പ്രതിസന്ധികളെ അതിജീവിക്കാന്‍ സാഹിത്യം ഔഷധം -സുഭാഷ് ചന്ദ്രന്‍

എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് തിരുവമ്പാടി സക്‌സസ് ഗാര്‍ട്ടന്‍ ഡയറക്ടര്‍ ചിന്റു എം. രാജു ഉപഹാരം സമ്മാനിക്കുന്നു.
എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് തിരുവമ്പാടി സക്‌സസ് ഗാര്‍ട്ടന്‍ ഡയറക്ടര്‍ ചിന്റു എം. രാജു ഉപഹാരം സമ്മാനിക്കുന്നു.

തിരുവമ്പാടി: ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ സാഹിത്യത്തോളം കരുത്തുള്ള ഔഷധം വേറെയില്ലെന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തിരുവമ്പാടി സക്‌സസ് ഗാര്‍ട്ടനില്‍ 'സാഹിത്യവും ജീവിതവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നൂറു നോവലുകള്‍ വായിക്കുമ്പോള്‍ ആയിരം കഥാപാത്രങ്ങളായി ജീവിക്കാന്‍ വായനക്കാരന് കഴിയുന്നു. ആയിരം ആത്മാക്കളുടെ അന്തസ്സാരങ്ങള്‍ അറിയാന്‍ സാധിക്കുന്നു. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും ആത്മാവിന് ബലം നല്‍കാന്‍ വായന ഉപകരിക്കുന്നു. പരകായപ്രവേശമാണ് അവിടെ സംഭവിക്കുന്നത്.

അപരന്റെ കായങ്ങളെ തന്നിലേക്ക് പ്രവേശിപ്പിക്കാനുള്ള സാധ്യത വായന തുറന്നിടുന്നു. പുസ്തകവായനയുടെ നേട്ടങ്ങള്‍ ഇതെല്ലാമാണെന്ന് ധൈര്യപൂര്‍വം പറയാന്‍ പുതുതലമുറയ്ക്കാകണം -അദ്ദേഹം വിദ്യാര്‍ഥികളോടായി പറഞ്ഞു.

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിവചനം ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന കാച്ചിക്കുറുക്കിയ കവിതയാണ്. ഈ വാക്കുകളിലെ ധ്വനശക്തി അത്രത്തോളമുണ്ട്. ജീവിതമാണ് ഏറ്റവും മികച്ച കലയെന്ന് ഗാന്ധിജി പറഞ്ഞുവെക്കുകയായിരുന്നു. ജീവിതവും സാഹിത്യവും തമ്മിലുള്ള സാധര്‍മ്യമാണ് അത് സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ അനശ്വരമായ ചില മൂല്യങ്ങളെ എഴുതിവെക്കുന്നതുകൂടിയാണ് സാഹിത്യം.

വാക്ക് എന്നത് പവിത്രമായ ഒന്നാണ്. സാബര്‍മതി ആശ്രമം സന്ദര്‍ശിച്ച വേള ഓര്‍മയില്‍വരുന്നു. എല്ലാവരും മൗനികളായിരുന്നു അവിടെ. ആ കൊലപാതകത്തില്‍ നമുക്കും പങ്കുണ്ടെന്ന കുറ്റബോധംപോലെ അനുഭവപ്പെട്ടു മൗനം ഘനീഭവിച്ചുനിന്ന ആ അന്തരീക്ഷം. നിശ്ശബ്ദത പാലിക്കുക എന്ന ബോര്‍ഡൊന്നും അവിടെയുണ്ടായിരുന്നില്ല -സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

മാതൃഭൂമി സീനിയര്‍ റീജണല്‍ മാനേജര്‍ സി. മണികണ്ഠന്‍, സക്‌സസ് ഗാര്‍ട്ടന്‍ ഡയറക്ടര്‍ ചിന്റു എം. രാജു എന്നിവര്‍ സംസാരിച്ചു. സക്‌സസ് ഗാര്‍ട്ടനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Content Highlights: mbifl lecture series 2023 mbifl 2023 subhash chandran speech on literature and life at kozhikode