അഗത ക്രിസ്റ്റിയുടെ പുസ്തകവുമായി വീടുവിട്ടവള്‍

സെലസ്റ്റ്യൽ ബോഡീസ്.. ഒമാനി കുടുംബത്തിലെ മൂന്നുതലമുറയിലെ സ്ത്രീകളുടെ നിരാശകളും പ്രതീക്ഷകളുമെല്ലാം പങ്കുവെച്ച പുസ്തകം. വൈവാഹിക ജീവിതത്തിലെ മനക്ലേശങ്ങളെ തുറന്നുകാണിച്ച ആ എഴുത്തിന് 2019ല്‍ ലഭിച്ചത് ബുക്കര്‍ പ്രൈസ്. സെലസ്റ്റ്യൽ ബോഡീസിന്റെ എഴുത്തുകാരി ഒമാന്‍ സ്വദേശിയായ ജോക്ക തന്റെ എഴുത്തുജീവിതത്തെ കുറിച്ച് മാതൃഭൂമി അക്ഷരോത്സവത്തില്‍ മനസ്സുതുറന്നപ്പോള്‍
വായനയിലൂടെ എഴുത്തിലേക്ക്..
ഒരുപാട് വായിക്കുന്ന കൂട്ടത്തിലുളള ഒരാളായിരുന്നു ഞാന്‍. അറബിക്കിലേക്ക് മൊഴിമാറ്റം നടത്തിയ നിരവധി കൃതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. 10-ാം നൂറ്റാണ്ടില്‍ അബു അല്‍ഫറഷ് അല്‍ഫസാനി എന്നൊരാള്‍ ബാഗ്ദാദില്‍ ജീവിച്ചിരുന്നു. ബുക്ക് ഓഫ് സോങ്‌സ് എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകമെഴുതിയിട്ടുണ്ട്. പത്താം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ പാടിയിട്ടുളള കഥകളാണ് അതെല്ലാം. അറബിക് ഭാഷയെ കുറിച്ചും സാഹിത്യത്തെ കുറിച്ചുമുളള എന്റെ കാഴ്ചപ്പാടിനെ സ്വാധീനിച്ചതില്‍ ആ പുസ്തകത്തിന് വലിയ പങ്കുണ്ട്. മറ്റു ഭാഷയിലുളള പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നില്ല. ഞങ്ങളുടെ സ്വന്തം ഭാഷയിലുളള കൃതികളുടെ അതേ അളവില്‍ തന്നെ മൊഴിമാറ്റകൃതികള്‍ ഞങ്ങള്‍ക്ക് ലഭ്യമായിരുന്നു. അഗത ക്രിസ്റ്റിയുടെ പുസ്തകളോടുളള ഭ്രമം മൂത്ത് പത്തുവയസ്സുളളപ്പോള്‍ വീട്ടില്‍ നിന്ന് പുസ്തകങ്ങളുമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ആളാണ് ഞാന്‍. കൈയില്‍ കിട്ടിയ പുസ്തകങ്ങളെടുത്ത് ഞാന്‍ അമ്മൂമ്മയുടെ വീട്ടിലേക്ക് ഓടിപ്പോയി. അവിടെ അഗതയ്‌ക്കൊപ്പം ദിവസങ്ങള്‍ ചെലവഴിച്ചു. അറബിക് സാഹിത്യത്തിലായിരുന്നു ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും.
