സർക്കാരിന്റെ ഫാസിസ്റ്റ്-ഭൂരിപക്ഷാധിപത്യ സ്വഭാവം വിഷലിപ്തമായ പകർച്ചവ്യാധി- അരുന്ധതി റോയ്

- നിങ്ങളുടെ സ്വകാര്യമായ ലോകവും, പുസ്തകത്തിൽ നിങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്ന ആ കാലഘട്ടത്തിൽ രാജ്യത്തുടനീളം വ്യാപിച്ചിരുന്ന പൊതുവായ ചിന്താഗതികളും തമ്മിൽ വ്യക്തമായ ഒരു സമാന്തരബന്ധം കാണാൻ സാധിക്കും. കൂടുതൽ ആളുകളെ ബാധിക്കുന്ന എന്തോ ഒന്ന് അവിടെ സംഭവിക്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ വേദനകൾക്കൊപ്പം ഇതുകൂടി ഉള്ളുകൊണ്ടറിഞ്ഞിരുന്നോ?
എന്റെ ചിതറിയ കുട്ടിക്കാലവും നാലു ചുവരുകൾക്കുള്ളിലല്ലാതെ എല്ലാവർക്കുമായി തുറക്കപ്പെട്ട ഒരു വീട്ടിൽ വളർന്നതുകൊണ്ടും എന്റെ അമ്മയും എന്നെപ്പോലെത്തന്നെ ഒരു പൊതു വ്യക്തിത്വമായിരുന്നതുകൊണ്ടും ഒരു പ്രത്യേക നിമിഷത്തിൽ ഞാൻ രാഷ്ട്രീയബോധമുള്ളവളായി മാറിയെന്ന് പറയാനാകില്ല. അത് എപ്പോഴും എന്നിൽ ഉണ്ടായിരുന്നു.
പക്ഷേ, 1997-ൽ 'ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്' പുറത്തിറങ്ങിയ വർഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം കൂടിയായിരുന്നു. ആ സമയത്ത് രാജ്യത്ത് ഒരു സമാന്തര ആഖ്യാനംകൂടി രൂപപ്പെടുന്നുണ്ടായിരുന്നു. ആണവപരീക്ഷണം നടന്ന് മാസങ്ങൾക്കുള്ളിൽ ബി.ജെ.പി. അധികാരത്തിൽ വന്നു. എന്നെയാകട്ടെ രാജ്യത്തിന്റെ അഭിമാനചിഹ്നങ്ങളിൽ ഒന്നായി എല്ലായിടത്തും ഉയർത്തിക്കാട്ടിതുടങ്ങി.
ആ സാഹചര്യത്തിൽ നിശ്ശബ്ദത പാലിക്കുക എന്നത് അസാധ്യമായി മാറി. കാരണം, നിശ്ശബ്ദതയും വാക്കുകൾപോലെ രാഷ്ട്രീയമുള്ളതാണ്. ഈ 'ആണവ-ഹിന്ദുത്വ-ദേശീയവാദി' വെറുപ്പിന്റെ രാഷ്ട്രീയപദ്ധതിയുടെ ഭാഗമായി എന്നെ ചൂണ്ടിക്കാട്ടുന്നത് സഹിക്കാനാവുമായിരുന്നില്ല. അങ്ങനെയാണ് ഞാൻ എന്റെ ആദ്യത്തെ രാഷ്ട്രീയ ലേഖനമായ 'ദി എൻഡ് ഓഫ് ഇമാജിനേഷൻ' എഴുതുന്നത്.
