അറിവ് സമ്പാദനത്തിനും അനുഭവങ്ങളുടെ ആഴങ്ങള്‍ അറിയാനും മാതൃഭാഷ പ്രയോജനപ്പെടുത്തണം - കെ. സേതുരാമന്‍

എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ 'മലയാളവും, മലയാളിയും' എന്ന വിഷയത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പ്രഭാഷണം നടത്തുന്നു.
എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ 'മലയാളവും, മലയാളിയും' എന്ന വിഷയത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പ്രഭാഷണം നടത്തുന്നു.

കൊച്ചി: മാതൃഭാഷ പഠിക്കാന്‍ വലിയ ശ്രമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ലോക ഭാഷകള്‍ പഠിക്കുമ്പോഴും മാതൃഭാഷ മറക്കരുത്. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഉന്നത വിദ്യാഭ്യാസവും സര്‍ക്കാര്‍ സേവനങ്ങളും ലഭിക്കുന്നത് അവരുടെ മാതൃഭാഷയിലാണ്. 

എന്നാല്‍, മലയാളികളില്‍ പലരും പത്താം ക്ലാസ് കഴിഞ്ഞാല്‍ മലയാളം പഠിക്കേണ്ടെന്ന നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന 100 ദേശങ്ങള്‍ 100 പ്രഭാഷണങ്ങള്‍ എന്ന പരിപാടിയില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ 'മലയാളവും മലയാളിയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സേതുരാമന്‍.

ഭാഷ ഒരിക്കലും മരിക്കുന്നില്ല, മറിച്ച് അത് പരിണമിക്കലാണ് ചരിത്രത്തില്‍ കാണുന്നത്. ചൈനയും കൊറിയയും അടക്കമുള്ള രാജ്യങ്ങളെല്ലാം അവരുടെ ഭാഷ ഉപയോഗിച്ചാണ് വികസനത്തിലേക്ക് മുന്നേറിയത്. ഏതു ഭാഷയിലാണോ വോട്ട് ചോദിക്കുന്നത് ആ ഭാഷയിലാണ് അവിടെ ഭരണം നടക്കുന്നത്. അതൊരു സംസ്‌കാരവും അടയാളവുമാണ്. 

സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കൊപ്പം ലോകം മുന്നേറുമ്പോള്‍ ഇംഗ്ലീഷ് പഠിക്കേണ്ട ഭാഷ തന്നെയാണ്. പക്ഷേ, അതേ സമയത്തു തന്നെ മാതൃഭാഷ അറിവ് സമ്പാദനത്തിനും അനുഭവങ്ങളുടെ ആഴങ്ങള്‍ അറിയാനും പ്രയോജനപ്പെടുത്തണം.

ചിലരുടെ ഇച്ഛാശക്തി കൊണ്ട് മാത്രം ഭാഷയെ വികസിപ്പിക്കാനാകില്ല. അതിനൊരു കൂട്ടായ ശ്രമം സമൂഹത്തില്‍ നിന്നുണ്ടായാലേ പ്രയോജനമുള്ളൂവെന്നും സേതുരാമന്‍ പറഞ്ഞു.

പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സേതുരാമന്‍ വിതരണം ചെയ്തു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് ആമുഖ പ്രഭാഷണം നടത്തി.

ചടങ്ങില്‍ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് സ്വാഗതവും സെക്രട്ടറി ടി.ജി. രവികുമാര്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം അവതാരകനായിരുന്നു.


 

Content Highlights: mbifl lecture series 2023, mbifl 2023, City Police Commissioner, K. Sethuraman, Changampuzha park