'ഇന്ന് തെക്കൻ മലയാളം, പോപ്പുലർ സിനിമകളിൽ പരിഹാസരീതിയിലാണ് ഉപയോഗിക്കുന്നത്' -ഡോ. പി.കെ.രാജശേഖരൻ

'മലയാള സാഹിത്യത്തിലെ തെക്കൻ പെരുമ' എന്ന വിഷയത്തിൽ നിരൂപകനുമായ ഡോ. പി.കെ.രാജശേഖരൻ പ്രഭാഷണം നടത്തുന്നു.
'മലയാള സാഹിത്യത്തിലെ തെക്കൻ പെരുമ' എന്ന വിഷയത്തിൽ നിരൂപകനുമായ ഡോ. പി.കെ.രാജശേഖരൻ പ്രഭാഷണം നടത്തുന്നു.

തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ അതിർത്തിയിൽ ജനജീവിതംപോലെ മലയാളഭാഷയും സാഹിത്യവും വെല്ലുവിളികൾ നേരിടുകയാണെന്ന് നിരൂപകനും എഴുത്തുകാരനുമായ ഡോ. പി.കെ.രാജശേഖരൻ. 1956 നവംബർ ഒന്നിന് കന്യാകുമാരി അറ്റുപോയതോടെ മുറിവുകളോടെയാണ് കേരളമുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി ‘നൂറു ദേശങ്ങൾ നൂറു പ്രഭാഷണങ്ങൾ’ എന്ന പരിപാടിയുടെ ഭാഗമായി മലയാള സാഹിത്യത്തിലെ തെക്കൻ പെരുമയെക്കുറിച്ച് കുഴിത്തുറ മലയാളസമാജം ഹാളിൽ സംസാരിക്കുകയായിരുന്നു പി.കെ.രാജശേഖരൻ.

കേരളത്തിന്റെയും തിരുവിതാംകൂറിന്റെയും സാംസ്കാരിക ഹൃദയമാണ് തെക്കൻപ്രദേശത്തെ നാല് താലൂക്കുകളിലൂടെ തമിഴ്‌നാട്ടിലേക്ക്‌ പോയത്. കേരളത്തിന്റെ ചരിത്ര പാഠപുസ്തകങ്ങളിൽ കന്യാകുമാരി ജില്ല നഷ്ടമായത് എങ്ങനെയെന്നു പറയുന്നില്ല. കേരളം വിഭജിക്കപ്പെട്ടതോടെ മലയാളം കന്യാകുമാരിയിൽ ന്യൂനപക്ഷ ഭാഷയായി മാറി. പിന്നീട് മലയാളത്തിന്റെ ന്യൂനപക്ഷ പദവിയും നഷ്ടമായി. വിദ്യാലയങ്ങളിൽനിന്ന്‌ മലയാളം പിന്നോട്ടുപോയി. തെക്കൻപ്രദേശം സാംസ്കാരികമായി അന്യംനിന്നുപോയി. കേരളത്തിന്റെ തെക്കേയറ്റത്തെ മലയാളികൾ ഇന്നൊരു കുടിയേറ്റ ജനതയായി മാറിയിരിക്കുകയാണ്. അതിർത്തിയിലെ ജനങ്ങൾ ഈ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതിർത്തിയിലെ മനുഷ്യർക്ക് സ്വത്വപ്രതിസന്ധിയെ അതിജീവിക്കാൻ ഭാഷയും സാംസ്കാരികപ്രവർത്തനങ്ങളും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെക്കൻ മലയാളത്തിന്റെ പൗരുഷം സി.വി. തന്റെ നോവലുകളിൽ ഉരുക്കിയൊഴിച്ചു. തനി തെക്കൻ ജീവിതത്തെ ആവിഷ്‌കരിച്ച് സവിശേഷമായ സ്ഥാനം നേടാൻ എസ്.വി.വേണുഗോപൻ നായർക്കുമായി. എന്നാൽ, തെക്കൻ മലയാളത്തിൽ സി.വി.ക്കു പകരക്കാരനെ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ‘വട്ടാര’ നോവലുകൾ ഇപ്പോൾ തെക്കുനിന്ന്‌ ഉണ്ടാകുന്നില്ല. അതിർത്തിയിലെ ആത്മസംഘർഷങ്ങൾ ആവിഷ്‌കരിക്കുന്ന കൃതികൾ ഉണ്ടാകണം. തെക്കൻപാട്ടിന്റെ മഹാപാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും തെക്കിന്റെ വട്ടാര പാരമ്പര്യം ആവിഷ്‌കരിക്കുന്ന കഥാഖ്യാന, കാവ്യാഖ്യാന രീതിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമ ‘വള്ളുവനാടൻ’ സിനിമ എന്നതിൽനിന്നു മാറി ‘ജില്ലകൾ തോറുമുള്ള’ സിനിമകൾ എന്നനിലയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോഴും ‘തെക്കൻ സിനിമ’, ‘തെക്കൻ സാഹിത്യം’ എന്നിവ ഉയർത്തെഴുന്നേൽക്കുന്നില്ല. ഇന്ന് തെക്കൻ മലയാളം പോപ്പുലർ സിനിമകളിൽ പരിഹാസരീതിയിലാണ് ഉപയോഗിക്കുന്നത്.


കുഴിത്തുറ മലയാളസമാജത്തിൽ ‘മലയാളസാഹിത്യത്തിലെ തെക്കൻ പെരുമ’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം കേൾക്കുന്ന സദസ്സ്.

പാർത്ഥിവപുരംശാല ഒരുകാലത്ത് വലിയ പാഠശാലയായിരുന്നു. ആ പാരമ്പര്യത്തിന്റെ പെരുമ ഏറ്റുവാങ്ങുന്നയിടമാണ് കന്യാകുമാരിയുൾപ്പെടുന്ന തിരുവിതാംകൂർ മേഖല. തൃപ്പരപ്പിന്റെയും ആറ്റൂരിന്റെയും നെയ്യൂരിന്റെയും മഹത്തായ പാരമ്പര്യത്തെ ചരിത്രത്തിൽ ആരും രേഖപ്പെടുത്തുന്നില്ല. ഇതിനെതിരേ ഭാഷയിലൂടെ സാംസ്കാരിക പ്രതിരോധം സൃഷ്ടിക്കണമെന്നും ഡോ. പി.കെ.രാജശേഖരൻ പറഞ്ഞു.

ഡോ. പി.കെ.രാജശേഖരന് കുഴിത്തുറ മലയാളം സമാജം സെക്രട്ടറി പി.കാർത്തികേയൻ നായർ ഉപഹാരം നൽകി. മാതൃഭൂമി ന്യൂസ് എഡിറ്റർ പി.അനിൽകുമാർ, യൂണിറ്റ് മാനേജർ അഞ്ജലി രാജൻ, മലയാളസമാജം മാസിക ചീഫ് എഡിറ്റർ കരിക്കകം ശ്രീകുമാർ, ഭരണസമിതിയംഗം കെ.ഗോപകുമാർ എന്നിവർ സംസാരിച്ചു.

Content Highlights: mbifl lecture series2023, mbifl 2023, dr pk rajasekharan,speech on dialect of southkerala,trivandrum