മഴക്കാലത്തും ഫാനും എസിയും ഓണാക്കിയാണോ ഉറക്കം?, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഏറെയുണ്ട്

പ്രതീകാത്മക ചിത്രം| ഫോട്ടോ: AI generated
പ്രതീകാത്മക ചിത്രം| ഫോട്ടോ: AI generated

കൊടും മഴയത്തും എസി 20 ഡിഗ്രിയ്ക്ക് താഴെയാക്കി ഫാൻ ഏറ്റവും സ്പീഡ് വെച്ച് ഉറങ്ങുന്നവർ കേന്ദ്ര സർക്കാർ എസി പ്രവര്‍ത്തനത്തിന് കൊണ്ടുവരാൻ പോകുന്ന നിയന്ത്രണങ്ങളെ പറ്റി അറിഞ്ഞുകാണും. മഴക്കാലത്തും എയർ കണ്ടീഷണർ ഉപയോഗിക്കുന്നവർ ഏറെയാണ്. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ഈ മാറ്റമെന്നാണ് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചത്.

എന്നാൽ മഴക്കാലത്തെ എസി ഉപയോഗത്തിൽ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 

ഫിൽറ്ററുകൾ വൃത്തിയായി സൂക്ഷിക്കുക

എസി ഫിൽറ്ററുകൾ കൃത്യമായ കാലയളവിൽ വൃത്തിയാക്കണം, പ്രത്യേകിച്ച്  മഴക്കാലത്ത്. പൊടിയും അഴുക്കും ഫിൽറ്ററിൽ അടിഞ്ഞുകൂടുന്നത് വായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും എസിയുടെ കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും. 

ഔട്ട്ഡോർ യൂണിറ്റിൽ കവർ ഉപയോഗിക്കാം

മഴയിൽ എസിയുടെ ഔട്ട്ഡോർ യൂണിറ്റ് നനയാതിരിക്കാൻ ശ്രദ്ധിക്കുക. ഇലകൾ, മണ്ണ്, അല്ലെങ്കിൽ മറ്റ് അവശിഷ്ടങ്ങൾ യൂണിറ്റിന് ചുറ്റും അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ യൂണിറ്റിന് ചുറ്റും വൃത്തിയാക്കുക. വാട്ടർപ്രൂഫ് കവർ ഉപയോഗിക്കുന്നത് യൂണിറ്റിനെ സംരക്ഷിക്കാൻ സഹായിക്കും. വായുസഞ്ചാരം സുഗമമാകുന്ന തരത്തിലുള്ള എസി കവർ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

ഡ്രെയിനേജ് സിസ്റ്റം പരിശോധിക്കുക

ഈർപ്പം കാരണം എസിയിൽ നിന്ന് ചോർച്ച ഉണ്ടാകാം. ഡ്രെയിനേജ് പൈപ്പ് അടഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കുക. അടവ് ഉണ്ടെങ്കിൽ, അത് വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുകുന്നുവെന്ന് ഉറപ്പാക്കുക.

സർവീസിങ് നടത്തുക

മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് പ്രൊഫഷണൽ സർവീസ് നടത്തുന്നതാണ് ഉചിതം. എസിയുടെ കോയിലുകൾ, ഫിൻ കോമ്പുകൾ, മറ്റ് ഘടകങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനും ഗ്യാസ് ലെവൽ പരിശോധിക്കുന്നതിനും സർവീസിങ്ങിനെ സഹായിക്കും. 

വൈദ്യുതി കണക്ഷനുകൾ പരിശോധിക്കാം

മഴക്കാലത്ത് വൈദ്യുതിചോർച്ച ഒഴിവാക്കാൻ എസിയുടെ വയറിങ്ങുകളും പ്ലഗുകളും പരിശോധിക്കുക. ഏതെങ്കിലും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ ഒരു ഇലക്ട്രീഷ്യനെ വിളിക്കുക.

വോൾട്ടേജ് സ്റ്റെബിലൈസർ 

പതിവായി വോള്‍ട്ടേജ് ക്ഷാമമുണ്ടാകുന്ന പ്രദേശത്താണ് വീടെങ്കില്‍ എസിക്കൊപ്പം വോള്‍ട്ടേജ് സ്‌റ്റെബിലൈസര്‍ ഉപയോഗിക്കുന്നത് നന്നാകും.

താപനില ക്രമീകരിച്ച് ഉപയോഗിക്കാം

മഴക്കാലത്ത്, താപനില 25-30 ഡിഗ്രി സെൽഷ്യസിൽ സജ്ജീകരിക്കുന്നത് ഊർജ ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. 

വെന്റിലേഷൻ ഉറപ്പാക്കുക

എസി പ്രവർത്തിപ്പിക്കാത്ത സമയത്ത് മുറിയിൽ മതിയായ വെന്റിലേഷൻ ഉണ്ടെന്ന് ഉറപ്പാക്കണം. വാതിലുകളും ജനലുകളും ഇടയ്ക്കിടെ തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുക. ഇത് ഈർപ്പവും എസിയുടെ പ്രവർത്തനഭാരവും കുറയ്ക്കാൻ സഹായിക്കും.

ഡീഹ്യൂമിഡിഫയർ മോഡ് പ്രയോജനപ്പെടുത്താം

എസിയിൽ ഡീഹ്യൂമിഡിഫയർ മോഡ് (dehumidifier mode/ dry mode) ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക. ഇതിലൂടെ മുറിയിലെ അധിക ഈർപ്പം കുറയ്ക്കാനും എസിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമാകും.

ഇടിയും മിന്നലുമുണ്ടെങ്കിൽ എസി വേണ്ട

ശക്തമായ കൊടുങ്കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ എസി യൂണിറ്റുകൾ ഓഫ് ചെയ്യുന്നതാണ് ഉചിതം. ശക്തമായ കാറ്റിൽ എസി മെഷീന്റെ ഔട്ട്ഡോർ ഫാൻ ബ്ലേഡുകൾക്കും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ വരാൻ സാധ്യത ഏറെയാണ്. എസിയ്ക്ക് മാത്രമല്ല, ഉപയോക്താവിന്റെ സുരക്ഷയ്ക്കും ഇത് ഭീഷണിയാണ്. 

Content Highlights: Protecting Your Air Conditioner from Monsoon Damage