എന്റെ വ്യക്തിജീവിതത്തിലും ആ കാലം വലിയ വെല്ലുവിളിയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ പ്രശസ്തിയെയും അതിന്റെ ഭാഗമായി എന്നെ നിരീക്ഷിക്കുന്ന കണ്ണുകളെയും നേരിടുക പ്രയാസകരമായിരുന്നു. അതുവരെ സമാധാനമായി ജീവിച്ചിരുന്ന ആ വീട്ടിൽ ഇനിയങ്ങോട്ട് തുടരാനാവില്ലെന്ന് എനിക്ക് ബോധ്യമായി. ആ ജീവിതം അത്രമേൽ മാറിമറിഞ്ഞു
- അവാർഡ് വാങ്ങാനായി വേദിക്കടുത്തേക്ക് നീങ്ങുമ്പോൾ, ഒരു കൂടാരത്തിന്റെ വാതിൽ അടയുന്ന ശബ്ദം തനിക്ക് കേൾക്കാമായിരുന്നു എന്ന് പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ടല്ലോ. പിന്നീട് ആ വാതിൽ വീണ്ടും തുറന്ന് സ്വയം സ്വതന്ത്രയാവുക എന്നത് എത്രത്തോളം പ്രയാസകരമായിരുന്നു?
ഞാൻ ആ വാതിൽ ഒരിക്കലും അടയാൻ അനുവദിച്ചിരുന്നില്ല. അത് അടഞ്ഞുപോയാൽ പിന്നീട് തുറക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഭാഗ്യവശാൽ, എന്റെ പുസ്തകത്തിൽ ഞാൻ പറയുന്നതുപോലെ പരാജയങ്ങളും തമാശകളും, പൊട്ടിച്ചിരികളും വിചിത്രമായ ചുറ്റുപാടുകളും നിറഞ്ഞ ഒരു പശ്ചാത്തലത്തിലാണ് ഞാൻ വളർന്നത്. എന്റെ അങ്കിൾ ജി. ഐസക്, കൂടെയില്ലാത്ത പിതാവ്, അല്പം വിചിത്രസ്വാഭാവമുള്ളവളും എന്നാൽ പ്രക്ഷുബ്ധമായ ജീവിതം നയിക്കുന്നവളുമായ എന്റെ അമ്മ.. ഇവരായിരുന്നു എനിക്ക് ചുറ്റും.
അതുകൊണ്ട് എന്നെ സംബന്ധിച്ച് ജീവിതം എന്നത് വിജയിക്കുകയോ, ആളുകൾ എഴുന്നേറ്റുനിന്ന് കൈയടിക്കുകയോ, പുരസ്‌കാരങ്ങൾ നേടുകയോ, അല്ലെങ്കിൽ ഞാൻ വലിയൊരാളാണെന്ന് തോന്നിക്കുകയോ ചെയ്യുന്ന ഒന്നല്ല. കാരണം, ജീവിതം അതിനെക്കാൾ സങ്കീർണമായ മറ്റു പല കാര്യങ്ങൾ കൂടിയാണെന്ന് എനിക്ക് മുൻപുതന്നെ ബോധ്യമുണ്ടായിരുന്നു.
- ഞാൻ ഒന്നിലും പരിപൂർണയല്ല അതായത് പൂർണമായി ക്രിസ്ത്യാനിയല്ല, പൂർണമായി ഹിന്ദുവല്ല എന്ന് പറയുമ്പോൾ ഉള്ളിലെ ദുഃഖമാണോ സ്വത്വത്തെ പൂർണമാക്കാനുള്ള ഒരു നിരന്തരമായ ശ്രമമാണോ അത്?
അതൊരിക്കലും ഒരു സങ്കടമല്ല. മറിച്ച് വലിയൊരു ആശ്വാസമാണ്. പുരസ്‌കാരങ്ങളുടെ കാര്യം പോട്ടെ, പ്രത്യയശാസ്ത്രപരമായോ വംശീയമായോ മതപരമായോ സാംസ്‌കാരികമായോ ലിംഗപരമായോ വർഗപരമായോ ഉള്ള വൃത്തം പൂർണമായി അടയാൻ അനുവദിച്ചാൽ പിന്നെ നിങ്ങൾ അതിൽ തടവിലാക്കപ്പെടും.
