അന്താരാഷ്ട്ര അക്ഷരോത്സവം: നെരൂദ വിളിക്കുന്നു, 'വരൂ തെരുവുകളിലെ രക്തം കാണൂ...'

തിരുവനന്തപുരം: 'എന്റെ വീട് മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. തകര്ന്ന് തരിപ്പണമായ സ്പെയിനിലെ വീടുകളില്നിന്നു് പൂക്കള്ക്ക് പകരം കത്തുന്ന ലോഹമാണ് ഒഴുകുന്നത്...'- ചോരയും പുകയും നിറഞ്ഞ യുദ്ധത്തിന്റെ മരണമുഖത്തെ തീവ്രമായും ലളിതമായും നെരൂദ കുറിച്ചിട്ടു. പ്രണയകവിതകളില് വസന്തത്തിന്റെ സൗന്ദര്യവും യുദ്ധത്തില് മരണത്തിന്റെ തണുപ്പും പുരട്ടിയ പാബ്ലോ നെരൂദ. 'വസന്തം ചെറിമരത്തോടു ചെയ്യുന്നത് എനിക്ക് നീയുമായി ചെയ്യണം' എന്ന നെരൂദാ വരികളും 'വരൂ, കാണൂ ഈ തെരുവുകളിലെ ചോര' എന്ന ക്ഷണവും ഉള്ളില് പേറിയിരുന്നു, ഒരുകാലത്ത് കേരളത്തിലെയും പ്രണയ-രാഷ്ട്രീയ യൗവനം. ആഹ്ലാദവും വിഷാദവും നിറച്ച കവിതയുടെ ആ കാലം വീണ്ടും കനകക്കുന്നില് ജനിക്കും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില് 'വരൂ ഈ തെരുവുകളിലെ രക്തം കാണൂ' എന്നപേരില് നെരൂദയ്ക്കായി നീക്കിവെക്കുകയാണ് ഫെബ്രുവരി ഒന്പതിന്റെ പകല്.
മറ്റൊരു സെഷനില്, ഗാസയിലെ യുദ്ധമുഖത്തെ സേവനം കഴിഞ്ഞെത്തിയ ഡോ. സന്തോഷ് കുമാര് അനുഭവം പറയുമ്പോള് യുദ്ധത്തിന്റെ രണ്ട് മുഖങ്ങള് മുന്നില് നിറയും.
നെരൂദയുടെ അന്പതാം ചരമവാര്ഷികത്തിന്റെ പശ്ചാത്തലത്തില് അദ്ദേഹത്തിന്റെ കവിതകളുടെയും ആത്മകഥയുടെയും പരിഭാഷ മലയാളത്തിലുണ്ടാക്കിയ തരംഗത്തെ മുന്നിര്ത്തിയാണ് നെരൂദാ സെഷന്. നെരൂദയുടെ കവിതകളിലേക്ക് മലയാളികള്ക്ക് ജാലകം തുറന്നുകൊടുത്ത സച്ചിദാനന്ദനാണ് ഈ വിഷയം നയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഏകാന്തമായ ശ്മശാനങ്ങളെക്കുറിച്ചും യുദ്ധത്തില് തോറ്റുപോയ കുട്ടിയെക്കുറിച്ചുമൊക്കെയുള്ള നെരൂദാ വരികള് മലയാളത്തിന്റേതുകൂടിയാക്കിയത് സച്ചിദാനന്ദനായിരുന്നു.
ഹൃദയത്തെ ആര്ദ്രമാക്കുന്ന പ്രണയം മാത്രമല്ല, പിടിച്ചുലയ്ക്കുന്ന രാഷ്ട്രീയവും അതിലൂടെ ആസ്വാദകര് അറിഞ്ഞു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കെടുതികള് നേരിട്ടുകണ്ട അദ്ദേഹം തന്റെ അമര്ഷവും വേദനയുമൊക്കെ കവിതകളില് പകര്ത്തി. മലയാളികള്ക്കിടയിലും അങ്ങനെ റിപ്പബ്ലിക്കന്സിനോടുള്ള അനുഭാവവും ഫാസിസത്തോടുള്ള എതിര്പ്പും നിറഞ്ഞു. ആ കവിതാചര്ച്ചകളില് മനോജ് കുറൂറും സജയ് കെ.വി.യും സച്ചിദാനന്ദനൊപ്പം ചേരും.
സന്തോഷ് കണ്ടത്- ചോര, പലായനം...
കാലമെത്ര കടന്നാലും സന്ധിയാവാത്ത യുദ്ധം എന്ന മരണക്കളത്തില് നേരിട്ട് സാക്ഷിയാകേണ്ടിവന്ന അനുഭവങ്ങളുമായാണ് ഡോ. എസ്.എസ്. സന്തോഷ് കുമാര് എന്ന തിരുവനന്തപുരം മെഡിക്കല് കോളേജിലെ ഓര്ത്തോ വിഭാഗം തലവന് മാതൃഭൂമി അക്ഷരോത്സവ വേദിയിലെത്തുന്നത്. ഐക്യരാഷ്ട്രസഭ കണ്സോര്ഷ്യത്തിന്റെ ഭാഗമായി ഗാസ യുദ്ധമുനമ്പില് സേവനവുമായെത്തിയ ഡോ. സന്തോഷിന്റെ യുദ്ധാനുഭവങ്ങള്ക്ക് യാഥാര്ഥ്യത്തിന്റെ ചോരനിറമാണ്.
മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്പ്പാലം കടന്ന നാളുകള് അദ്ദേഹം വിവരിക്കും. ഗാസയിലെ ആശുപത്രിക്കെട്ടിടത്തിന് നേരേ ആക്രമണം നടക്കുമ്പോള് ഡോ. സന്തോഷ് ആ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു; സ്വന്തം ജീവന് മറന്ന് മറ്റുള്ളവരുടെ ജീവന് ചേര്ത്തുപിടിച്ച്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്ക്കിടയിലൂടെ ഉഴറി നടക്കുന്നവരെയും പലായനം ചെയ്യുന്ന കുഞ്ഞുങ്ങളെയുമൊക്കെ സേവനകാലങ്ങളില് സുഡാനിലും ലിബിയയിലുമൊക്കെ അദ്ദേഹം ഒരുപോലെ കണ്ടുനിന്നിട്ടുണ്ട്. കനകക്കുന്നിലെ ഈ അനുഭവയാത്രയ്ക്കൊപ്പം മധുപാല് ചേരും.
ഫെബ്രുവരി എട്ടു മുതല് 11 വരെ കനകക്കുന്നില് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയെ ആര്ദ്രമാക്കും ഈ സെഷനുകള്.
Content Highlights: mbifl2024, Pablo Neruda, Mathrubhumi International Festival of Letters