ഞാനും ലൈംഗികാതിക്രമത്തെ അതിജീവിച്ചവള്‍; മനസ്സു തുറന്ന് നൈജീരിയന്‍ എഴുത്തുകാരി

സ്ത്രീകളുടെ അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും ദുഃഖങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം തന്നെ അതിജീവിക്കാനുള്ള ശക്തി കൂടി പകരുന്നതാണ് ഒന്‍യി ന്വാബിനേലി എന്ന നൈജീരിയന്‍-ബ്രിട്ടീഷ് എഴുത്തുകാരിയുടെ രചനകള്‍. പക്ഷെ എഴുത്തിനപ്പുറം മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുന്ന യാത്രകളാണ് ഒന്‍യിയെ മറ്റെഴുത്തുകാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നതും. ലണ്ടനിലെ ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളെ സഹായിക്കുന്ന സംഘടനയുടെ സഹസ്ഥാപകയാണ് ഒന്‍യി. അതോടൊപ്പം തന്നെ ലണ്ടനിലെ കറുത്തവര്‍ഗ്ഗക്കാരായ എഴുത്തുകാരെ കൈപിടിച്ചുയര്‍ത്താനുള്ള സഹായങ്ങള്‍ക്കുള്ള ഇടവും അവര്‍ ഒരുക്കുന്നു.
'ലൈംഗികാതിക്രമങ്ങള്‍ക്കിരയായ ശേഷവും വേണ്ട വിധമുള്ള പിന്തുണ കിട്ടാത്ത ഒരുപാട് സ്ത്രീകളുണ്ട് നമുക്ക് ചുറ്റിലും. ആ ട്രോമയെ അതിജീവിക്കാന്‍ മാനസിക പിന്തുണ കൂടി അവര്‍ക്കുണ്ടാവേണ്ടതുണ്ട്.. ഞാനും ഒരു ലൈംഗികാതിക്രമത്തിലെ അതിജീവിതയാണ്. തെറാപ്പിയാണ് എന്നെ സഹായിച്ചത്. എന്നാല്‍ അതിനുള്ള അവസരങ്ങള്‍ എല്ലാവര്‍ക്കും കിട്ടിക്കൊള്ളണമെന്നില്ല. ആ തിരിച്ചറിവില്‍ നിന്നാണ് സര്‍വൈവിങ് ഔട്ട് ലൗഡ് എന്ന സംഘടനയ്ക്ക രൂപം കൊടുക്കുന്നത്. ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് താത്കാലിക അഭയകേന്ദ്രവും അതിക്രമത്തിനിരയായവര്‍ക്ക് തെറാപ്പിയും സംഘടന എത്തിച്ചു നല്‍കുന്നുണ്ട്", ഒൻയി മാതൃഭൂമിയോട് പറഞ്ഞു. അതിജീവിതയെന്നത് സ്വയം അപമാനം തോന്നേണ്ട കാര്യമല്ലെന്നും അവർ പറഞ്ഞു. " ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ എന്തുകൊണ്ടാണ് പേര് പറയാന്‍ മടിക്കുന്നതെന്ന് എനിക്കറിയാം. എന്നിരുന്നാലും അതിലൂടെ ഞാന്‍ ജീവിച്ചു, അതിജീവിച്ചു, അതും കൂടിയാണ് എന്നെ ഇന്നുള്ള ഞാനാക്കിയത്. അതിനാല്‍ തന്നെ ഞാനൊരു അതിജീവിതയാണെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. അതെന്നെ സംബന്ധിച്ച് അപമാനമുണ്ടാക്കുന്ന കാര്യവുമല്ല" ഒന്‍യി കൂട്ടിച്ചേർത്തു.
ലണ്ടനിലെ കറുത്തവര്‍ഗ്ഗക്കാരായ എഴുത്തുകാരെ സഹായിക്കുന്ന ഒരേയൊരു കൂട്ടായ്മയാണ് 'ബ്ലാക്ക് പെന്‍'. കഴിവുണ്ടായിട്ടും നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട എണ്ണമറ്റ മനുഷ്യരെ സഹായിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഒൻയിയുടെ ഭാഷയിൽ പറഞ്ഞാൽ നിറവും വംശവും മേന്‍മയല്ലാത്ത മനുഷ്യര്‍ക്ക് അവരുടെ എഴുത്തുകളും ആശങ്കളും സങ്കടങ്ങളും പങ്കുവെക്കാനുള്ള ഇടമാണ് ബ്ലാക്ക് പെന്‍ ഒരുക്കുന്നത്
Some day may be എന്ന ഹിറ്റ് പുസ്തകമുള്‍പ്പെടെ പലവിധ രചനകള്‍ നടത്തിയ പ്രിവിലജുകള്‍ക്കിടയില്‍ ലണ്ടനില്‍ വംശീയത നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് ഒന്‍യിക്ക് പറയാനുള്ളതിതാണ്, "വെള്ളക്കാരല്ലാത്ത ഒരുവിധം എല്ലാ മനുഷ്യരും മുന്‍വിധിയോടെയുള്ള നോട്ടങ്ങളും വിവേചനങ്ങളും ഒരു തവണയെങ്കിലും അനുഭവച്ചിട്ടുണ്ടാകും. മെഡിക്കല്‍ വംശീയത എന്നൊന്ന് വരെയുണ്ട്. ചികിത്സ തേടിയെത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വെളുത്തവര്‍ഗ്ഗക്കാരല്ലാത്ത പല സ്ത്രീകളും പല വിധ വിവേചനങ്ങളും നേരിടുന്നുണ്ട്. അതൊരു യാഥാര്‍ത്യമാണ് ഇക്കാലത്തും".
അസാധാരണമായ സൗന്ദര്യമുള്ള സ്ഥലം എന്ന് കേരളത്തെ കുറിച്ച് ട്വീറ്റ് ചെയ്താണ് ഒന്‍യി ലണ്ടനിലേക്ക് മടങ്ങുന്നത്. എന്നാല്‍ ഇവിടുത്തെ പ്രകൃതി ഭംഗിയല്ല മനുഷ്യരാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് ഒന്‍യിയുടെ പക്ഷം. 'ജോണലിസത്തിനോടും എഴുത്തിനോടും വായനയോടുമുള്ള കേരളീയരുടെ താത്പര്യമാണ് ഈ അഭിപ്രായത്തിനു കാരണമെന്നും പറയുന്നു ഒന്‍യി.
Content Highlights: Onyi Nwabineli, survival, literature. mbifl 2024, african british writer, ക, nileena atholi