കേരളത്തിൽ വളർന്നുവന്ന കാലത്ത് ഞാൻ മതിയായ ഒരു സുറിയാനി ക്രിസ്ത്യാനിയായിരുന്നില്ല. 'ദ ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്' എഴുതിയപ്പോൾ ഞാൻ മതിയായ മാർക്‌സിസ്റ്റായിരുന്നില്ല. ഞാൻ മതിയായ ഹിന്ദുവല്ല, മതിയായ ഇന്ത്യക്കാരിയുമല്ല. ഇതിനൊക്കെ ഇടയിലുള്ള വരകൾക്കിടയിലൂടെ അലഞ്ഞുതിരിയുന്ന ഒരാളാണ് ഞാനെന്ന് തോന്നിയിട്ടുണ്ട്.
- ഇന്ത്യയിലെ മറ്റ് എഴുത്തുകാരെക്കാളും ആക്ടിവിസ്റ്റുകളെക്കാളും അധികമായി അപകടവഴിയിൽ സഞ്ചരിച്ച എഴുത്തുകാരിയാണല്ലോ?
ഞാൻ ചെയ്ത ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണത്. ഞാൻ ചെയ്യുന്ന ഓരോ കാര്യവും, എന്റെ 'മദർ മേരി കംസ് ടു മീ' എന്ന പുസ്തകത്തിന്റെ കവർ പേജ് പോലും കോടതി കയറുന്ന അവസ്ഥയാണ്. ഞാൻ എഴുതുന്ന ഓരോ വാക്യവും, ഓരോ കോമയും, ഓരോ വാക്കുപോലും കോടതികയറാം. പക്ഷേ പ്രധാന കാര്യമെന്തെന്നാൽ, ഒരു എഴുത്തുകാരി എന്ന നിലയിൽ നിങ്ങൾ സ്വയം സെൻസർ ചെയ്യാൻ തുടങ്ങിയാൽ പിന്നെ ആ പണി നിർത്തി വല്ല യോഗ ടീച്ചറോ മറ്റോ ആകുന്നതാണ് നല്ലത്.
എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് പറയാൻ കഴിയും എന്നതിന്റെ അതിരുകൾ പരിശോധിക്കുന്നതിലാണ് എന്റെ സന്തോഷം. ഉത്തരവാദിത്വമില്ലാതെയോ, വാർത്തകൾ സൃഷ്ടിക്കാൻ വേണ്ടിയോ സ്വയം പരിതപിച്ചുകൊണ്ടോ അല്ലെങ്കിൽ ഒരു രക്തസാക്ഷിയെപ്പോലെയോ ആയിരിക്കരുത് അത്. മറിച്ച്, കളിചിരിയോടെ ആ അതിരുകളെ ഒന്നു തള്ളിമാറ്റാൻ ശ്രമിക്കുക, അതോടൊപ്പം തന്നെ സത്യസന്ധത കാത്തുസൂക്ഷിക്കുകയും ചെയ്യുക.
എ.ഐ. വളരുന്നത് യഥാർഥ ബുദ്ധിശക്തിക്ക് വിപരീതാനുപാതത്തിലായിരിക്കും. ഒരുപക്ഷേ, ചിന്തിക്കുന്നതിനുപകരം ഏതൊക്കെ ബട്ടണുകൾ അമർത്തണം, ഏതൊക്കെ ചോദ്യങ്ങൾ ചോദിക്കണം എന്ന് മാത്രം അറിയാവുന്ന നീളമുള്ള വിരലുകൾ മാത്രമുള്ളവരായി നമ്മൾ മാറിയേക്കാം.
- ആ ബട്ടണുകളിലൊന്ന് വോട്ടിങ് യന്ത്രത്തിന്റേതാകുമോ?
ഇന്ത്യയിൽ ജനാധിപത്യപരമെന്ന് നടിച്ചിരുന്ന അവസാനത്തെ സ്ഥാപനം തിരഞ്ഞെടുപ്പ് സംവിധാനമായിരുന്നു, ഇപ്പോൾ അതും പൂർണമായും വിട്ടുവീഴ്ച ചെയ്യപ്പെട്ടിരിക്കുന്നു.