എഴുത്ത് ഗൗരവത്തിലെടുക്കുന്നത്
എഴുത്തിനെ ഗൗരവത്തോടെ കണ്ടുതുടങ്ങുന്നത് എന്നു മുതലാണ് എന്ന് സത്യത്തില്‍ എനിക്കോര്‍മയില്ല. വളരെ നേരത്തേ ഡയറി എഴുതുന്ന സ്വഭാവമുണ്ടായിരുന്നു. കോളേജില്‍ പഠിക്കവേ എന്റെ ചെറുകഥകള്‍ക്ക് സമ്മാനം ലഭിച്ചപ്പോള്‍ ഞാന്‍ വളരെയധികം അത്ഭുതപ്പെട്ടിട്ടുണ്ട്. അതായിരുന്നു എഴുത്തിനുളള പ്രോത്സാഹനം. 2003-ലാണ് ആദ്യനോവല്‍ ഞാനെഴുതുന്നത്. അന്നെനിക്ക് വെറും 25 വയസ്സായിരുന്നു പ്രായം. നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അതിന്റെ ഗൗരവം എനിക്ക് അത്ര മനസ്സിലായിരുന്നില്ല. പക്ഷേ സെലസ്റ്റിയല്‍ ബോഡീസ് ഞാന്‍ ഗൗരവത്തോടെ കണ്ട ഒന്നായിരുന്നു.
പ്രസാധകരെ കണ്ടെത്തുക എളുപ്പമായിരുന്നില്ല
എന്റെ ആദ്യ നോവല്‍ സ്വന്തം കൈയില്‍ നിന്ന് പണംമുടക്കിയാണ് ഞാന്‍ പ്രസിദ്ധീകരിക്കുന്നത്. പക്ഷേ രണ്ടാമത്തെ നോവലിന്റെ സമയത്ത് കൈയില്‍ നിന്ന് പണം മുടക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അഞ്ചുവര്‍ഷമെടുത്താണ് ഞാന്‍ അത് പൂര്‍ത്തീകരിച്ചത്. ആ നോവല്‍ എനിക്ക് പ്രതിഫലം നല്‍കണമെന്ന് ഞാന്‍ കരുതിയിരുന്നു. എഴുത്ത് കഴിഞ്ഞ് ഒരു ഏജന്‍സിയെ ഞാന്‍ സമീപിച്ചു. അവര്‍ക്ക് എന്റെ നോവല്‍ ഇഷ്ടപ്പെട്ടു. 2010-ല്‍ അതിന് മികച്ച ഒമാനി നോവലിനുളള പുരസ്‌കാരം ലഭിച്ചു.
പക്ഷേ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോള്‍ പ്രസാധനം അത്ര എളുപ്പമായിരുന്നില്ല. മേരിലിന്‍ ബൂത്ത് ആയിരുന്നു എന്റെ നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. അവര്‍ പരിഭാഷപ്പെടുത്തി കഴിഞ്ഞതോടെ ലണ്ടനിലെ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ എന്റെ പുസ്തകം ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചു. എനിക്ക് വേണ്ടി പ്രസാധകരെ അന്വേഷിക്കാമെന്ന് പറഞ്ഞു. ചില പ്രസാധകര്‍ തങ്ങളുടെ വായനക്കാരെ വിശ്വസിക്കില്ല. വാര്‍ത്തകളില്‍ കാണുന്നത് മാത്രമാണ് വായനക്കാര്‍ക്ക് വേണ്ടതെന്ന് അവര്‍ കരുതും. ഇറാന്‍, ഇറാഖ് അവിടങ്ങളില്‍ നിന്നുളളത് മാത്രമേ വായിക്കപ്പെടൂ എന്നാണ് അവര്‍ കരുതുന്നത്. ഒമാനില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രം ഒന്നുമില്ലെന്നും അതിനാല്‍ അവിടെ നിന്നുളളത് വായിക്കപ്പെടില്ലെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് തുടക്കത്തില്‍ പ്രസാധകരെ കിട്ടാന്‍ അല്പം പണിപ്പെട്ടു. 2018-ലാണ് സ്‌കോട്ട്‌ലന്‍ഡിലെ പ്രസാധകര്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി തയ്യാറായി മുന്നോട്ട് വരുന്നത്. സെലസ്റ്റിയല്‍ ബോഡി മൊഴിമാറ്റപ്പെട്ടത് 24 ഭാഷകളിലാണ്. മലയാളം ഉള്‍പ്പടെ.
