'കേരളത്തില്‍ വിപ്ലവം വീട്ടുപടിക്കല്‍വരെ മാത്രം'-ഷാഹിന കെ. റഫീഖ്

ഷാഹിന കെ. റഫീഖ്
ഷാഹിന കെ. റഫീഖ്

കൊച്ചി: കേരളത്തില്‍ ഇസങ്ങളും വിപ്ലവവുമൊക്കെ വീട്ടുപടിക്കല്‍ വരെയേയുള്ളൂവെന്നും വീട്ടിലെ സമീപനവും ചിന്തയും മാറിയിട്ടില്ലെന്നും കഥാകാരി ഷാഹിന കെ. റഫീഖ്. 'മാതൃഭൂമി' പ്രഭാഷണ പരമ്പരയുടെ ഭാഗമായി മൂവാറ്റുപുഴ നിര്‍മല കോളേജിലെ വേദിയില്‍ സംസാരിക്കുകയായിരുന്നു ഷാഹിന.

ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി 'ക' അക്ഷരോത്സവത്തിന്റെ മുന്നോടിയായിട്ടായിരുന്നു പ്രഭാഷണം. 'പരിണാമ'ത്തിന്റെ രചയിതാവായ എം.പി. നാരായണപിള്ള പഠിച്ച കലാലയമായ നിര്‍മലയിലെത്തിയതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ് പ്രഭാഷണമാരംഭിച്ച എഴുത്തുകാരി, മലയാളിക്ക് പരിണാമമുണ്ടായിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു. കാലപ്രവാഹത്തില്‍ ലോകം മാറിയിട്ടും എവിടെയോ തറഞ്ഞുനില്‍ക്കുന്ന സമൂഹമായി കേരളം മാറി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ കാര്യത്തില്‍ നമ്മള്‍ അതു കണ്ടതാണ്. പെണ്‍കുട്ടികള്‍ എന്തു ധരിക്കണമെന്നു തീരുമാനിക്കുന്നത് മറ്റു പലരുമാണ്. അവരെ ആരാണ് അതിന് അധികാരപ്പെടുത്തിയത്? ലെഗ്ഗിന്‍സ് ധരിച്ചു വന്ന അധ്യാപികയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്നത് തരംതാണ കമന്റുകളാണ്. അത്രയേയുള്ളൂ കേരളത്തിന്റെ പ്രബുദ്ധത. പെണ്‍ശരീരം അത്ര മോശമല്ലെന്ന് നമുക്ക് സ്വയം പറയേണ്ടി വരുന്നു. മുഖം കുനിച്ച് നടന്നില്ലെങ്കില്‍, മുടി പിന്നിയിട്ടില്ലെങ്കില്‍, റെക്കോഡ് ബുക്ക് ചേര്‍ത്തുപിടിച്ചില്ലെങ്കില്‍ പ്രശ്‌നമില്ല എന്നറിയാന്‍ എനിക്ക് കേരളത്തിനു പുറത്തുപോയി ജീവിക്കേണ്ടി വന്നു. മാറിലൊരു ഷാള്‍പോലുമിടാതെ ചാനല്‍ ചര്‍ച്ചയില്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നതെന്തേയെന്ന് എന്നോട് ചില ബന്ധുക്കള്‍ ചോദിച്ചിട്ടുണ്ട്.

ഷാഹിന കെ. റഫീഖിന്റെ പ്രഭാഷണം കേൾക്കുന്ന സദസ്സ്.

പെണ്‍കുട്ടികള്‍ മുടി വെട്ടിയാല്‍ എന്തു പറ്റിയെന്ന് ചോദ്യം, ആണ്‍കുട്ടികള്‍ മുടി വളര്‍ത്തിയാല്‍ കഞ്ചാവാണോയെന്ന് സംശയം. മാറ്റങ്ങളെക്കുറിച്ച് മലയാളികള്‍ക്കെപ്പോഴും സംശയമാണെന്ന് ഷാഹിന കെ. റഫീഖ് പറഞ്ഞു.

നിര്‍മല കോളേജ് പ്രിന്‍സിപ്പല്‍ കെ.വി. തോമസ് സ്വാഗതവും അസിസ്റ്റന്റ് പ്രൊഫ. ഷൈമോന്‍ ജോസഫ് നന്ദിയും പറഞ്ഞു. 'മാതൃഭൂമി' സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് അക്ഷരോത്സവത്തെക്കുറിച്ച് സംസാരിച്ചു. കോളേജ് ബര്‍സാര്‍ റവ. ഡോ. ഫ്രാന്‍സിസ് കണ്ണാടന്‍ ആശംസ നേര്‍ന്നു. പരിപാടിയുടെ പ്രായോജകരായ ഗ്ലോബല്‍ അക്കാദമിയുടെ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ വിശിഷ്ടാതിഥിക്ക് ഉപഹാരം സമ്മാനിച്ചു. 'മാതൃഭൂമി' ലേഖകന്‍ പി.എസ്. രാജേഷ് അവതാരകനായി. 'ക' അക്ഷരോത്സവത്തിനു മുന്നോടിയായി നൂറിലേറെ പ്രഭാഷണങ്ങള്‍ സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്.

Content Highlights: mbifl lecture series2023, mbifl 2023, shahina k rafeeque writer, nirmala college, ernakulam