അദാനിക്ക് സമൻസ് അയക്കാൻ ശ്രമിക്കുന്ന യുഎസ് കോടതിയും, അദാനിയെ സംരക്ഷിക്കുന്ന ഇന്ത്യൻ ഗവൺമെന്റും തമ്മിൽ കടുത്ത വിലപേശലുകൾ നടക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ന് നമ്മൾ. കാരണം അദാനിയുടെ പണവും, ഓഹരി വിപണിയിലെ പണവും, ഗവൺമെന്റിന്റെ പണവും, പാർട്ടിയുടെ പണവും എല്ലാം തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതൊരു വിലപേശൽ നാണയമാണ്.
- മേരി റോയ് മരിച്ചിട്ട് ഇപ്പോൾ ഏകദേശം 40 മാസങ്ങളാകുന്നു. അമ്മയുടെ മരണത്തോടെ സ്വതന്ത്രയായെന്ന് തോന്നുന്നുണ്ടോ? അതോ ഇപ്പോഴും ആ പേരിൽ തളയ്ക്കപ്പെട്ടിരിക്കുകയാണോ?
അമ്മ ഒരിക്കലും ചങ്ങലയായിരുന്നില്ല. പക്ഷേ, ഞാൻ ആ ഓർമ്മകളാൽ നിർമ്മിക്കപ്പെട്ടവളാണ്. അത്രമേൽ സങ്കീർണമായ ഒരു ബന്ധമായിരുന്നു എങ്കിലും എന്നെ ഞാനാക്കി മാറ്റിയതും ആ ബന്ധമാണ്.
- ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ അമ്മയെയായിരുന്നോ ആദ്യം വിളിക്കുന്നത്? ദണ്ഡകാരണ്യത്തിലേക്ക് പോകാൻ സമയം അമ്മയുടെ ഫോൺ വരികയും 'വിപ്ലവത്തിന് സമയമായിരിക്കുന്നു എന്ന് അവർ പറയുന്നതും അത് മുന്നോട്ട് നയിക്കാനുള്ള ശക്തിയാകുന്നതും പുസ്തകത്തിൽ കാണാമല്ലോ?
സത്യത്തിൽ അമ്മയാണ് എന്നെ വിളിക്കാറുണ്ടായിരുന്നത്. ശ്രദ്ധിക്കുന്നില്ലെന്ന് നടിക്കുമെങ്കിലും എന്നെ എപ്പോഴും നിരീക്ഷിക്കാറുണ്ടായിരുന്നു. പക്ഷേ, തന്റെ നിലപാടുകളിൽനിന്ന് പിന്നോട്ട് പോകാൻ അവർ ഒരിക്കലും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒരിക്കൽ പോലും ഞാനും അവരുടെ നിലപാടുകളിൽനിന്ന പിന്നോട്ടുപോകാൻ ആവശ്യപ്പെട്ടിട്ടില്ല.
- നിങ്ങളുടെ കഥാപാത്രങ്ങൾ വ്യത്യസ്തമായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങൾ അവരുടെ അമ്മയായിരുന്നെങ്കിൽ എങ്ങനെയുണ്ടാകും എന്നതിനെപ്പറ്റി?
പലപ്പോഴും അങ്ങനെതന്നെയായിരുന്നു. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അമ്മയുടെ അമ്മ തന്നെയായിരുന്നു, അതുകൊണ്ടാണ് എനിക്ക് അമ്മയെ സഹിക്കാൻ കഴിഞ്ഞത്.
എന്നെ സംബന്ധിച്ച് രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂഒന്നുകിൽ അങ്ങേയറ്റം വേദനിച്ചും മുറിവേറ്റും തന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലാണെന്ന് കരുതി ജീവിക്കുക, അല്ലെങ്കിൽ ചിരിച്ചുതള്ളുക.
