.

1. റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി, ഗവ. ഓഫ്താൽമിക് ഹോസ്പിറ്റൽ, തിരുവനന്തപുരം-0471- 2304046/9946749521.

2.ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ- 9846129097.

3. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ- 9633288528/0487 2200310.

4. ഗവ. മെഡിക്കൽ കോളേജ്, കോട്ടയം- 0481- 2592219/9400196025.

5. ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്- 8281054400.

വിവരങ്ങൾക്ക് കടപ്പാട്

ശാന്തി ബി.ടി
ഐ ഡൊണേഷൻ കൗൺസിലർ,
റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി,
ഗവ. കണ്ണാശുപത്രി, തിരുവനന്തപുരം
 

Content Highlights: national eye donation fortnight, things to know about eye donation, eye donation awareness