അഷ്ടമുടിക്കായലിപ്പോള്‍ കഷ്ടമുടിക്കായല്‍; ഭാഷയാകുന്ന തെളിനീരും ഇതേ അവസ്ഥയില്‍-ഡോ. എം.എസ്. നൗഫല്‍

എം.എസ്.നൗഫൽ സംസാരിക്കുന്നു.
എം.എസ്.നൗഫൽ സംസാരിക്കുന്നു.

കൊല്ലം: ഭാഷയും സംസ്കാരവും ഒഴുകിക്കൊണ്ടിരിക്കുന്ന നദിപോലെയാണെന്നും ആദിമമനുഷ്യരുടെ സാംസ്കാരിക നിമ്‌നോന്നതങ്ങളിൽനിന്ന്  ഉറവെടുത്ത ആ തെളിനീരുറവയെ പങ്കിലമാക്കരുതെന്നും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എം.എസ്.നൗഫൽ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ചാമത്തെ പ്രഭാഷണം വെള്ളിയാഴ്ച ശാസ്താംകോട്ട കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘ഭാഷയും സംസ്കാരവും’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

ആഴമുള്ളൊരു സാംസ്കാരികത്തനിമ മലയാളത്തിനുണ്ട്. അതിന്റെ ഉറവിടം അന്വേഷിച്ചുപോയാൽ അത് ബി.സി. 3000-ത്തിനപ്പുറത്തെത്തിക്കും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷാഗോത്രമായ മൂലദ്രാവിഡത്തിലെത്തും. അതിന്റെ തുടർച്ചയാണ് മലയാളം എന്നോർക്കണം. അങ്ങനെയുള്ള മലയാളം സംസാരിക്കുമ്പോൾ മൊട്ടയടിക്കുന്നതും കുട്ടികൾ മലയാളം സംസാരിക്കാൻ പേടിക്കുന്നതുമെല്ലാം കഷ്ടമാണ്.

മറ്റുഭാഷകൾ പഠിക്കുന്നതിനൊപ്പം മലയാളത്തെ നാം നെഞ്ചോടുചേർക്കണം. 

എന്റെ വീടും നദിയോരത്താണ്. കല്ലടയാറ്‍ അഷ്ടമുടിക്കായലാകുന്നിടത്ത്. ആ അഷ്ടമുടിക്കായലിനെ കവി കുരീപ്പുഴ ഇഷ്ടമുടിക്കായൽ എന്നാണ് വിളിച്ചത്. ഇപ്പോൾ അത് കഷ്ടമുടിക്കായലാണ്. നമ്മുടെ ഭാഷയാകുന്ന തെളിനീരും ഏതാണ്ട്‌ ഈ അവസ്ഥയിലാണ്-അദ്ദേഹം പറഞ്ഞു. നിരണം കവികളുടെ സ്മാരകം, ഇട്ടി അച്യുതൻ സ്മാരകം തുടങ്ങി ഭാഷയ്ക്ക് മികച്ച സംഭാവനകൾ അർപ്പിച്ചവരെപ്പോലും മറക്കുന്ന തരത്തിലേക്കൊരു സാസ്കാരിക ആലസ്യം നമ്മെ ബാധിച്ചിട്ടുണ്ട്. ഇത്തരം സാംസ്കാരികത്തനിമകളെ കാത്തുസൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി.പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലം ആർ.പി.ബാങ്കേഴ്‌സിന്റെയും കോളേജ്  മലയാളവിഭാഗത്തിന്റെയും സാഹിത്യ ക്ലബ്ബിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി.കോളേജിൽ 'നമ്മുടെ ഭാഷ നമ്മുടെ സംസ്കാരം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ഡോ. എം.എസ്.നൗഫൽ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി.പ്രകാശ്, മലയാളവിഭാഗം മേധാവി എ.വി.ആത്മൻ, ആർ.പി.ബാങ്കേഴ്‌സ് ഡയറക്ടർ ആർ.പ്രകാശൻ പിള്ള തുടങ്ങിയവർക്കൊപ്പം.

ആർ.പി.ബാങ്കേഴ്‌സ് ഡയറക്ടർ ആർ.പ്രകാശൻ പിള്ള, എം.എസ്.നൗഫലിന് ഉപഹാരം സമർപ്പിച്ചു. മലയാളവിഭാഗം മേധാവി എ.വി.ആത്മൻ, മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് ജി.സജിത്കുമാർ, ചീഫ് റിപ്പോർട്ടർ ജി.ജ്യോതിലാൽ എന്നിവർ പ്രസംഗിച്ചു.

Content Highlights: mbifl lecture series2023, mbifl 2023, writer dr. m s nowfal, Sasthamcotta college, kollam