ഇനി കാത്തിരിപ്പ് അടുത്ത 'ക'യ്ക്ക്

നാലുദിവസം ചിന്തയും സംവാദവും കഥയും കവിതയും 'ക' എന്ന ഒറ്റയക്ഷരത്തില്‍ ഒരുക്കിയ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം സമാപിച്ചു. കനകക്കുന്നിറങ്ങി ആള്‍ക്കൂട്ടം പിരിഞ്ഞു. അതിനുമുന്‍പ് അവര്‍ പറഞ്ഞു: 'അടുത്ത 'ക'യില്‍ കാണാം'. അതിനായി ഒരുവര്‍ഷത്തെ കാത്തിരിപ്പ്.
വ്യാഴാഴ്ച മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്ത സര്‍ഗാത്മകതയുടെ മഹാസമ്മേളനം ഞായറാഴ്ച വൈകീട്ട് എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്രഗുഹയുടെ വാക്കുകളിലാണ് പൂര്‍ണമായത്. ഇത്രയും ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയവര്‍ കേരളത്തിന്റെ കണ്ണും കാതും കനകക്കുന്നിലേക്ക് എത്തിച്ചു. പത്തു വേദികള്‍, മുന്നൂറോളം സെഷനുകള്‍, 400-ലധികം പ്രഭാഷകര്‍. ബഹുസ്വരത എന്ന വിഷയത്തെ സാര്‍ഥകമാക്കി ആശയങ്ങളിലും വാക്കുകളിലും വൈവിധ്യം നിറഞ്ഞു.
ഇക്കിഗായിയുടെ എഴുത്തുകാരന്‍ ഫ്രാന്‍സെക് മിറാലെസ് മുതല്‍ ഈജിപ്തില്‍നിന്ന് മന്‍സൂറ എസല്‍ദിന്‍ വരെ. എസ്. സോമനാഥും സാക്ഷിമാലിക്കും തുടങ്ങി മാ ആനന്ദ് ഷീല വരെയെത്തുന്ന പട്ടിക.
കേരളത്തില്‍നിന്ന് ടി. പദ്മനാഭനില്‍ തുടങ്ങി എം. മുകുന്ദനിലൂടെയും പ്രൊഫ. വി. മധുസൂദനന്‍നായരിലൂടെയും എഴുത്തിലെ ഏറ്റവും പുതുതലമുറയിലേക്ക് പടര്‍ന്നേറിയ അക്ഷരശാഖകള്‍. ബേസില്‍ ജോസഫും ധ്യാന്‍ ശ്രീനിവാസനും നീരജ് മാധവും മലയാളസിനിമയുടെ ഏറ്റവും പുതിയ കാലത്തെ അടയാളപ്പെടുത്തിയപ്പോള്‍ സമുദ്രക്കനിയെപ്പോലുള്ളവര്‍ മറ്റിടങ്ങളില്‍നിന്ന് വന്നു. അങ്ങനെ അക്ഷരാര്‍ഥത്തില്‍ ബഹുസ്വരമായിരുന്നു ഇക്കുറി 'ക'.
ഇനി കൂടുതല്‍ വൈവിധ്യത്തോടെ വര്‍ണങ്ങളോടെ അടുത്തവര്‍ഷം. അതുവരെ 'ക' എന്ന കിനാവ് ഉള്ളില്‍ ഒരു കൗതുകം.
Content Highlights: mbifl2024, Mathrubhumi international festival of letters concludes