ബ്രയാൻ എപ്സ്റ്റെയ്ൻ പറഞ്ഞു; ദയവായി ഈ ചെറുക്കന് ഒരു ഇന്റര്‍വ്യൂ കൊടുക്കണം

ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണായിരുന്നു കബിര്‍ ബേദി. ആകാരവും ശബ്ദവും കൊണ്ട് ഇന്ത്യന്‍ മനസുകളെ കീഴടക്കിയ ബേദി പണ്ടൊരു അഭിമുഖത്തിനുവേണ്ടി ഓടിനടന്ന രസകരമായ കഥയുണ്ട്. അഭിമുഖം നടത്താന്‍ പോയത് മറ്റാരുടേതുമല്ല. സാക്ഷാല്‍ ബീറ്റില്‍സിന്റെ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ ബേദി മാതൃഭൂമി ഡോട്ട് കോമിനോട് ആ കഥ പറയുകയാണ്.
"ഡല്‍ഹി ഓള്‍ ഇന്ത്യയില്‍ ജോലി ചെയുന്ന സമയം, ലോകപ്രശസ്ത ബാന്‍ഡായ ബീറ്റില്‍സ് ഇന്ത്യയിലെത്തി. ബീറ്റില്‍സ് തരംഗമായിരുന്നു അന്ന്. ബീറ്റില്‍സിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ എന്റെ ബോസിനോട് ഞാനൊരു അവസരം ചോദിച്ചു. ഓഫിസില്‍ ആരും ഒരുനിമിഷം ഞാന്‍ പറഞ്ഞത് വിശ്വസിച്ചില്ല.
ഞാന്‍ ഉടനെ ബീറ്റില്‍സിന്റെ മാനേജര്‍ ബ്രയാന്‍ എപ്‌സ്റ്റെയ്‌നെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ കണ്ടുപിടിച്ച് നേരിട്ട് ചെന്ന് പറഞ്ഞു 'ഇന്ത്യന്‍ ഗവണ്മെന്റ് ഇന്ന് രാത്രി പത്തു മണിക്ക് ബീറ്റില്‍സുമായി ഒരു ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന്. അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചു. ബീറ്റില്‍സ് ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും കൊടുക്കാന്‍ പോകുന്നില്ല- അദ്ദേഹം ക്ഷുഭിതനായി. ഉടനെ ഞാന്‍ പറഞ്ഞു, സര്‍ ഇതൊരു ഗവണ്മെന്റ് റേഡിയോ സ്റ്റേഷനാണ്. ഗവണ്മെന്റ് എന്ന കാര്യം ഞാന്‍ സ്ട്രെസ് ചെയ്ത് പറഞ്ഞുകൊണ്ടിരുന്നു. കാരണം അദ്ദേഹത്തിന് അന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരുമായി ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ താല്പര്യമില്ലായിരുന്നു. കുറേ നേരം ഗവണ്മെന്റ് ഗവണ്മെന്റ് എന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഒടുവില്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഇന്റര്‍വ്യൂ തരാന്‍ പറ്റില്ല, ഞാന്‍ എടുക്കാം ഇന്റര്‍വ്യൂ എന്ന്! എനിക്ക് അത് തന്നെ ധാരാളമായിരുന്നു. ബ്രയാന്‍ എപ്‌സ്റ്റെയ്ന്‍ ബീറ്റില്‌സിന്റെ ഇന്റര്‍വ്യൂ എടുക്കുന്നു. അത് എനിക്കൊരു സ്‌കൂപ് ആയിരുന്നു.
അങ്ങനെ ഞാന്‍ വൈകുന്നേരം 7 മണിക്ക് അവരുടെ ഹോട്ടല്‍ റൂമിലെത്തി. കതകില്‍ തട്ടി. കതക് തുറന്ന ഉടനെ അദ്ദേഹം പറഞ്ഞു എനിക്ക് ഈ ഇന്റര്‍വ്യൂ ചെയ്യാന്‍ പറ്റില്ലെന്ന്. അദ്ദേഹം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ ആയിരിക്കും എന്ന് അതുകഴിഞ്ഞ് 3 മാസം കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു.
അദ്ദേഹം എന്റെ മുഖത്ത് നോക്കി കതക് വലിച്ചടച്ചു. ഞാന്‍ അവിടെ തന്നെ കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം കതക് തുറന്നു. ഡ്രസ്സ് ചെയ്ത് റെഡി ആയിരിക്കുന്നു. എന്നിട്ട് ഒബ്‌റോയ് ഹോട്ടലിന്റെ ലോബി വഴി ഉലാത്താന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞ് അതിന്റെ അറ്റത്തുള്ള മുറിയുടെ കതകില്‍ തട്ടി. ഉടനെ ഒരാള്‍ വാതില്‍ തുറന്നു. മാറ്റാരുമല്ല പോള്‍ മക്കാര്‍ട്‌നി! എന്നിട്ട് ഉറക്കെ പറഞ്ഞു.
' പിള്ളേരെ നിങ്ങള്‍ എനിക്കൊരു സഹായം ചെയ്യണം, ദയവായി ഈ ചെറുക്കന് ഒരു ഇന്റര്‍വ്യൂ കൊടുക്കണം. '
ഉടനെ അവര്‍ എന്നെ ബീറ്റില്‌സിന്റെ റൂമിലേക്ക് ക്ഷണിച്ചു. മനോഹരമായൊരു ഇന്റര്‍വ്യൂവും തന്നു. എന്റെ ജീവിതത്തിലെ ഒരു വാവ് മൊമെന്റ് ആയിരുന്നു അത്."
Content Highlights: kabir bedi The Beatles mbifl