ചലനം,ലക്ഷ്യം,ഊര്‍ജം,വിജയം...പല തലങ്ങളുള്ള മുദ്രയായി മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരശില്പം

തിരുവനന്തപുരം: ചരിത്രാതീത കാലത്തെ ഗുഹാചിത്രങ്ങളില്‍നിന്ന് ഇറങ്ങിവന്നൊരു കുതിര. കലയുടെയും വിജയത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ ഭൂമികകള്‍ ഓടിക്കടന്ന് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പുരസ്‌കാരത്തിന്റെ രൂപംപൂണ്ട് ആ അശ്വം മെരുങ്ങിനില്‍ക്കുന്നു.
അക്ഷരോത്സവത്തിലെ 'ബുക്ക് ഓഫ് ദി ഇയര്‍' പുരസ്‌കാര ശില്പമായ വെളുത്ത കുതിര രൂപകല്പന ചെയ്ത പ്രശസ്ത കലാകാരന്‍ റിയാസ് കോമു ഇതിലൂടെ പങ്കുവെക്കുന്നത് പല ആശയങ്ങളും കാലവും നിറഞ്ഞ ബിംബം.
വെളുത്ത കുതിരയുടെ തലയുടെ രൂപത്തിലുള്ള ശില്പം ഒരുപാട് ബിംബങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ശില്പി റിയാസ് കോമു പറഞ്ഞു. ഇന്ത്യന്‍ കലാചരിത്രത്തില്‍ത്തന്നെ കുതിരയ്ക്ക് ഏറെ പ്രധാന്യമുണ്ട്. ഏറ്റവും പഴക്കംചെന്ന ഗുഹാചിത്രങ്ങളില്‍പ്പോലും ഇവ കാണാം. സൂര്യന്റെ വാഹനമായി കല്‍പ്പിക്കപ്പെടുന്നത് ഏഴ് കുതിരകള്‍ തെളിക്കുന്ന അശ്വവാഹനമാണ്. പല കാലങ്ങളിലെ ചിന്തകരെയും എഴുത്തുകാരെയും പ്രചോദിപ്പിച്ചിട്ടുള്ള കുതിര പ്ലേറ്റോയ്ക്ക് തെളിഞ്ഞ ബോധത്തിന്റെ പ്രതീകമായിരുന്നു.
ഹീബ്രു ഭാഷയില്‍ അശ്വത്തിന് അര്‍ഥം 'വിവരിക്കേണ്ടത്' എന്നാണെങ്കില്‍ ജിപ്സി ഭാഷയില്‍ 'മനസ്സിനെ'യും അറബിയില്‍ 'ജ്ഞാന'ത്തെയും സൂചിപ്പിക്കുന്നു. സാര്‍വലൗകികമായി ചലനം, ലക്ഷ്യം, ഊര്‍ജം, വിജയം ഇവയെയൊക്കെ കുതിര ഓര്‍മിപ്പിക്കും. കടിഞ്ഞാണ്‍ മനോനിയന്ത്രണവുമായി ബന്ധപ്പെടുന്നു. ഇങ്ങനെ പല തലങ്ങളുള്ള മുദ്രയാണ് വെളുത്ത കുതിരയുടെ തല.
ശില്പവും രണ്ടുലക്ഷം രൂപയുമടങ്ങുന്ന ഈ വര്‍ഷത്തെ ബുക്ക് ഓഫ് ദി ഇവര്‍ പുരസ്‌കാരം മഹാരാഷ്ട്രയില്‍നിന്നുള്ള എഴുത്തുകാരി ദേവിക രേഗെയുടെ 'ക്വാര്‍ട്ടര്‍ ലൈഫി'നായിരുന്നു. വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളെ വിമര്‍ശിക്കുന്ന 'ക്വാര്‍ട്ടര്‍ ലൈഫ്' എട്ടുവര്‍ഷത്തെ ശ്രമങ്ങള്‍ക്കും തടസ്സങ്ങള്‍ക്കുമൊടുവിലാണ് ദേവിക പൂര്‍ത്തിയാക്കിയത്. ഏറെ വെല്ലുവിളികള്‍ കടന്നാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കാനായത്.
Content Highlights: Mathrubhumi Book of the Year Award Sculpture, Riyas Komu,