ഭാരതീയസംഗീതം സമ്മിശ്ര മാനവിക വികാരങ്ങളുടെ ഉത്സവമേളം -എം.പി. അബ്ദുസ്സമദ് സമദാനി

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പ്രഭാഷണം നടത്തുന്നു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പ്രഭാഷണം നടത്തുന്നു.

കോഴിക്കോട്: ഭാരതീയസംഗീതം സമ്മിശ്രമായ മാനവിക വികാരങ്ങളുടെ ഉത്സവമേളമാണെന്നും അതിന് ഹൃദയത്തില്‍ നന്മകളുടെ കോളിളക്കം സൃഷ്ടിക്കാന്‍ കഴിയുമെന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പി. മാതൃഭൂമി ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അക്ഷരോത്സവത്തിനു മുന്നോടിയായുള്ള '100 വര്‍ഷങ്ങള്‍ നൂറ് പ്രഭാഷണങ്ങള്‍' പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യ എന്ന ജുഗല്‍ബന്ദി: ഭാരതീയസംഗീതത്തിലെ ബഹുസ്വരത' എന്നതായിരുന്നു വിഷയം.

സംഗീതം കാലാതീതമെങ്കിലും അതിന് കാലത്തെ ഒളിപ്പിച്ചുവെക്കാന്‍ കഴിയും. സ്വരവും സുഗന്ധവും രുചിയും ഓര്‍മകളെ ഉണര്‍ത്തും. വികാരങ്ങളെ ഉദ്ദീപിപ്പിക്കും. സമ്മിശ്രമായ സംസ്‌കാരങ്ങളെ സംയോജിപ്പിക്കും. ഹിന്ദു-മുസ്ലിം സംസ്‌കാരങ്ങള്‍ ചേര്‍ന്നൊഴുകുന്നത് ഗംഗയും യമുനയും ചേര്‍ന്ന് പ്രവഹിക്കും പോലെയാണ്.

വൈവിധ്യവും ബഹുസ്വരതയുമാണ് നമ്മുടെ ശക്തി. ഭാഷകള്‍ പലതാവാം. പക്ഷേ ഹൃദയങ്ങളെ ഒന്നാക്കാന്‍ ഏത് സംഗീതത്തിനും കഴിയും. ഇന്ത്യ ലോകത്ത് പലയിടത്തും അറിയപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും നമ്മുടെ സംഗീതം കൊണ്ടുകൂടിയാണ്.

ഭക്തിപ്രസ്ഥാനവും സൂഫിപ്രസ്ഥാനവും നമ്മുടെ സംഗീതത്തെ ശക്തിപ്പെടുത്തി. സാമവേദപാരമ്പര്യത്തില്‍ ആരംഭിച്ചതാണ് ഭാരതീയസംഗീതം. ഇന്നാട്ടില്‍ നാടോടിക്കും ചക്രവര്‍ത്തിക്കും സംഗീതമുണ്ട്. സംഗീതത്തിന് പഴമയും പുതുമയുമില്ല. പരസ്പരം അറിഞ്ഞും ആദരിച്ചും സമ്മിശ്രമായി വളര്‍ന്നതാണ് നമ്മുടെ സംഗീതത്തിന്റെ സൗന്ദര്യം. ബഹുസ്വരതയാണ് അതിന്റെ സ്ഥായീഭാവം -സമദാനി പറഞ്ഞു.

കെ.പി. കേശവമേനോന്‍ ഹാളില്‍ചേര്‍ന്ന യോഗത്തില്‍ മാതൃഭൂമി ബുക്‌സ് സീനിയര്‍ മാനേജര്‍ കെ. നൗഷാദ് സ്വാഗതം പറഞ്ഞു. മാതൃഭൂമിയുടെ ഉപഹാരം എം. ജയരാജ് സമ്മാനിച്ചു.

ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം

Content Highlights: mbifl lecture series 2023, mbifl 2023, Dr. M. P. Abdussamad samadani, Calicut