'കാടിന്റെ ആരോഗ്യം പ്രധാനം, കൊന്നൊടുക്കല്‍ ഒരു ശരിയായ രീതിയല്ല'

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ച ചെയ്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം. കാടിറങ്ങുന്ന കടുവ, നടുറോഡില്‍ കബാലി എന്ന വിഷയത്തില്‍ അഡീഷണല്‍ ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. പ്രമോദ് കൃഷ്ണന്‍, വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സണ്ണി പൈക്കട എന്നിവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ മുന്നോട്ട് വെച്ചു. ഇ. കുഞ്ഞികൃഷ്ണന്‍ മോഡറേറ്ററായിരുന്നു.
കാടിന്റെ ആരോഗ്യം പ്രധാനം- ഡോ. പ്രമോദ് കൃഷ്ണന്‍
മനുഷ്യ-വന്യജീവി സംഘര്‍ഷം നിരന്തരമായി നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. അത് കൂടിയിട്ടുണ്ടോ, കുറഞ്ഞിട്ടുണ്ടോ എന്ന് ആധികാരികമായി നമുക്ക് പറയാന്‍ സാധിക്കില്ല. പക്ഷേ ഒന്ന് സുനിശ്ചിതമാണ്, ഇതിന്റെ റിപ്പോര്‍ട്ടിങ് വല്ലാതെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് സിസിടിവി ക്യാമറ വരുന്ന കാലഘട്ടത്തിൽ ഭീകരമായി ഇതിന്റെ റിപ്പോര്‍ട്ടിങ് കൂടുന്നു. പക്ഷേ ഇതുകൊണ്ട് മനുഷ്യന് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ലഘൂകരിച്ച് കാണുന്നില്ല. ആര്‍ക്കും ഒരു ഉപദ്രവം ഉണ്ടാകരുതെന്നും ഒരു കൃഷിപോലും നശിച്ചു കാണരുതെന്നും തന്നെയാണ് ആഗ്രഹം.
വന്യജീവികളുടെ എണ്ണത്തില്‍ മാറ്റമുണ്ട്. അത് താണും പൊങ്ങിയുമിരിക്കുന്നു. അനിയന്ത്രിതമായ രീതിയിലെന്ന് വിളിക്കാവുന്ന വര്‍ദ്ധനവ് എന്ന നിലയിലേക്ക് ഒരു വന്യജീവികളുടെ എണ്ണവും പറയാന്‍ പറ്റില്ല. പക്ഷേ എന്നിരുന്നാലും പണ്ടത്തെപ്പോലെ വേട്ടയാടപ്പെടുന്നില്ല എന്നത് സത്യമായ കാര്യമാണ്. അത് ശരിക്കും ശ്ലാഘനീയമാണ്. നമുക്ക് എത്ര ശതമാനം കാടുണ്ട് എന്നതിനേക്കാള്‍, കാണേണ്ടത് കാടിന്റെ ആരോഗ്യത്തേക്കുറിച്ചാണ്.
ആനയും കടുവയും പ്രധാനം-ഡോ. അരുണ്‍ സക്കറിയ
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മനുഷ്യന്റെ സംസ്‌കാരം തുടങ്ങിയ കാലം മുതല്‍, കൃഷി ഉണ്ടായപ്പോള്‍ മുതല്‍ ഉണ്ടായ ഒന്നാണിത്. കാടാണ് ജീവിതത്തിന്റെ അടിസ്ഥാനം, പക്ഷ അതിന്റെ ദോഷവശങ്ങള്‍ അനുഭവിക്കുന്നത് അടുത്ത് താമസിക്കുന്നവരാണ്. ആനയും കടുവയും ഇല്ലെങ്കില്‍ ആവാസവ്യവസ്ഥ തെറ്റും, കാടുണ്ടാകില്ല.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം എളുപ്പമുള്ള കാര്യമല്ല. ഓരോ സ്പീഷീസിലും ഓരോ രീതികളാണ്. കടുവ ഉണ്ടാക്കുന്ന പ്രശ്‌നമല്ല, ആനയുണ്ടാക്കുന്നത്. വയനാട്ടില്‍ വരുന്ന കടുവകളില്‍ 80 ശതമാനവും മുറിവ് പറ്റിയ കടുവകളാണ്. അത്തരത്തില്‍ ഇറങ്ങുന്ന കുടവകള്‍ക്ക് ഒരു എക്കോളജിക്കല്‍ വാല്യു ഇല്ല. മയക്കുവെടി വെച്ച് പിടിച്ച് സംരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ഒരു തരം കള്ളിങ് തന്നെയാണ്. അതിന് കാടിനുള്ളില്‍ ഫലപ്രദമായി ഒന്നും ചെയ്യാനാകില്ല. വെറുതേ വെടിവെച്ച് കൊല്ലുന്നത് ശരിയല്ല. അതേസമയം സംരക്ഷണം കൊണ്ട് ഗുണമില്ലാത്തവയെ കണ്ടെത്തി മാറ്റാവുന്നതാണ്.
സംഘര്‍ഷത്തിന്റെ വ്യാപ്തി കൂടുന്നു-സണ്ണി പൈകട
വന്യജീവി ആക്രമണം പണ്ടുമുതലേയുണ്ട് എന്ന തിയറി അംഗീകരിക്കുന്നില്ല. ഇപ്പോള്‍ അതിന്റെ വ്യാപ്തി കൂടുകയാണ്. മലയോരത്ത് കടുവയും ആനയും പുലിയും മാത്രമല്ല, കുരങ്ങും പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഇത് വലിയ തോതില്‍ നിരന്തരം കര്‍ഷകരെ ബാധിക്കുന്ന ഒരു പ്രശ്‌നമായിരിക്കുന്നു. ഇതിന്റെ വ്യാപ്തി പലമടങ്ങ് വര്‍ധിച്ചു. ചില ജീവികളുടെ എണ്ണം കുറയ്ക്കാന്‍ പെട്ടന്ന് തന്നെ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഏത് മേഖലയിലാണ് ബാധിച്ചിരിക്കുന്നതെന്ന് മനസിലാക്കി കുരങ്ങ് പോലുള്ള ജീവികളെ ജനങ്ങള്‍ക്ക് തന്നെ വിരട്ടിയോടിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം. നശിപ്പിക്കല്‍ മാത്രമല്ല, അവയെ അകറ്റിനിര്‍ത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്.
Content Highlights: Pramod G Krishnan, dr arun sakariya, mbifl 2023