പ്രിയങ്ക വാരാണസിയില്‍ മത്സരിച്ചിരുന്നെങ്കില്‍ മൂന്നുലക്ഷംവരെ വോട്ടിന് മോദി പരാജയപ്പെട്ടേനെ- രാഹുല്‍

റായ്ബറേലി (ഉത്തര്‍പ്രദേശ്): പ്രിയങ്കാ ഗാന്ധി വാരാണസിയിൽ നിന്നും ജനവിധി തേടിയിരുന്നെങ്കിൽ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ ഭൂരിപക്ഷത്തിന് നരേന്ദ്രമോദിയെ തോൽപ്പിച്ചേനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്ബറേലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകരോടും രാഹുൽ നന്ദി പറഞ്ഞു. നേരത്തെ, സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെങ്കിലും നിസ്സഹകരണം ചൂണ്ടിക്കാട്ടിയുള്ള പരാതികൾ ഉയർന്നുവരാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ രാജ്യത്തുടനീളം സഖ്യകക്ഷികൾ ഒരുമിച്ച് പോരാടി.
നരേന്ദ്രമോദിയും അമിത് ഷായും ഭരണഘടനയെ തൊട്ടുകളിച്ചതോടെയാണ് ഈ രീതിയിൽ സഖ്യം പ്രവർത്തിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നത് ആദ്യമായി കാണുകയാണ്. ഇത് ഇന്ത്യയുടെ സംസ്കാരത്തിനെതിരാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ നിന്ന് ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം. 2019-ലെ ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്.
Content Highlights: Rahul Gandhis bold assertion on Varanasi Lok Sabha contest