‘മോദി നെഹ്റുവിനെ മായിച്ചു, ഇ.എം.എസ്. അയ്യങ്കാളിയെയും’

ചരിത്രം മായ്ക്കലിന്റെ ചരിത്രത്തിന് എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് സാഹിത്യനിരൂപകൻ പി.കെ. രാജശേഖരൻ. വ്യത്യസ്ത നിലപാടുകളുടെ സംവാദവേദിയായി 'മായ്ച്ചാലും മായാത്ത ചരിത്രം' എന്ന സെഷൻ മാറി.
ചരിത്രം മായ്ക്കൽ എന്ന പ്രക്രിയ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായെന്ന് മിലൻ കുന്ദേരയുടെ 'ബുക്ക് ഓഫ് ലോഫ്റ്റർ ആൻഡ് ഫോർ ഗെറ്റിങ്' എന്ന നോവലിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പി.കെ. രാജശേഖരൻ വിശദീകരിച്ചത്. ചരിത്രം മായ്ക്കലിനൊപ്പം വ്യാജചരിത്ര നിർമിതിയും നടക്കുന്നുണ്ട്. 'മാവേലി നാടുവാണീടും കാലം' എന്ന പാട്ടെഴുതിയത് സഹോദരൻ അയ്യപ്പനാണെന്നും കേരളം എന്ന പേരിട്ടത് ശ്രീനാരായണ ഗുരുവാണെന്നുമൊക്കെയുള്ള തെറ്റായ പ്രചാരണങ്ങൾ ഇതിന്റെ ഭാഗമാണെന്ന് രാജശേഖരൻ ചൂണ്ടിക്കാട്ടി.
ഭാരതീയ ആശയങ്ങളോടും ജ്ഞാനപദ്ധതികളോടും ഇന്ത്യൻ ചരിത്രകാർക്കും അക്കാദമിക് വിദഗ്ധർക്കും പുച്ഛമാണെന്ന് കേരള- കേന്ദ്ര സർവകലാശാലാ മുൻ പ്രൊ. വി.സി. ഡോ. കെ. ജയപ്രസാദ് കുറ്റപ്പെടുത്തി. ഇ.എം.എസിന്റെ കേരള ചരിത്രത്തിൽ അയ്യങ്കാളിയെക്കുറിച്ച് പറയുന്നതേയില്ല. രണ്ടിടത്തുമാത്രമാണ് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പരാമർശമുള്ളത്-ജയപ്രസാദ് പറഞ്ഞു.
ആധുനിക ഇന്ത്യയുടെ അടിത്തറ കെട്ടിപ്പൊക്കിയ നെഹ്റുവിനെ പൂർണമായി തമസ്കരിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് യു.എൻ.ഡി.പി.യിലെ വികസനവിദഗ്ധൻ ജി. പ്രമോദ് പറഞ്ഞു.
Content Highlights: Explore the historical narrative manipulation in India. Experts discuss how Modi erases Nehru and EMS omits Ayyankali, alongside the rise of fabricated history.