അറബിക് സാഹിത്യം
ഞാന്‍ നേരത്തേ പരാമര്‍ശിച്ച ബുക്ക് ഓഫ് സോങ്‌സ് ഒരു മികച്ച ഉദാഹരണമാണ്. ഇപ്പോഴത്തെ സാഹിത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ അത് തുറന്നെഴുത്തിന്റെ ഒരു പുസ്തകമാണ്. ഹോമോസെക്ഷ്വാലിറ്റിയെ കുറിച്ചെല്ലാം അതില്‍ എഴുതിയിട്ടുണ്ട്. ഇന്ന് ആളുകള്‍ തുറന്നെഴുതാന്‍ ഭയപ്പെടുന്നതാണ് അതെല്ലാം. അന്നത്തെ കാലത്ത് അത്തരം എഴുത്തുകള്‍ക്ക് സ്വീകാര്യതയുണ്ടായിരുന്നു.
ചരിത്രത്തിലേക്ക് നോക്കിയാല്‍ ഒരു തുറന്ന സാഹിത്യമായിരുന്നു അറബിക് എന്ന് മനസ്സിലാകും. പക്ഷേ അതിനര്‍ഥം എഴുത്തുകാര്‍ യാതൊരുതലത്തിലുളള പ്രശ്‌നങ്ങളും നേരിടുന്നില്ലെന്നല്ല. അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം സോഷ്യല്‍ മീഡിയയാണ്. മുഴുവന്‍ വായിക്കാതെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പോസറ്റ് ചെയ്യും. അത് ചര്‍ച്ച ചെയ്യപ്പെടും.
1700 വര്‍ഷങ്ങള്‍ പഴക്കമുളള ഒന്നാണ് അറബിക് സാഹിത്യം എന്നുപറയുന്നത്. അന്ന് എഴുതപ്പെട്ട കവിതകളും കഥകളുമാണ് ഇപ്പോഴും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് മനസ്സിലാക്കാന്‍ ചിലപ്പോള്‍ ഡിക്ഷണിയുടെ സഹായം എല്ലാം വേണ്ടി വരുമെങ്കിലും അതെല്ലാം മഹത്തരമായ സൃഷ്ടികളാണ്.
ഒമാനില്‍ സാഹിത്യം എന്നു പറയുന്നത് ജീവിതത്തിന്റെ ഭാഗമാണ്. എന്റെ മുത്തച്ഛന്‍ വളരെ പേരുകേട്ട ക്ലാസിക്കല്‍ കവിതകളുടെ രചയിതാവായിരുന്നു. അദ്ദേഹം ഒരിക്കലും വീട്ടില്‍ സ്വാഭാവികമായി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. എനിക്ക് 17 വയസ്സുളളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹം സ്വാഭാവികമായി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം എല്ലായ്‌പ്പോഴും കവിതകളിലൂടെയാണ് സംസാരിക്കാറുളളത്. ക്ലാസിക്കല്‍ കവിതകളിലൂടെ..
വിദ്യാഭ്യാസം നേടിയിട്ടുളള സ്ത്രീയും പുരുഷനുമെല്ലാം ക്ലാസിക്കല്‍ കവിതകള്‍ ചൊല്ലുമായിരുന്നു. ആരെങ്കിലും മരണപ്പെടുകയാണെങ്കില്‍ അവരുടെ വീട്ടില്‍ ഈ കവിതകള്‍ ചൊല്ലുമായിരുന്നു. എന്തെങ്കിലും ക്ഷണം ലഭിക്കുമ്പോള്‍ അതിന് നന്ദി പറഞ്ഞിരുന്നത് കവിതകളിലൂടെയായിരുന്നു. ഇന്ന് ഇത്തരം കാര്യങ്ങളെല്ലാം ഇല്ലാതായി ആളുകളുടെ താല്പര്യം മറ്റു പലതുമായി. ഒരു സാഹിത്യ കുടുംബത്തില്‍ ജനിച്ചതിനാല്‍ ഇത്തരം പലകാര്യങ്ങളും എന്റെ ജീവിതത്തില്‍ നേരിട്ട് അനുഭവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. നോവലുകളിലേക്ക് വരികയാണെങ്കില്‍ ധാരാളം അറബ് എഴുത്തുകാര്‍ ഇന്ന് നോവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീ നോവലിസ്റ്റുകളും നിരവധിയുണ്ട്.