- അടുത്ത പുസ്തകത്തിനായുള്ള തയ്യാറെടുപ്പിലാണോ?
അല്ല, ഒരു ഫാക്ടറിയിലെ ഉത്പാദനംപോലെ പുസ്തകങ്ങൾ എഴുതുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. കുറച്ചുകാലംകൂടി ഇങ്ങനെ ഒഴുക്കിനനുസരിച്ച് നീങ്ങാമെന്നാണ് കരുതുന്നത്.
- ‘മാതൃഭൂമി’ എന്ന പ്രസ്ഥാനവും സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. വാസ്തവത്തിൽ, ‘മാതൃഭൂമി’യുടെ ആദ്യ ലക്കത്തിൽ തന്നെ 'സത്യപ്രസ്താവന' അച്ചടിച്ചു വന്നിരുന്നു. നാം എന്തുകൊണ്ടാണ് സാധാരണക്കാരനുവേണ്ടി പ്രവർത്തിക്കേണ്ടതെന്ന് അത് വിശദീകരിച്ചു. 'മനുഷ്യജന്മം വലിയ ബാധ്യതയാണെന്ന് ' അതിൽ പറയുന്നു. തന്റെ അധ്വാനത്തിന് അനുയോജ്യമായ കൂലിയും, വ്യക്തിസ്വാതന്ത്ര്യവും അനുഭവിക്കാൻ ഒരു മനുഷ്യനെ അനുവദിക്കുന്നിടത്തോളം കാലം ‘മാതൃഭൂമി’ ഇടപെടില്ല; എന്നാൽ എവിടെയെങ്കിലും അത് തടയപ്പെട്ടാൽ അവിടെ മാതൃഭൂമിയുണ്ടാകും എന്നും അതിൽ പറയുന്നു. ഇതിനെക്കുറിച്ച് എന്താണഭിപ്രായം?
ഇതൊക്കെ നല്ലതാണ്, പക്ഷേ, ഉത്തരേന്ത്യയിൽ ജീവിക്കുന്ന എനിക്ക് ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല. നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരന്തം എന്തെന്നാൽ, ഈ സർക്കാരിന്റെ ഫാസിസ്റ്റ്-ഭൂരിപക്ഷാധിപത്യ സ്വഭാവം ഭരണകൂടത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ്. സാധാരണക്കാരിലേക്കും ഈ വിഷലിപ്തമായ പകർച്ചവ്യാധി പടർന്നുപിടിച്ചിരിക്കുന്നു.
അതുകൊണ്ട്, 'സാധാരണക്കാരൻ' എന്നൊക്കെ പറയുന്നത് ഇപ്പോൾ വെറും പാഴ് വാക്കുകളായി മാറിയിരിക്കുകയാണ്. നമ്മുടെ നാട്ടിലെ സാധാരണക്കാരന് ജാതിയുണ്ട്. അവർ മതഭ്രാന്തും വിദ്വേഷവും കൊണ്ടുനടക്കുന്നു. ഇവർ മറ്റുള്ളവരെ തല്ലിക്കൊല്ലുന്നു. അതുകൊണ്ടുതന്നെ വെറുംവാക്കുകൾ കൊണ്ട് ഇനി കാര്യമില്ല. ഏറ്റവും ഹീനമായ രീതിയിലുള്ള സാമൂഹിക വിവേചനങ്ങൾ വെച്ചുപുലർത്തുന്ന, അങ്ങേയറ്റം സങ്കടകരമായ ഒരു ജനതയാണിന്ന് നമ്മൾ.
Content Highlights: Accepting the Mathrubhumi 'Book of the Year' award for 'Mother Mary Comes to Me', Arundhati Roy delivered a sharp critique of Indian society. She stated that majoritarianism has become a toxic epidemic among the masses, making the term 'ordinary person' meaningless in today's polarized climate.