അക്ഷരോത്സവ വേദിയിൽ ഗാന്ധിസ്മൃതി; ഒരുദിനം ചോരത്തുള്ളികൾ പതിഞ്ഞ മണ്ണിൽ പുഷ്പാർച്ചന

തിരുവനന്തപുരം: ‘നമ്മുടെ ജീവിതത്തിൽനിന്ന് വെളിച്ചം നഷ്ടമായിരിക്കുന്നു’ എന്ന് ജവാഹർലാൽ നെഹ്‌റു പരിദേവനംചെയ്ത ദിനം. രാജ്യത്തിന്റെ കലണ്ടർ കളത്തിൽ ചുവന്നുകിടക്കുന്ന ജനുവരി 30. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ 30-ന് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയിലും ഗാന്ധിസ്മൃതികൾ നിറയും. കോഴിക്കോട് മാതൃഭൂമിയിൽ സൂക്ഷിച്ചിരിക്കുന്ന, ഗാന്ധിജിയുടെ ചോരത്തുള്ളികൾ പതിച്ച മണ്ണ് ആ ദിനത്തിൽ പുഷ്പാർച്ചനയ്ക്കായി എത്തിക്കുമ്പോൾ അക്ഷരോത്സവ നഗരി അക്ഷരാർഥത്തിൽ ആ ഊന്നുവടിയുടെ അനശ്വരതയ്ക്കുമുന്നിൽ കൈകൂപ്പും.
ഗാന്ധിജിയുടെ ചോരത്തുള്ളികൾ പതിച്ച മണ്ണ് കനകക്കുന്നിലെ മരത്തണലിൽ ആ ദിവസം ഉണ്ടാകും. ഏവർക്കും പുഷ്പാർച്ചന നടത്താനും സൗകര്യമുണ്ടാകും. 30-ന് ഗാന്ധിസ്മൃതി പ്രഭാഷണപരമ്പരയായി പ്രത്യേക സെഷനുകൾ ഉണ്ടാകും. രാവിലെ ഒൻപതിന് തിരുവനന്തപുരം എം.ബി.എസ്. യൂത്ത് ക്വയർ ഗാന്ധിഭജൻ അവതരിപ്പിക്കും. തുടർന്ന് കവി മധുസൂദനൻ നായർ ഗാന്ധിക്കവിതകൾ ആലപിക്കും. വൈകീട്ട് നാലിന് ഗാന്ധിജിയുടെ പ്രപൗത്രനായ തുഷാർഗാന്ധിയുടെ പ്രഭാഷണമാണ് പ്രധാന പരിപാടി. സുനിൽ പി. ഇളയിടം, എം.എൻ. കാരശ്ശേരി, പി.എൻ. ഗോപീകൃഷ്ണൻ എന്നിവരുടെ പ്രഭാഷണവും പല വേദികളിലായി ഉണ്ടാകും.
ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം എഡിഷൻ, കലയും രാഷ്ട്രീയവുംമുതൽ നരവംശശാസ്ത്രവും നിർമിതബുദ്ധിയുംവരെ സമസ്തമേഖലകളെയും സ്പർശിക്കുന്ന സെഷനുകളുമായാണ് കനകക്കുന്നിനെ വിജ്ഞാനക്കുന്നാക്കാൻ ഒരുങ്ങുന്നത്. നിറങ്ങൾക്കായി ‘ക’ കോർണറും കുട്ടികൾക്കായി ആൽഫാവേഴ്‌സുമുണ്ടാകും. പുലിറ്റ്‌സർ പുരസ്‌കാരജേതാവ് ഡെക്ലാൻ വാൽഷ് ഉൾപ്പെടെ 700-ലേറെ പ്രഗത്ഭരായ എഴുത്തുകാരും പ്രഭാഷകരും സംഗമിക്കുന്ന അക്ഷരോത്സവം കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ അപൂർവ ഗാംഭീര്യമാണ്.
മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാലാണ് 29-ന് അക്ഷരോത്സവം ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ വ്യവസായി എം.എ. യൂസഫലി മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരി കെ.ആർ. മീര, സ്വിസ് എഴുത്തുകാരനായ യോനസ് ലൂഥർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രേഷൻ നടത്തിയവർക്കാണ് പ്രവേശനം. നാലു ദിവസത്തേക്കായും ഒരു ദിവസത്തേക്കായും ടിക്കറ്റുകളെടുക്കാം. കുട്ടികൾക്ക് കുറഞ്ഞ നിരക്കിലും ഭിന്നശേഷിക്കാർക്ക് സൗജന്യമായിട്ടുമായിരിക്കും പ്രവേശനം.
Content Highlights: On Jan 30, MBIFL 2026 will honor Mahatma Gandhi’s martyrdom. The soil containing Gandhi’s blood drops will be brought to Kanakakkunnu for public tributes. Highlights include a speech by Tushar Gandhi, bhajans by MBS Youth Choir, and sessions by Sunil P. Ilayidom and MN Karassery.