ആ നാരങ്ങയ്ക്ക് മധുരമാണ് കയ്പല്ല
ഓറഞ്ചിനെ നാരഞ്ച എന്നാണ് അറബിക്കില്‍ പറയുന്നത്. എനിക്ക് തോന്നുന്നു മലയാളത്തിലും സമാനമായ ഒരു പദമാണ് ഓറഞ്ചിനെ വിളിക്കാറുളളത്. യുകെയലേക്ക് പഠിക്കാന്‍ പോയ ഒരു പെണ്‍കുട്ടിയുടെ കഥയാണ് അത്. അവിടെ അവള്‍ സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. അപ്പോഴാണ് തന്റെ മരിച്ചുപോയ മുത്തശ്ശി തന്നെ സ്വാധീനിച്ചത് എത്രത്തോളമാണ് എന്ന് അവര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് അവള്‍ തന്റെ ജീവിതത്തെ കരുത്തോടെ അഭിമുഖീകരിക്കുകയാണ്.
കേട്ട കഥകളും കാര്യങ്ങളും നോവലാകുമ്പോള്‍
എന്നെ ആകര്‍ഷിക്കുന്ന എന്റെ ശ്രദ്ധ കവരുന്ന കാര്യങ്ങളാണ് ഞാന്‍ ചിന്തിക്കാറുളളത്. എന്റെ മുത്തച്ഛന്‍ ഒരു സാഹിത്യകാരനായിരുന്നു. നിരവധി ആളുകളാണ് വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നത്. അസാധാരണമായ പലതരത്തിലുളള പുരുഷന്മാരെയും സ്ത്രീകളെയും എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവര് എന്റെ വീട്ടിലിരുന്ന കഥകള്‍ പറയും. അവരിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, മനസ്സിലാക്കി, കഥകള്‍ കേട്ടു. എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കേട്ട ആ കാര്യങ്ങളെ എനിക്ക് ആശ്രയിക്കേണ്ടതായി മാത്രമേ വന്നിട്ടുളളൂ. ഒമാനില്‍ ഒരുപാട് ചരിത്രഗ്രന്ഥങ്ങള്‍ ഇല്ല. ബ്രിട്ടീഷ് ലൈബ്രറിയില്‍ പോയാണ് ചിലകാര്യങ്ങള്‍ മനസ്സിലാക്കി. പിന്നെ സര്‍ഗാത്മകമായ ചിന്തകളും..
ചെറുകഥകള്‍ക്കായുളള വിഷയങ്ങള്‍
എന്റെ ചെറുകഥകള്‍ സാമൂഹിക മാറ്റങ്ങളെ കറിച്ചും സ്‌നേഹത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും തിരഞ്ഞെടുക്കാനുളള നമ്മുടെ അധികാരത്തെ കുറിച്ചുമെല്ലാം ഉളളതാണ്. സ്‌നേഹത്തെ കുറിച്ചും മരണത്തെ കുറിച്ചുമാണ് കൂടുതലും ഞാന്‍ എഴുതാറുളളത്.
കുട്ടികളുടെ സാഹിത്യം
എനിക്ക് കുട്ടികളുടെ പുസ്തകങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ കുട്ടികള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഇപ്പോഴും കുട്ടികള്‍ക്കുളള പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്ന ആളാണ് ഞാന്‍. അത് എന്തുമനോഹരമാണ് അതുകൊണ്ട് എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിയാറില്ല. ബാലസാഹിത്യം വളരെ ബുദ്ധിമുട്ടേറിയതാണ് എന്ന് എനിക്ക് എന്റെ ആദ്യത്തെ കൃതി എഴുതുന്നത് വരെ അറിയുന്നുണ്ടായിരുന്നില്ല.
