പെയ്‌തൊഴിയാത്ത മഴയോര്‍മകള്‍

#വൃന്ദ മോഹന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: വി. ബാലു, മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: വി. ബാലു, മാതൃഭൂമി

കുട്ടിക്കാലത്തെ മഴയോര്‍മകളെല്ലാം അതേ നനവോടെ ഇന്നും ഓര്‍മച്ചെപ്പില്‍ ഭദ്രമായുണ്ട്. ഉറഞ്ഞ് തുള്ളുന്ന വെളിച്ചപ്പാടിനെപ്പോലെ മുറ്റത്ത് മഴ തകര്‍ക്കുമ്പോള്‍ ഒരു കുഞ്ഞിക്കുടയുമായി ലോകം കാണാനിറങ്ങുമായിരുന്നു ഞാന്‍. വേനല്‍ക്കാലം അവസാനിച്ച് മഴയെത്താന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുക പതിവായിരുന്നു. അതുവരെ വേനല്‍ച്ചൂടില്‍ തളര്‍ന്ന ചെടികള്‍ക്കൊപ്പം മുറ്റത്ത് ക്ഷണിക്കാത്ത ഒരു അതിഥി കൂടി എത്തും- പായല്‍. മഴ മൂന്നാംദിവസം എത്തിയതോടെ മഴ കാണാന്‍ പുറത്തിറങ്ങിയ ഞാന്‍ ദേ കിടക്കുന്നു കുടയുമായി താഴെ! ആദ്യമൊക്കെ നിലവിളി കേള്‍ക്കുമ്പോള്‍ത്തന്നെ അമ്മയോ അച്ഛനോ അമ്മമ്മയോ ആരെങ്കിലുമൊക്കെ ഓടി വന്ന് എടുക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ, 'ഓ സാരമില്ല, പയ്യെ എണീറ്റ് ഇങ്ങ് പോരെ'ന്നുള്ള അശശീരി മാത്രമായി.നല്ല മുറിവുണ്ടെങ്കിലും അടുത്ത ദിവസവും മഴയത്ത് ഞാന്‍ ഉണ്ടാകും. 

കലാലയ ജീവിതകാലത്തും മഴകണ്ടാല്‍ നനയുന്ന ശീലത്തിന് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. തിരുവനന്തപുരത്തെ പ്രശസ്തമായ ഗേള്‍സ് ഒണ്‍ലി കോളേജിലായിരുന്നു എന്റെ ഡിഗ്രി പഠനം. അതിമനോഹരമായ കാമ്പസ് ആണ്. മഴ തുടങ്ങിയാല്‍ പിന്നെ പറയുകയും വേണ്ട. അങ്ങിങ്ങായി ചെറു വെള്ളക്കെട്ടുകളും വജ്രമൂക്കുത്തി ഇട്ട പോലെ തിളങ്ങുന്ന ഇലത്തുമ്പുകളും ആ ക്യാമ്പസിന്റെ ഭംഗി ഇരട്ടിയാക്കും. എന്റെ അതേ മഴഭ്രാന്തുള്ള എട്ട് പേരായിരുന്നു എന്റെ കൂട്ടുകാര്‍. മഴയുമായി മത്സരിച്ച് ക്ലാസ്സെടുക്കാന്‍ കഴിയാത്തത് കൊണ്ടാകും, മഴക്കാലത്ത് ഞങ്ങള്‍ക്ക് അധികസമയം ക്ലാസ്സില്‍ ഇരിക്കേണ്ടി വന്നിരുന്നില്ല. ടീച്ചര്‍ പോകുന്നതും ഞങ്ങള്‍ പതിയെ മഴ നനയാന്‍ ഇറങ്ങും. വെള്ളക്കെട്ടുകളില്‍ ഇറങ്ങി അങ്ങോട്ടുമിങ്ങോട്ടും വെള്ളം തട്ടിത്തെറിപ്പിച്ച് ആകെ ബഹളമയമാണ് പിന്നെ. ഒരു തവണ കളിയല്‍പം കാര്യമായി.

തലേദിവസം രാത്രി തുടങ്ങിയ മഴ അടുത്ത ദിവസമായിട്ടും തോര്‍ന്നിട്ടില്ലായിരുന്നു. കോളേജ് മുഴുവന്‍ വെള്ളം. ആദ്യത്തെ അവര്‍ കഴിഞ്ഞതും ഞങ്ങള്‍ പുറത്തുചാടി. മഴയുടെ ഒച്ചയെക്കാളും പിന്നെ മുഴങ്ങി കേട്ടത് ഞങ്ങളുടെ ബഹളമായിരുന്നു. പിന്നീട് പരിസരബോധം വന്നത്, 'വാട്ട് ദി ഹെല്ല് ഈസ് ദിസ്' എന്ന അലര്‍ച്ചയിലാണ്. നോക്കിയപ്പോള്‍, ഞങ്ങളുടെ മുന്നില്‍ വെള്ള വസ്ത്രത്തിലാകെ ചെളിവെള്ളവുമായി നില്‍ക്കുന്ന സിസ്റ്റര്‍! അത് ഞങ്ങളുടെ സംഭാവനയായിരുന്നു എന്ന് മനസ്സിലാകാന്‍ കുറച്ച് സമയമെടുത്തു.  അത് വരെ മഴ നനഞ്ഞ് കിട്ടിയ സകല രസവും ഒറ്റ മിനിട്ടില്‍ പോയി. പിന്നത്തെ കാര്യം പറയണ്ടല്ലോ...വഴക്കും ബഹളവുമായി ഒരാഴ്ച്ച പോയികിട്ടി. അന്നത് വല്യപ്രശ്‌നമായി തോന്നിയെങ്കിലും ഒരുപക്ഷേ അതുതന്നെയാവും എന്റെ ഏറ്റവും നല്ല മഴയോര്‍മ്മ.

Content Highlights: sharing most favorite monsoon memories