എന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഞാന്‍ അത് പൂര്‍ത്തിയാക്കിയത്. അവരോട് ഞാനെന്റെ കഥകള്‍ പറഞ്ഞു. അവര്‍ വിദഗ്ധരൊന്നുമല്ല. പക്ഷേ ഞങ്ങള്‍ ഒന്നിച്ച് അത് ചെയ്തു. എന്റെ കഥകള്‍ക്ക് അവര്‍ ഇല്ലസ്‌ട്രേഷന്‍ ചെയ്തു. എന്റെ വിദ്യാര്‍ഥികളോട് എനിക്ക് വലിയ സ്‌നേഹമാണ്.
ഏറ്റവും വിലമതിക്കുന്ന ആദ്യ പുരസ്‌കാരം
എനിക്ക് 18-19 വയസ്സുളളപ്പോഴാണ് എന്റെ ചെറുകഥയ്ക്ക് ഞാന്‍ പഠിച്ചിരുന്ന സര്‍വകലാശാലയില്‍ നിന്ന് നല്ല ചെറുകഥയ്ക്കുളള പുരസ്‌കാരം ലഭിക്കുന്നത്. അതാണ് എനിക്ക് എഴുത്തില്‍ ആദ്യം ലഭിക്കുന്ന പുരസ്‌കാരം. ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടന്നറിഞ്ഞപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നിയിരുന്നു. അതിനുശേഷം സെലസ്റ്റിയല്‍ ബോഡീസ് എന്ന എന്റെ കൃതിക്ക് ഒമാനിലും അറബ് ലോകത്തിലും അംഗീകാരം ലഭിച്ചതോടെ ഞാന്‍ വളരെയധികം സന്തോഷത്തിലായി.
ഇന്ത്യന്‍ സാഹിത്യവും ഏറെ പ്രിയം
ഇന്ത്യന്‍ സാഹിത്യത്തില്‍ ഒരുപാട് വായിച്ചിട്ടുണ്ട്. കൃതികളുടെ പേര് കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും കഥകള്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട്. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എനിക്ക് വളരെ ഇഷ്ടമുളള ഒന്നാണ്. അനിത ദേശായി, അവരുടെ മകള്‍ കിരണ്‍ ദേശായി, വിക്രം സേഠ് തുടങ്ങി നിരവധി പേരുടെ വായിച്ചിട്ടുണ്ട്. മലയാളത്തില്‍ രാമനുണ്ണി എഴുതിയ സൂഫി പറഞ്ഞ കഥ അറബിക്കിലേക്ക് മൊഴിമാറ്റം ചെയ്തത് എന്റെ അമ്മായിയാണ്. അതും ഞാന്‍ വായിച്ചിട്ടുണ്ട്.
ക്ലാസിക്കല്‍ അറബിക് സാഹിത്യത്തില്‍ നിരവധി പുസ്തകങ്ങള്‍ ഇന്ത്യയെ കുറിച്ച് പറയുന്നത് എഴുതപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെത്തിയ യാത്രക്കാരെ കുറിച്ചുളള പുസ്തകങ്ങള്‍ ഉണ്ട്. ഇന്നത്തെ ദിവസത്തില്‍ എനിക്ക് പറയാനുളളത് എന്റെ അമ്മായിയുടെ എഴുത്തിനെ കുറിച്ചാണ്. റൈറ്റേഴ്‌സ് ബ്ലോക്ക് വന്ന് എഴുതാന്‍ കഴിയാതെ പോയ ഒരാള്‍ പ്രചോദനത്തിനായി ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ കുറിച്ചാണ് ആ പുസ്തകം.
Content Highlights: jokha al harthi's session in mbifl